കർഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (01/08/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

അപേക്ഷ ക്ഷണിച്ചു

വെസ്റ്റ്ഹില്‍ ഗവ. പോളിടെക്‌നിക് കോളേജിലെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ് (ഹിയറിങ്്് ഇമ്പയഡ്) ബാച്ചിന്റെ ഒഴിവുള്ള ഡെമോണ്‍സ്‌ട്രേറ്റര്‍ (ഒരു ഒഴിവ്), ഇന്റര്‍പ്രെറ്റര്‍ (3 ഒഴിവ്), ട്രേഡ്‌സ്മാന്‍(ഒരു ഒഴിവ്) തസ്തികകളിലേക്കു താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ആഗസ്റ്റ് നാലിന് 10.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടെ നേരിട്ട് ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്് 0495 2383924, www.kgptc.in.

ഹിന്ദി അധ്യാപക ട്രെയിനിങ്ങിന് അപേക്ഷിക്കാം

ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചില്‍ അടൂര്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ്ടുവിന് അമ്പത് ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 ഇടയില്‍. ഉയര്‍ന്ന പ്രായപരിധി പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. ഈ-ഗ്രാന്റ് വഴി പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് സൗജന്യം ഉണ്ടായിരിക്കും. ആഗസ്റ്റ് 16 നകം അപേക്ഷിക്കണം.വിവരങ്ങള്‍ക്ക്: 04734296496, 8547126028.

ഗതാഗതം നിരോധിച്ചു

ജില്ലയിലെ കല്ലേരി ചെട്ടിക്കടവ് റോഡില്‍ നവീകരണ പ്രവൃത്തി ഓഗസ്റ്റ് 8 മുതല്‍ ആരംഭിക്കുന്നതിനാല്‍ കല്ലേരി മുതല്‍ കോണാറമ്പത്ത് വരെയുള്ള ഭാഗത്ത് ഗതാഗതം പ്രസ്തുത പ്രവൃത്തി അവസാനിക്കുന്നത് വരെ നിരോധിച്ചു. കല്ലേരിയില്‍ നിന്നും കാണാറമ്പ്, പെരിങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുവയല്‍ നിന്നും കോണാറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണ്.

വാഹന ഗതാഗതം- ഭാഗിക നിയന്ത്രണം

ചെത്തുകടവ് മെഡിക്കല്‍ കോളേജ് റോഡില്‍ ഓഗസ്റ്റ് 1 മുതല്‍ നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ചെത്തു കടവ് മുതല്‍ കുരിക്കത്തുര്‍ വരെയുള്ള ഭാഗത്ത് പ്രവൃത്തി തീരുന്നത് വരെ വാഹന ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി.

വാഹന ഗതാഗതം- ഭാഗിക നിയന്ത്രണം

ഫറോക്ക്-പേട്ട ഫാറൂക്ക് കോളേജ് വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 1 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചു.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 മാര്‍ച്ച് മാസത്തില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍ എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാവിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 2021-22 അധ്യ യനവര്‍ഷത്തില്‍ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേ ടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. നിശ്ചിതഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് ആഗസ്റ്റ്് 30 ന് വൈകുന്നേരം 3 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. ഫോറത്തിന്റെ മാതൃകയും മറ്റു വിവരങ്ങളും ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

അധ്യാപക കൂടിക്കാഴ്ച

കോഴിക്കോട് മലാപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഗവ.വനിതാ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള താല്‍ക്കാലിക ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് നാലിന് രാവിലെ 10.30 ന് ഓഫിസില്‍ നടത്തും. പ്രസ്തുത വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, നെറ്റും യോഗ്യത ഉള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714.

അധ്യാപക കൂടിക്കാഴ്ച

കോഴിക്കോട് ഗവ. വനിതാ പോളിടെക്‌നിക് കോളേജില്‍ ഒഴിവുള്ള താല്‍ക്കാലിക ഇലക്ട്രോണിക്‌സ് അധ്യാപക തസ്തികയിലേക്ക് ഗസ്റ്റ് ലക്ച്ചറര്‍മാരെ നിയമിക്കുന്നതിനായുള്ള ഇന്റര്‍വ്യൂ ഓഗസ്റ്റ് 6 ന് രാവിലെ 10.30 മണിക്ക് നടത്തും. യോഗ്യത- ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസ് ബിരുദം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2370714 എന്ന നമ്പറില്‍ വിളിക്കുക.

കര്‍ഷകര്‍ക്ക് പരിശീലനം

കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലയിലുള്ള കര്‍ഷകര്‍ക്ക് കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ആഗസ്ത് 9,10 തിയ്യതികളില്‍ ആടുവളര്‍ത്തല്‍ പരിശീലനവും, 11,12 തിയ്യതികളില്‍ പശുപരിപാലനത്തിലും പരിശീലനം സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്്് 04972-763473.

പ്രതിമാസ സാമ്പത്തിക സഹായം

ജില്ലാ സൈനിക ക്ഷേമ ഓഫീസ് വഴി രണ്ടാം ലോക മഹായുദ്ധസേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും നല്‍കി വരുന്ന പ്രതിമാസ സാമ്പത്തിക സഹായം (എം.എഫ്എ) ലഭിക്കുന്നവര്‍ ആഗസ്ത് മാസത്തില്‍ സമര്‍പ്പിക്കേണ്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് ആഗസ്ത് ആദ്യ ആഴ്ച്ചയില്‍ തന്നെ ഹാജരാക്കേണ്ടതാണ്. പ്രസ്തുത ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ ആഗസ്ത് മാസം മുതലുള്ള പ്രതിമാസ സാമ്പത്തിക സഹായം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

അങ്കണവാടി കുട്ടികള്‍ക്ക് ഇനി പാലും മുട്ടയും; മേപ്പയൂരില്‍ പോഷകബാല്യം പദ്ധതി ഉദ്ഘാടനം ചെയ്തു

അങ്കണവാടി കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പോഷകബാല്യം പദ്ധതി മേപ്പയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചു. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം മേപ്പയൂര്‍ ഇ.ആര്‍ സ്മാരക അങ്കണവാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ നിര്‍വഹിച്ചു.

പദ്ധതിയുടെ ഭാഗമായി ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് മുട്ടയും പാലും നല്‍കുന്നത്. മേപ്പയ്യൂര്‍ പഞ്ചായത്തിലെ 29 അങ്കണവാടികളിലെ മൂന്ന് വയസ് മുതല്‍ ആറ് വയസ് വരെയുളള 375 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.പി രമ അധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ പി.റീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ പി.കെ ഹരിദാസന്‍, ആര്‍.വി അബ്ദുറഹ്മാന്‍, കെ കെ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്തംഗം ദീപ കേളോത്ത് സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ സി.പി സന്ധ്യ നന്ദിയും പറഞ്ഞു.

വട്ടോളി ഗവ. യു.പി സ്‌കൂള്‍: പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുക്കിപണിയുന്ന വട്ടോളി ഗവ. യു.പി സ്‌കൂളിന്റെ പ്രവൃത്തി ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അദ്ധ്യക്ഷയായി. കിഫ്ബി മുഖേന ഒരു കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് കെ.സി.രാജീവന്‍ സ്വാഗതം പറഞ്ഞു. എല്‍.എസ്.ജി.ഡി കുന്നുമ്മല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.ടി സുധീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ ബിന്ദു,ബി.പി.സി സുനില്‍ മാസ്റ്റര്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

പോഷകബാല്യം പദ്ധതിക്ക് ചക്കിട്ടപാറയില്‍ തുടക്കമായി

സംസ്ഥാന സര്‍ക്കാരിന്റെ പോഷകബാല്യം പദ്ധതിക്ക് ചക്കിട്ടപാറയില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് പാലും മുട്ടയും നല്‍കുന്നതാണ് പദ്ധതി.
കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നല്‍കുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാല്‍ വീതം ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും, ആഴ്ചയില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കും. ചക്കിട്ടപാറ പഞ്ചായത്തിലെ 27 അങ്കണവാടികളിലെ 296 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

അണ്ണകൊട്ടഞ്ചാലില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം ബിന്ദു സജി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ കെ.രേഷമ, അങ്കണവാടി വര്‍ക്കര്‍ രമണി വളകുഴിയില്‍ എന്നിവര്‍ സംസാരിച്ചു.

മണിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പൂവാംപുഴ നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിക്ക് തുടക്കം കുറിച്ച് നീര്‍ത്തട നടത്തം സംഘടിപ്പിച്ചു.എലിപ്പറമ്പത്ത് മുക്ക് മുതല്‍ കുറുന്തോടി വരെ നടന്ന പരിപാടി പൊതുജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടേയും അകമ്പടിയോടെ നടന്ന നടത്തം മണിയൂരിനെ ഉത്സവലഹരിയിലാക്കി. വാര്‍ഡുകളിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ജനപ്രതിനിധികള്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത്,രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികള്‍, ലൈന്‍ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് വിഭാഗം ജീവനക്കാര്‍, പൊതുജനങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു.

നീര്‍ത്തട സര്‍വ്വേകള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയ്ക്ക് ശേഷമാണ് നീര്‍ത്തട നടത്തം സംഘടിപ്പിച്ചത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലൂടെ പൂവാമ്പുഴ നീര്‍ത്തടത്തിന്റെ സമഗ്ര വികസനവും ജീവനോപാധികളും സര്‍ഗാത്മകമായും പാരിസ്ഥിതിക പ്രാധാന്യത്തോടെയും ഉറപ്പാക്കുന്ന വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നതിന്റെ മുന്നോടിയായാണ് നടത്തം സംഘടിപ്പിച്ചത്.

സമാപന ചടങ്ങില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീലത ഉദ്ഘാടനം നിര്‍വഹിച്ചു. മണിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. കെ.അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ശശിധരന്‍ സ്വാഗതം പറഞ്ഞു. മെമ്പര്‍ പി.കെ ബിന്ദു, എം സി നാരായണന്‍, കെ.പി കുഞ്ഞിരാമന്‍, സെക്രട്ടറി സജിത് കുമാര്‍, അസി. സെക്രട്ടറി ഗംഗാധരന്‍, വിജയന്‍ മാസ്റ്റര്‍, ബ്ലോക്ക് എന്‍ജിനീയര്‍ സംഗീത്, എന്നിവര്‍ ആശംസ അറിയിച്ചു. അക്രഡിറ്റഡ് എന്‍ജിനീയര്‍ അനശ്വര നന്ദി പറഞ്ഞു.

ഉദ്യോഗസ്ഥരായ അമ്മമാര്‍ക്കിനി ആശങ്കകളില്ലാതെ ജോലി ചെയ്യാം, കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ‘ക്രഷ്’ ഒരുങ്ങുന്നു

കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അമ്മമാര്‍ക്കിനി ആശങ്കകളില്ലാതെ ജോലി ചെയ്യാം. പിഞ്ചോമനകളുടെ പരിപാലനത്തിനായി ക്രഷ് ഒരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ‘തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം’ പദ്ധതിയുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനില്‍ ക്രഷ് പ്രവര്‍ത്തനമാരംഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സര്‍ക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നതും അന്‍പതിലധികം ജീവനക്കാര്‍ ഉള്ളതുമായ ഓഫിസ് സമുച്ചയങ്ങളില്‍ ക്രഷുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് ഉള്‍പ്പെടെ ആറ് ജില്ലകളിലായി എട്ട് ക്രഷുകളാണ് ആരംഭിക്കുക. എല്ലാ ജില്ലകളിലും ഈ പദ്ധതി വ്യാപിപ്പിക്കും. 6 മാസം മുതല്‍ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളുള്ള ഗവ. ഉദ്യോഗസ്ഥരായ അമ്മമാര്‍ക്ക് ക്രഷുകളുടെ സേവനം പ്രയോജനപ്പെടുത്താം. പകല്‍ സമയങ്ങളില്‍ സുരക്ഷിതമായ പരിചരണം സാധ്യമാകും.

ജില്ലയില്‍ സിവില്‍ സ്റ്റേഷനിലെ ബി ബ്ലോക്കില്‍ ഒന്നാം നിലയിലാണ് ക്രഷ് പ്രവര്‍ത്തിക്കുക. വിവിധ വകുപ്പുകളില്‍ നിന്നായി 24 പേരാണ് കുട്ടികളെ ക്രഷുകളിലാക്കുന്നതിന് സന്നദ്ധത അറിയിച്ചത്. രാവിലെ ഒന്‍പതര മുതല്‍ വൈകീട്ട് നാലര വരെയാണ് പ്രവര്‍ത്തനം. കുട്ടികളെ പരിപാലിക്കാനായി ഒരു വര്‍ക്കറിന്റെയും ഒരു ഹെല്‍പ്പറിന്റെയും സേവനം ഇവിടെ ലഭ്യമാകും. ഞായറാഴ്ചകളിലും പൊതുഅവധി ദിനങ്ങളിലും ക്രഷ് പ്രവര്‍ത്തിക്കില്ല. ജില്ലാ വനിതാ ശിശു വികസന വകുപ്പിനാണ് നടത്തിപ്പ് ചുമതല.

ക്രഷില്‍ ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ഗ്യാസ് സ്റ്റൗ, ഗ്യാസ് കണക്ഷന്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, പാചകത്തിനുള്ള പാത്രങ്ങള്‍, ബ്രെസ്റ്റ് ഫീഡിങ് സ്പേസ്, തൊട്ടിലുകള്‍, ബേബി മോണിറ്ററിങ് ഉപകരണങ്ങള്‍, മെത്ത, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ഇതിനായി ക്രഷ് ഒന്നിന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.