വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടക്കും, പത്തിലേറെ മോഷണം; കൊയിലാണ്ടി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ പിടിയിൽ


കോഴിക്കോട്: കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലെ മോഷണ കേസുകളിലെ പ്രതിയായ തിരുവനന്തപുരം സ്വദേശി ഒടുവിൽ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര ആര്യനാട് വടയാരപുത്തൻ വീട് മണികണ്ഠൻ (36) ആണ് അറസ്റ്റിലായത്. പന്നിയങ്കര പൊലീസ് ആണ് ഇയാളെ കല്ലായി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പിടികൂടിയത്.

വീടുകളുടെയും കടകളുടെയും മേൽക്കൂര പൊളിച്ച് അകത്ത് കടന്ന് മോഷണം നടത്തുന്നതാണ് മണികണ്ഠന്റെ രീതി. ഇയാൾ കോഴിക്കോട് ടൗൺ, എലത്തൂർ, കൊയിലാണ്ടി എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകളും പന്നിയങ്കര പൊലീസ് സ്റ്റേഷനിൽ രണ്ട് കേസും, തൃശ്ശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ഏഴ് കേസ്സുകളും ആലപ്പുഴ നോർത്ത് പൊലീസ്, പാലക്കാട് ടൗൺ നോർത്ത് പൊലീസ്, കൊല്ലം ഇരവിപുരം പൊലീസ് എന്നീ സ്റ്റേഷനുകളിൽ ഓരോ കേസുകളിലും ഉൾപ്പെട്ടയാളാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പന്നിയങ്കര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശംഭുനാഥ്.കെ, സബ്ബ് ഇൻസ്പെക്ടർ മുരീധരൻ.കെ. സബ്ബ് ഇൻസ്പെക്ടർ ഷാജി.വി, എ.എസ്.ഐമാരായ ബിജു എം, ബാബു, എസ്.സി.പി.ഒ. പദ്മരാജ്, സുജിത്ത് മനോജ് കുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Summary: Robbery case:The accused who committed thefts at various places including Koyilandy was finally arrested