ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി; പന്തിരിക്കര പള്ളിയില്‍ കബറടക്കി- വീഡിയോ
പേരാമ്പ്ര: പേരാമ്പ്ര: മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവിലെ ദീപക്കിന്റെ വീട്ടില്‍ നിന്നും ഇര്‍ഷാദിന്റെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസ് സാന്നിധ്യത്തില്‍ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ക്ക് കൈമാറി. ഇന്ന് ഉച്ചയോടെയാണ് പന്തിരിക്കരയിലെ ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ദീപക്കിന്റെ വീട്ടിലെത്തി മൃതദേഹാവശിഷ്ടങ്ങള്‍ ഏറ്റുവാങ്ങിയത്.
ആര്‍.ഡി.ഒ, അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കൈമാറിയത്. തുടര്‍ന്ന് പന്തിരിക്കരയിലെ ഹയാത്തുല്‍ ഇസ്‌ലാം പള്ളിയില്‍ കബറടക്കിയതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.
ജൂലൈ പതിനേഴിനാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ മൃതദേഹം കരയ്ക്കടിഞ്ഞത്. മേപ്പയ്യൂര്‍ കൂനംവെള്ളിക്കാവില്‍ നിന്നും കാണാതായ ദീപക്കിന്റെ മൃതദേഹമാണിതെന്ന ധാരണയില്‍ ദീപക്കിന്റെ ബന്ധുക്കള്‍ മൃതദേഹം ഏറ്റെടുത്ത് മതാചാരപ്രകാരം വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയായിരുന്നു.
എന്നാല്‍ ഡി.എന്‍.എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്റേതല്ലെന്ന കണ്ടെത്തലാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് വഴിവെച്ചത്. ഇതിനിടയിലാണ് ഇര്‍ഷാദിനെ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ഈ സാഹചര്യത്തിലാണ് ദീപക്കിന്റേതെന്ന ധാരണയില്‍ സംസ്‌കരിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണോയെന്ന് പൊലീസ് പരിശോധിക്കുന്നത്.
തുടര്‍ന്ന് ഇര്‍ഷാദിന്റെ മാതാപിതാക്കളില്‍ നിന്നും ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിക്കുകയും പരിശോധനയില്‍ മരിച്ചത് ഇര്‍ഷാദ് തന്നെയാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.
Summary: relatives received irshads cremated remains from deepaks house burial in pandirikara masjid