കുടുംബശ്രീ പ്രവര്‍ത്തനം കരുത്തുനല്‍കി; പുളിയഞ്ചേരിയിലെ പെണ്‍കൂട്ടായ്മയുടെ ‘സമൃദ്ധി’ വിപുലപ്പെടുത്തുകയാണ്


പുളിയഞ്ചേരി: കുറച്ചുകാലം മുമ്പുവരെ കുടുംബശ്രീ യോഗം കൂടി ആഴ്ചയിലെ വരിതുക വയ്ക്കുകയും അതുകഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്ന പുളിയഞ്ചേരിയിലെ ഈ സ്ത്രീകള്‍ ഇന്ന് സ്വന്തമായി ബിസിനസ് പടുത്തുയര്‍ത്തുന്നതിന്റെ ത്രില്ലിലും അധ്വാനത്തിലുമാണ്. പുളിയഞ്ചേരി ഹെല്‍ത്തെ സെന്ററിന് സമീപമുള്ള കടയില്‍ ഒരു മില്ല് അതാണ് ഇവരുടെ ലക്ഷ്യം.

മൂന്ന് കുടുംബശ്രീകളില്‍ നിന്നായുള്ള ഒമ്പത് സ്ത്രീകളാണ് ഇപ്പോള്‍ ഈ ഉദ്യമത്തിന് പിന്നിലുള്ളത്. അനിത, പുഷ്പ, നിഷ, രജിത ജിനീഷ്, രജിത രാജേഷും, ശ്യാമള മാധവനും, ശ്യാമള ശ്രീധരന്‍, ഷീബ, രമ എന്നിവര്‍. സമൃദ്ധി കൃഷിക്കൂട്ടത്തിന്റെ കീഴില്‍ കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ ചെറിയൊരു സംരഭമാണ് കൂട്ടായ്മയില്‍ ഒരു മില്ല് എന്ന ലക്ഷ്യത്തിലേക്ക് ഇവരെ അടുപ്പിച്ചത്.

മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ, ചായപ്പൊടി, അരിപ്പൊടി, കൂവപ്പൊടി എന്നിവ വില്‍ക്കുന്ന കടയാണ് ഡിസംബറില്‍ ഇവര്‍ തുടങ്ങിയത്. കോഴിക്കോട് നിന്നും സാധനങ്ങള്‍ വാങ്ങി കഴുകി വൃത്തിയാക്കിയശേഷം ഉണക്കി പൊടിപ്പിച്ച് പാക്കറ്റുകളിലാക്കി വില്‍ക്കുകയായിരുന്നു ചെയ്തിരുന്നത്. ഇതിനിടെ നാട്ടിലെ പലയിടങ്ങളിലായി വെറുതെ ഇട്ടിരുന്ന കൂവ്വ വീട്ടുകാരുടെ സമ്മതത്തോടെ കിളച്ച് ശേഖരിച്ച് പൊടിയാക്കുകയും ചെയ്തു. മുതല്‍ മുടക്കില്ലാത്തതിനാല്‍ കൂവപ്പൊടി വില്‍പ്പന ഇവര്‍ക്ക് നല്ല വരുമാനം നല്‍കി. ഇതോടെയാണ് യന്ത്രം വാങ്ങി മില്ല് തുടങ്ങുകയെന്ന തീരുമാനത്തിലെത്തിയത്.

ഇതിനായി ഗ്രാമീണ ബാങ്കില്‍ നിന്നും ലോണ്‍ പാസായിട്ടുണ്ടെന്ന് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന അനിത വലിയാട്ടില്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നാലരലക്ഷത്തോളം രൂപയാണ് പാസായത്. കുറച്ചു പണം സബ് സിഡിയുണ്ട്. നിലവില്‍ പൊടികള്‍ വില്‍ക്കുന്ന കടയില്‍ മില്ല് കൂടി തുടങ്ങാനുള്ള സൗകര്യമുണ്ടെന്നും യന്ത്രം എത്തിച്ച് വൈകാതെ തന്നെ മില്ല് പ്രവര്‍ത്തനമാരംഭിക്കുമെന്നും അവര്‍ പറഞ്ഞു. നേരത്തെ വീടുകളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്നവരാണ് തങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പലരുമെന്നും സ്വന്തമായി വരുമാനം ലഭിക്കുന്നത് ആത്മവിശ്വാസവും കരുത്തും നല്‍കിയെന്നും അനിത പറയുന്നു.