സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക്


തിരുവനന്തപുരം: ഒക്ടോബര്‍ 31 ചൊവ്വാഴ്ച സംസ്ഥാനത്ത് പ്രഖ്യാപിച്ച സ്വകാര്യ ബസ് പണിമുടക്കില്‍ നിന്നും പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍. നിലവിലെ 140 കിലോമീറ്റർ മുകളിലെ പെർമിറ്റുകൾ പുതുക്കി നൽകുക, വിദ്യാർഥികളുടെ കൺസഷൻ ചാർജ് വർധിപ്പിക്കുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് ഘടിപ്പിക്കാൻ സമയം അനുവദിക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചത്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിത കാല സമരം നടത്തുത്തുമെന്നാണ് സംയുക്ത സമിതി അറിയിച്ചിരിക്കുന്നത്‌.

നേരത്തെ ഫെഡറേഷന്‍ പ്രഡിഡന്റ് കെ.കെ തോമസിന്റെ നിരാഹരവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്തതിനും ഏകപക്ഷീയമായി ദരിദ്ര വിഭാഗങ്ങള്‍ക്ക് പൂര്‍ണ സൗജന്യവും പ്രഖ്യാപിച്ച ഗതാഗതമന്ത്രിയുടെ നടപടിക്കെതിരെയുമാണ് സമരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ ബസ് സമരം അനാവശ്യമാണെന്നും സര്‍ക്കാര്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നുമാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. വിദ്യാർത്ഥി കൺസഷൻ പഠിക്കാൻ കമ്മിറ്റി ഉണ്ട്. സീറ്റ് ബെൽറ്റ് സർക്കാർ തീരുമാനിച്ചതല്ല. നേരത്തെ ഉള്ള നിയമമാണ്. അത് നടപ്പാക്കാൻ തന്നെയാണ് സർക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.