നബിദിനത്തില്‍ നാടിന്റെയും നാട്ടാരുടെയും സ്‌നേഹം ഏറ്റുവാങ്ങി പാറപ്പള്ളി ഷറഫുല്‍ ഇസ്ലാം മദ്രസയില്‍ നിന്നുള്ള കൂറ്റന്‍ റാലി; അണിനിരന്നത് അഞ്ഞൂറിലേറെപ്പേര്‍


കൊല്ലം: നബിദിനത്തില്‍ കൊല്ലം പാറപ്പള്ളി പരിസരവാസികളുടെ സ്‌നേഹ വിരുന്നുകള്‍ ഏറ്റുവാങ്ങി നയനമനോഹര വിരുന്നുമായി പാറപ്പള്ളിയില്‍ നിന്നുള്ള നബിദിന റാലി. പാറപ്പള്ളി ഷറഫുല്‍ ഇസ്‌ലാം മദ്രസയുടെ നേതൃത്വത്തിലാണ് റാലി സംഘടിപ്പിച്ചത്.

രാവിലെ ഷറഫുല്‍ ഇസ്‌ലാം മദ്രസയില്‍ നിന്നും ആരംഭിച്ച റാലിയെ പരിസരവാസികള്‍ വിവിധയിടങ്ങളില്‍ മധുരം നല്‍കി സ്വീകരിച്ചു. കെ.ജെ.എം ബ്രിഡ്ജ് സ്‌പോര്‍ട്‌സ് ക്ലബ് വെള്ളവും പലഹാരവും നല്‍കിയാണ് റാലിയെ സ്വീകരിച്ചത്. സ്വാമിയാര്‍ കാവ് അമ്പലക്കമ്മിറ്റിയും പരിസരവാസികളും ജ്യൂസും മധുരപലഹാരങ്ങളും നല്‍കി റാലിയെ വരവേറ്റു.

റാലിയ്ക്ക് മാറ്റുകൂട്ടി കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദഫ്മുട്ടുണ്ടായിരുന്നു. മദ്രസ പ്രസിഡന്റ് സലാം.കെ.കെ, സെക്രട്ടറി പി.കെ.അബ്ദുറഹ്‌മാന്‍, സംഘാടക സമിതി ഭാരവാഹികളായ ജുനൈദ് എം.കെ, മുനീര്‍ പി.സി.കെ, പി.കെ.മുസ്തഫ, ലത്തീഫ് പി.കെ തുടങ്ങിയവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.