എലത്തൂരില്‍ ബസ് മറിഞ്ഞുള്ള അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി; സവേര ബസ്സിലെ ജീവനക്കാരെ ആദരിച്ച് ബസ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍


കൊയിലാണ്ടി: എലത്തുര്‍ പെട്രോള്‍ പമ്പിനു സമീപം കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ട ബസ് യാത്രക്കാരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച സ്വകാര്യ ബസ് ജീവനക്കാരെ ആദരിച്ചു. സി.ഐ.ടി.യു തൊഴിലാളികളായ ഡ്രൈവര്‍ രഞ്ജിത്ത്, കണ്ടക്ടര്‍ ബിജു, ക്ലീനര്‍ പ്രജി തുടങ്ങിയ ജീവനക്കാരെയാണ് ആദരിച്ചത്.

കോഴിക്കോട്-മേപ്പയ്യുര്‍ റൂട്ടിലോടുന്ന സവേര ബസ്സിലെ ജീവനക്കാരെ ബസ്സ് എഞ്ചിനീയറിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ വെച്ചാണ് ആദരിച്ചത്. അപകടത്തില്‍പ്പെട്ട ബസിന് തൊട്ടുപിന്നിലായിരുന്നു സവേര ബസുണ്ടായിരുന്നത്. ഈ ബസിലെ ജീവനക്കാര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തി അപകടത്തില്‍പ്പെട്ടവരെ ബസ്സിനടിയില്‍ നിന്നും എടുത്ത് കുറേയധികം പേരെ ഇതേ ബസില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു.

അപകടത്തില്‍ 50 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ടിപ്പര്‍ ലോറിയിലിടിച്ചാണ് ബസ് മറിഞ്ഞത്. ഏരിയാ സെക്രട്ടറി. പി.ബിജു പൊന്നാട അണിയിച്ചു. യൂണിയന്‍ പ്രസിഡണ്ട് രജീഷ് സംസാരിച്ചു.