ആറാട്ട് മഹോത്സവത്തില്‍ പങ്കെടുത്ത് കൊങ്ങന്നൂരമ്മയുടെ അനുഗ്രഹം വാങ്ങാനെത്തിയത് ആയിരങ്ങള്‍: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് സമാപനം
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. വ്യാഴാഴ്ച നടന്ന ആറാട്ടുത്സവത്തില്‍ പങ്കാളികളാകാന്‍ വന്‍ഭക്തജന സഞ്ചയമാണ് ക്ഷേത്രത്തിലെത്തിയത്.
രാവിലെ ഇളനീര്‍ അഭിഷേകവും വൈകുന്നേരം നിലക്കളിയും നടന്നു. പിന്നാലെ കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് ക്ഷേത്രപരിസരത്തെത്തിയതോടെ ആയിരങ്ങളാണ് ഇവിടെ അമ്മയുടെ അനുഗ്രഹം തേടിയെത്തിയത്. തുടര്‍ന്നായിരുന്നു യാത്രബലി.
തിക്കോടി പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. പിന്നീട് കുളിച്ചാറാടല്‍ ചടങ്ങ് നടന്നു.
പ്രശസ്തരായ വാദ്യകലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളവും ആസ്വാദകര്‍ക്ക് പുത്തന്‍ അനുഭവമായി. പാണ്ടിമേളത്തിനുശേഷം പടിഞ്ഞാറെ നടതുറന്നുള്ള ദര്‍ശനം നല്‍കി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ ദര്‍ശനം നല്‍കുന്നത്.
പുലര്‍ച്ചെ ചിങ്ങപുരം സി.കെ.ജി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ക്ഷേത്രതറയുടെ മുമ്പില്‍ നടക്കുന്ന കൊറ എന്ന ചടങ്ങോടുകൂടിയാണ് ഉത്സവം സമാപിച്ചത്.