ഈ റോഡിൽ നടന്നു പോകാൻ പറ്റില്ല, ചാടി കടക്കണം; കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടിപൊളിച്ചു, ഇപ്പോൾ വെള്ളക്കെട്ടായി കൊയിലാണ്ടി ഗേൾസ് സ്കൂളിന് മുന്നിലെ റോഡ്


കൊയിലാണ്ടി: ഈ റോഡ് എളുപ്പത്തിൽ മുറിച്ചു കടക്കാമെന്നു വിചാരിക്കേണ്ട, കുറച്ച് അഭ്യാസമൊക്കെ അറിഞ്ഞിരിക്കണം. നടന്നു പോകാൻ പറ്റില്ല പകരം ചാടി കടക്കണം. കുടിവെള്ള പദ്ധതിക്കായി റോഡ് വെട്ടി പൊളിച്ചതോടെയാണ് പന്തലായനി ഹയർ സെക്കന്ററി സ്കൂളിലേക്ക് (പഴയ ഗേൾസ് സ്കൂൾ) പോകുന്ന യാത്ര ദുസ്സഹമായത്. കൊയിലാണ്ടി ദേശീയപാതയിൽനിന്നുള്ള റോഡ് ആണിത്.

മഴ തുടങ്ങിയതോടെ വിദ്യാർത്ഥികൾക്കും, കാൽനടയാത്രക്കാർക്കും ഒരേ പോലെ ദുരിത പാത വെട്ടിയിരിക്കുകയാണീ റോഡ്. മഴ തുടങ്ങുമ്പോൾ തന്നെ ഇവിടെ വെള്ളം കെട്ടി നില്ക്കാൻ തുടങ്ങും. കാൽനടയാത്രക്കാർക്ക് മാത്രമല്ല ഇരുചക്ര വാഹനങ്ങളിലെ യാത്രക്കാർക്കും ഇത് ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ട്. പലരുടെയും ഇരുചക്രവാഹനങ്ങൾ പഞ്ചറായാതായും പരാതിയുണ്ട്.

വർഷങ്ങൾ കഴിഞ്ഞിട്ടും ഇതിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല. ബുദ്ധിമുട്ട് രൂക്ഷമായതോടെ റോഡ് ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.