പാളം മുറിച്ചു കടക്കാന്‍ വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്നതടക്കമുള്ള വഴികള്‍ അടച്ച് റെയില്‍വേ, സ്ലാബുകളും പലയിടങ്ങളില്‍ നിന്ന് നീക്കി; വഴികള്‍ തടസപ്പെടുത്തുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെക്കുന്നു


കൊയിലാണ്ടി: റെയില്‍വേ ലൈന്‍ മുറിച്ചു കടക്കാനുള്ള പ്രധാന വഴികള്‍ റെയില്‍വേ എഞ്ചിനിയറിങ് വിഭാഗം തടസപ്പെടുത്തുന്നത് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിന് വഴിവെക്കുന്നു. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴഇല്‍ മംഗലാപുരം വരെയുള്ള റെയില്‍പ്പാളത്തിലേക്കുള്ള എല്ലാ വഴികളും ഒഴിവാക്കാനുള്ള റെയില്‍വേയുടെ തീരുമാനമാണ് നാട്ടുകാര്‍ക്ക് യാത്രാദുരിതം സമ്മാനിക്കുന്നത്.

കൊയിലാണ്ടി മേഖലയിലെ പലയിടത്തും നിലവിലെ വഴികള്‍ ഒഴിവാക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. ചില സ്ഥലങ്ങളില്‍ നാട്ടുകാരും റെയില്‍വേ തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിനും ഇത് വഴിവെക്കുന്നുണ്ട്.

റെയില്‍വേ വഴിയടച്ചതോടെ റെയില്‍വേ ഓരത്തുളള നിരവധി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ചാല്‍ മാത്രമേ വീട്ടില്‍ പോകാനാവൂവെന്ന അവസ്ഥയാണ്. പാളത്തിന് തൊട്ടടുത്തായുള്ള വീട്ടുകാരുടെയും സ്ഥിതി ഇതാണ്.

റെയില്‍പ്പാളം മുറിച്ചുകടക്കുന്നിടത്തെ സ്ലാബുകളും ചവിട്ടുപടികളും മാത്രമല്ല റെയില്‍ പാളത്തിന് അടുത്തുള്ള വഴികളെ സ്ലാബുകള്‍ വരെ ഒഴിവാക്കുന്നുണ്ട്. കൊല്ലം യു.പി സ്‌കൂളിനടുത്ത് റോഡിലേക്കുള്ള ഓവുചാലിന്റെ സ്ലാബ് ഒഴിവാക്കിയതോടെ ചെറിയ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥയായി.

പയ്യോളി ടൗണിന്റെ തെക്കുഭാഗം പി.ടി.ഉഷയുടെ വീടിന് അടുത്തുള്ള വഴിയിലെ പടികളെല്ലാം എടുത്തുമാറ്റി. അയനിക്കാട് പള്ളിയുടെ പടിഞ്ഞാറ് ഭാഗത്തും കുറ്റിയില്‍ പീടികക്ക് സമീപവും 24ാം മൈല്‍സിലും അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപവുമുള്ള പടികളും ചെറുപാലങ്ങളുമെല്ലാം ഇതിനകം നീക്കി കഴിഞ്ഞു.

കാലങ്ങളായി ഉപയോഗിച്ചുവരുന്ന വളരെ പ്രധാനപ്പെട്ട വഴികള്‍ റെയില്‍വേ അധികൃതര്‍ അടച്ചതോടെ പലയിടത്തും നാട്ടുകാര്‍ക്ക് യാത്ര ദുരിതമായിട്ടുണ്ട്. വിദ്യാര്‍ഥികളടക്കം നിരവധി പേരെയാണ് ഇത് ബാധിക്കുന്നത്.