മടപ്പള്ളിയിലെ ആകാശവും മണ്ണും വര്‍ണ്ണശബളമാക്കി അറയ്ക്കല്‍ പൂരം; കണ്ണും കാതും നിറച്ച് പലനിറങ്ങളില്‍ ചിതറിത്തെറിച്ച വെടിക്കെട്ടും വര്‍ണാഭമായ പൂക്കലശവും


വടകര: മടപ്പള്ളി അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്ര പൂരത്തിന്റെ പ്രധാന ഉത്സവദിനമായ ഞായറാഴ്ച  വര്‍‌ണാഭമായ വെടിക്കെട്ടിനും പൂക്കലശത്തിനും സാക്ഷ്യം വഹിക്കാന്‍ എത്തിയത് ആയിരങ്ങള്‍.

അറയ്ക്കല്‍ പൊട്ട് എന്ന പേരില്‍ പ്രസിദ്ധമായ വെടിക്കെട്ട് പ്രയോഗം ഞായറാഴ്ച അര്‍ധരാത്രിയും തിങ്കള്‍ പുലര്‍ച്ചെയുമായി നടന്നു. പച്ച.. ചുവപ്പ്..മഞ്ഞ എന്നിങ്ങനെ പല വര്‍ണങ്ങളില്‍ ആകാശത്ത് വിസ്മയം തീര്‍ത്ത വെടിക്കെട്ട് ഉത്സവപ്രേമികളെ ആവേശഭരിതരാക്കി. ഈ  കാഴ്ചയാസ്വദിക്കാന്‍ ദൂരെ ദിക്കുകളില്‍ നിന്നുപോലും അറയ്ക്കലിലേക്ക് ആളുകള്‍ എത്തിച്ചേര്‍ന്നു.

പാലക്കൂല്‍ കുട്ടിച്ചാത്തന്‍ ക്ഷേത്രത്തില്‍നിന്നുള്ള പൂക്കലശംവരവ് അറയ്ക്കല്‍ ഉത്സവക്കാഴ്ചകളെ കൂടുതല്‍ മനോഹരമാക്കി. പൂക്കള്‍കൊണ്ട് അലങ്കരിച്ച കലശങ്ങള്‍ അണിനിരക്കുന്നത് കാണാന്‍ നിരവധിപേരാണ് വന്നെത്തിയത്. മത്സരാടിസ്ഥാനത്തില്‍ നടക്കുന്ന പൂക്കലശം വരവില്‍ ഒന്നാം സമ്മാനം കൃഷ്ണന്‍ അഴിക്കകത്തും രണ്ടാം സമ്മാനം സുരേഷ് കറുകയിലും മൂന്നാം സമ്മാനം ബിനു മടപ്പള്ളിയുമാണ് സ്വന്തമാക്കിയത്.

വെടിക്കെട്ടിന്റെയും പൂക്കലശത്തിന്റെയും വീഡിയോകള്‍ കാണാം.