നന്മയുടെ പ്രചാരണവും തിന്മയുടെ വിപാടനവും | റമദാൻ സന്ദേശം 19 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

ഇസ്ലാം നന്മയുടെ മതമാണ്.നന്മ കല്പിക്കലും തിന്മ തടയലുവമാണ് ഇസ്ലാമിന്റെ പ്രമേയം.അന്ത്യ പ്രവാചകനായ മുഹമ്മദ് നബി (സ) ഉൾപ്പെടെയുള്ള മുഴുവൻ പ്രവാചകന്മാരുടെയും നിയോഗ ലക്ഷ്യവും ഇതു തന്നെയായിരുന്നു.നന്മയുടെ കാര്യത്തിൽ സത്യവിശ്വാസിയുടെ നിലപാട് എന്തായിരിക്കണമെന്ന് നബി തിരുമേനി (സ) പഠിപ്പിക്കുന്നുണ്ട്.എല്ലാ നന്മയും ഒരാൾക്ക് ചെയ്യാൻ കഴിയണമെന്നില്ല. അതുകൊണ്ടു തന്നെ നന്മയിൽ നിന്നും കഴിവിന്റെ പരമാവധി പ്രവർത്തിക്കുകയും തിന്മയിൽ നിന്നും യാതൊന്നും പ്രവർത്തിക്കാതിരിക്കുകയുമാണ് സത്യവിശ്വാസി ചെയ്യേണ്ടത്.അതോടൊപ്പം തന്നെ മറ്റുളളവരോട് നന്മ പ്രവർത്തിക്കാൻ കല്പിക്കുകയും തിന്മകളിൽ നിന്നും അവരെ തടയുകയും ചെയ്യണം.

ഇന്ന് തിന്മ അധികരിക്കുകയും പരസ്പരം ഉപദേശിക്കാൻ പോലും കഴിയാത്ത വിധം ചുറ്റുപാടുകൾ മലിനമായിക്കൊണ്ടിരിക്കുകയുമാണ്.മുസ്ലിമായ ഒരു മനുഷ്യന്റെ അടക്കാനക്കങ്ങളിൽ എപ്പോഴും നന്മ പ്രകടമാകണം.അതു തന്നെയാണല്ലോ ഇസ്ലാം കൊണ്ടുള്ള ലക്ഷ്യവും.ഒരാൾ തിന്മ പ്രവർത്തിക്കുന്നത് കണ്ടാൽ പ്രതികരിക്കാൻ ഇന്ന് നമുക്ക് മടിയാണ്.ഞാൻ പറഞ്ഞാൽ അവനെന്ത് കരുതും,എന്നോട് ദേഷ്യം വെച്ചു പുലർത്തുമോ തുടങ്ങിയ അപകർഷതാബോധം കൊണ്ടും ഉൾഭയത്താലും പലരും തിന്മകൾക്കു മുന്നിൽ മനപ്പൂർവും കണ്ണടക്കുകയാണ്.

ഖലീഫ മഹ്ദി എന്നവർ ഹിജ്റ 166 ൽ പരിശുദ്ധ ഹജ്ജ് കർമ്മത്തിനു പോയി.ജമ്രത്തുൽ അഖബയിൽ കല്ലെറിയൽ കർമ്മം നിർവഹിക്കുന്നതിനു വേണ്ടി പട്ടാളക്കാരോടൊപ്പമാണ് അദ്ദേഹം പോയത്.രാജാവിനെ സംരക്ഷിക്കുന്നതിനു വേണ്ടി ചാട്ടവാർ വീശിക്കൊണ്ട് പട്ടാളക്കാർ ജനങ്ങളെ തലങ്ങും വിലങ്ങും ഓടിക്കാൻ തുടങ്ങി.സൂഫി പ്രമുഖനായ സുഫിയാനുസ്സൗരി (റ) എന്ന മഹാൻ ഈ രംഗം കാണുന്നുണ്ടായിരുന്നു.

ഭയമേതുമില്ലാതെ അദ്ദേഹം ചക്രവർത്തിയോട് ശബ്ദം ഉയർത്തി സംസാരിച്ചു.”നിങ്ങൾ ചെയ്തത് ശരിയല്ലെന്ന് പറഞ്ഞു,കാരണം നബി (സ) തങ്ങൾ ഹജ്ജ് നിർവ്വഹിക്കുമ്പോൾ അവിടെ പട്ടാളമേ ഉണ്ടായിരുന്നില്ല. മാത്രവുമല്ല,അന്നവിടെ ജനങ്ങളെ പിടിച്ചു മാറ്റുകയും ചെയ്തിരുന്നില്ല.ഇന്ന് നിങ്ങളാവട്ടെ, പരിശുദ്ധമായ ഈ സ്ഥലത്ത് വെച്ച് ജനങ്ങളെ മാറ്റിനിർത്തുകയാണ്”. ഇത് ഒട്ടും ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.ഇതായിരുന്നു നമ്മുടെ മുൻഗാമികളുടെ പതിവ്.തിന്മ കണ്ടാൽ മിണ്ടാതിരിക്കാൻ അവർ തയ്യാറായിരുന്നില്ല.

നോമ്പുകാലം മനുഷ്യന് ആത്മീയമായ ഉന്നതി കരസ്ഥമാക്കാനുള്ള അവസരമാണ്.അതുകൊണ്ടു തന്നെ തെറ്റുകളിൽ നിന്നും അകലം പാലിച്ചും,സുഖാസ്വാദന മുക്തനായും ഇലാഹീ സാമീപ്യത്തിനു വേണ്ടി പരിശ്രമിക്കണം.കേവലം ഉപരിപ്ലവമായ ചടങ്ങുകളിൽ ഒതുങ്ങുന്ന നോമ്പ് അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യയോഗ്യമാവില്ല.നന്മ അധികരിപ്പിക്കാനും തിന്മയിൽ നിന്നും അകലം പാലിക്കാനും അല്ലാഹു അനുഗ്രഹിക്കട്ടെ-ആമീൻ.


കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…