‘അക്കൗണ്ടെടുക്കാനായെത്തിയ വിദ്യാര്‍ഥിയെ പൊലീസ് പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു’; മേപ്പയ്യൂര്‍ പൊലീസിനെതിരെ പരാതിയുമായി ചെറുവണ്ണൂര്‍ സ്വദേശി
മേപ്പയ്യൂര്‍: അക്കൗണ്ടെടുക്കാനായി മേപ്പയ്യൂരിലെത്തിയ വിദ്യാര്‍ഥിയെ പത്തോളം പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ചെറുവണ്ണൂര്‍ പാറക്കാത്ത് വീട്ടില്‍ പി.ആദില്‍ (18) ആണ് മേപ്പയ്യൂര്‍ എസ്.എച്ച്.ഒയ്ക്കും മനുഷ്യാവകാശ കമ്മീഷനും എസ്.പിയ്ക്കും പരാതി നല്‍കിയത്.
ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. പൊലീസ് സ്റ്റേഷന് അടുത്തുള്ള എസ്.ബി.ഐയുടെ ഓണ്‍ലൈന്‍ സെന്ററിന് മുമ്പില്‍ അക്കൗണ്ട് എടുക്കാന്‍വേണ്ടി ഇരിക്കുമ്പോള്‍ മഫ്തിയിലെത്തിയ പത്തോളം പൊലീസ് ഓഫീസര്‍മാര്‍ വന്ന് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോകുകയായിരുന്നെന്നാണ് ആദില്‍ പറയുന്നത്. സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിക്കുകയും മുഖത്തും കണ്ണിലും അടിക്കുകയും ചെയ്തു. പിന്നീട് ഫോണുള്‍പ്പെടെ പരിശോധിക്കുകയും ആള് മാറിയതാണെന്ന് പറഞ്ഞ് വിട്ടയക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്.
പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ആദില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ആദിലിന്റെ ചെവിയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.