രിയാഅ്: കപടതയുടെ മുഖം | റമദാൻ സന്ദേശം 11 – എം.പി.തഖിയുദ്ധീൻ ഹൈതമി എഴുതുന്നു


റമദാന്‍ സന്ദേശം – എം.പി. തഖിയുദ്ധീൻ ഹൈതമി

സത്യവിശ്വാസികളുടെ ഏതൊരു പ്രവർത്തനവും അല്ലാഹുവിനു വേണ്ടി മാത്രമായിരിക്കണം.മറ്റുള്ളവരെ കാണിക്കുകയും അവരുടെ പ്രശംസ പിടിച്ചു പറ്റുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ചെയ്യുന്ന സൽകർമ്മങ്ങൾക്കാണ് രിയാഅ് (ലോകമാന്യം) എന്നു പറയുന്നത്.നാം ചെയ്യുന്ന സൽകർമ്മങ്ങൾ മറ്റുള്ളവർ കാണാൻ വേണ്ടിയോ അവരുടെ പ്രശംസ താല്പര്യപ്പെട്ടോ ആണെങ്കിൽ അത് പ്രതിഫലാർഹമാവുകയില്ല.

മറ്റുള്ളവർ കാണുക എന്ന ഉദ്ദേശ്യത്തിൽ മാത്രം ഇബാദത്ത് അനുഷ്ഠിക്കുകയാണെങ്കിൽ അത് പ്രതിഫലർഹമല്ല എന്ന് മാത്രമല്ല, അതിന്റെ ശിക്ഷയും അവന് ലഭിക്കും.അതേസമയം താൻ അല്ലാഹുവിനുവേണ്ടിയാണ് ഇബാദത്ത് ചെയ്യുന്നതെങ്കിൽ പോലും സൃഷ്ടികളുടെ പ്രശംസയും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവന്റെ പ്രതിഫലം ചുരുങ്ങുമെന്നാണ് ഒരു വിഭാഗം പണ്ഡിതന്മാരുടെ അഭിപ്രായം.

പരസ്യമായ സദസ്സുകളിൽ വെച്ച് ദാനധർമ്മങ്ങൾ ചെയ്യുന്ന പലരും രഹസ്യമായി സ്വദക്ക ആവശ്യപ്പെട്ടാൽ അതിന് താല്പര്യം കാണിക്കാറില്ല എന്നത് വസ്തുതയാണ്.പേരിനും പെരുമക്കും വേണ്ടിയും പത്രമാധ്യമങ്ങളിൽ ഫോട്ടോ വരാൻ വേണ്ടിയും ദാനധർമ്മം ചെയ്യുന്നവർ മനസ്സിലാക്കേണ്ടത് അവരുടെ സമ്പത്ത് കയ്യിൽ നിന്ന് നഷ്ടപ്പെട്ടു എന്നല്ലാതെ അല്ലാഹുവിന്റെ അടുക്കൽ അവർ പ്രതിഫലം പ്രതീക്ഷിക്കേണ്ടതില്ല.

നബി(സ്വ) തങ്ങളുടെ സവിധത്തിൽ ഒരു വ്യക്തി കടന്നുവരികയും എന്നിട്ടദ്ദേഹം നബിയോട് പറയുകയും ചെയ്തു.”നബിയെ,ഞാൻ കൊല്ലം മുഴുവൻ നോമ്പനുഷ്ടിച്ചിട്ടുണ്ട്.ആ വ്യക്തി തന്റെ ഇബാദത്ത് പ്രകടിപ്പിച്ചത് ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കണം പ്രവാചകൻ ഇപ്രകാരം മറുപടി നൽകിയത്.”നീ നോമ്പ് നോറ്റിട്ടുമില്ല,തുറന്നിട്ടുമില്ല”.ആരാധനാ കർമ്മങ്ങൾ മറ്റുള്ളവർ കാണാൻ വേണ്ടി ചെയ്യുന്നതിനെ പ്രവാചകൻ എത്രമാത്രം എതിർത്തിട്ടുണ്ട് എന്നത് ഈ സംഭവത്തിൽ നിന്നും നമുക്ക് വായിച്ചെടുക്കാം.

നിസ്കാരത്തിൽ ദീർഘനേരം സുജൂദ് ചെയ്യുമ്പോഴും മറ്റേത് കർമ്മങ്ങൾ ചെയ്യുമ്പോഴും അതെല്ലാം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടായിരിക്കണംഅല്ലാതെ ജനങ്ങളെ കാണിക്കുക എന്നത കപടമായ ലക്ഷ്യം അതിനുണ്ടാവരുത്.എങ്കിൽ മാത്രമേ അതിന്റെ പ്രതിഫലം നമുക്ക് കരഗതമാവുകയുള്ളൂ.ഇബാദത്തുകൾ ഇഖ്ലാസോടെ നിർവ്വഹിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ-ആമീൻ.


മുൻപ് പ്രസിദ്ധീകരിച്ച റമദാൻ സന്ദേശങ്ങൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…