ജല ജീവൻ മിഷനിലെ വിവിധ ഒഴിവുകളിലേക്കുള്ള നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (16/12/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കേരള സ്കൂൾ കലോത്സവം: സംഘാടക സമിതി ഓഫീസിന് ഫോൺ നമ്പർ ലഭിച്ചു

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാം കേരള സ്കൂൾ കലോൽസവത്തിൻ്റെ
സംഘാടക സമിതി ഓഫീസിന് ഫോൺ കണക്ഷൻ ലഭിച്ചു. 0495 2921800 എന്ന നമ്പറിൽ ഇനിമുതൽ ബന്ധപ്പെടാവുന്നതാണ്. മാനാഞ്ചിറയിൽ ആരംഭിച്ച സംഘാടക സമിതി ഓഫീസ് രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.

പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു

കോഴിക്കോട് മാളിക്കടവ് ജനറൽ ഐ ടി ഐ യിൽ സ്‌ട്രെവ് പദ്ധതിയുടെ ഭാഗമായി ഒരു വർഷത്തേക്ക് താൽക്കാലികാടിസ്ഥാനത്തിൽ പ്ലേസ്മെന്റ് ഓഫീസറെ നിയമിക്കുന്നു. ബി ഇ/ബി ടെക് നോടൊപ്പം എം ബി എ ഇൻ എച്ച് ആർ അല്ലെങ്കിൽ മാർക്കറ്റിംഗിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. 35 വയസ്സാണ് പ്രായ പരിധി. ഇന്റർവ്യൂ ഡിസംബർ 23 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ.ഐ ടി ഐ യിൽ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0495 2377016

തെളിവെടുപ്പ് യോഗം ഡിസംബർ 24 ന്

മെഡിക്കൽ ഷോപ്പുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഡിസംബർ 24 ന് രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ മേൽ മേഖലയിലെ തൊഴിലാളി – തൊഴിലുടമാ പ്രതിനിധികൾ പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

ഡിജിറ്റല്‍ സര്‍വ്വേ:ആവശ്യമായ വിവരങ്ങൾ നൽകണം

സൂക്ഷ്മ ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രാഥമിക വിവരങ്ങൾ ഡാറ്റാബേസിൽ ഉൾപ്പെടുത്തുന്നത്തിന്റെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച വ്യവസായജാലകം ഡിജിറ്റല്‍ സര്‍വ്വേയിൽ ആവശ്യമായ വിവരങ്ങൾ നൽകി സഹകരിക്കണമെന്ന് കോഴിക്കോട് ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കുടുംബശ്രീ മിഷൻ മുഖേന എന്യൂമറേറ്റർമാരെ നിയമിച്ചാണ് വിവരം ശേഖരിക്കുന്നത്.

ജല ജീവൻ മിഷനിൽ നിയമനം: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

ജല ജീവൻ മിഷന്റെ ജില്ലാതല പ്രൊജക്റ്റ് മോണിറ്ററിങ് യൂണിറ്റിലെ വിവിധ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. പ്രൊജക്റ്റ് എഞ്ചിനീയർ തസ്തികയിൽ സിവിൽ എഞ്ചിനീയറിങ്ങിൽ എം ടെക്‌ അല്ലെങ്കിൽ ബി ടെക് യോഗ്യത ഉണ്ടായിരിക്കണം. ജല ജീവൻ മിഷൻ നിർവഹണ സഹായ ഏജൻസി കോർഡിനേറ്റർ തസ്തികയിൽ എം എസ് ഡബ്ല്യൂ ആണ് യോഗ്യത. മീഡിയ സ്പെഷ്യലിസ്റ്റ് ഒഴിവിലേക്ക് ജേർണലിസത്തിൽ ബിരുദം / പിജി /ഡിപ്ലോമ എന്നിവയാണ് യോഗ്യത. ജല ജീവൻ മിഷൻ വോളന്റീയർ തസ്തികയിൽ സിവിൽ എഞ്ചിനീറിങ്ങിൽ ബി ടെക്‌ /ഡിപ്ലോമ യോഗ്യതയുണ്ടായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. ഡിസംബർ 27 നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി ഡിസംബർ 24. വിശദവിവരങ്ങൾക്ക് : 0495 2370220, 6238096797 , മെയിൽ ഐഡി [email protected]

ടെണ്ടർ ക്ഷണിച്ചു

ഐസിഡിഎസ് കോഴിക്കോട് അർബൻ 4 , 2022-23 വർഷത്തിൽ അങ്കണവാടികൾക്കാവശ്യമായ കണ്ടിൻജൻസി സാധനങ്ങൾ സപ്ലൈ ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 29. വിശദവിവരങ്ങൾക്ക് :0495 2481145

കർഷകർക്ക് ത്രിദിന പരിശീലനം

വേങ്ങേരി കാർഷിക മൊത്ത വ്യാപാര വിപണന കേന്ദ്രത്തിൽ ഡിസംബർ 21, 22, 23 തീയതികളിൽ സംയോജിത കൃഷി എന്ന വിഷയത്തിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. ഇതിനു മുൻപ് ഈ കേന്ദ്രത്തിൽ നിന്നും പരിശീലനം ലഭിച്ചവർക്ക് രജിസ്ട്രേഷൻ അനുവദിക്കുന്നതല്ല. രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. താല്പര്യമുള്ള കർഷകർ 0495 2373582 നമ്പറിൽ ഡിസംബർ 19ന് മുൻപ് രജിസ്റ്റർ ചെയ്യണം.

അപേക്ഷ ക്ഷണിക്കുന്നു

കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പട്ടികജാതി വികസന ഓഫീസ് മുഖേന നടപ്പിലാക്കുന്ന പട്ടികജാതി യുവജനങ്ങൾക്ക് വാദ്യോപകരണങ്ങൾ വാങ്ങി നൽകുന്ന പദ്ധതി പ്രകാരം വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലനം ലഭിച്ച ജില്ലാ പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരായ പട്ടികജാതിക്കാരുടെ 10 മുതൽ 15 വരെ അംഗങ്ങൾ ഉള്ള ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ 5% ഗുണഭോക്തൃ വിഹിതം അടയ്ക്കാൻ തയ്യാറുള്ളവരായിരിക്കണം. ഗ്രാമ/ബ്ലോക്ക്/പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം ഇതേ ധനസഹായം 3 വർഷത്തിനകം ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. അവസാന തിയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് 04952370379.

മാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.

സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. കുട്ടികൾക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാൻ സാധ്യമാക്കുക എന്നതാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികൾക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി ഷീബ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ മോഹൻദാസ്, മാവൂർ ബി.ആർ.സി പ്രോജക്ട് കോർഡിനേറ്റർ ജോസഫ് തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് പുതുക്കുടി, ഹെഡ്മിസ്ട്രസ് യു.സി ശ്രീലത എന്നിവർ സംസാരിച്ചു. എ.എം ഷബീർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എ.പി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി ആലിക്കുട്ടി നന്ദിയും പറഞ്ഞു.

സംസ്ഥാനതല സിവിൽ സർവ്വീസ് ടൂർണമെന്റ് കോഴിക്കോട്

സർക്കാർ ജീവനക്കാർക്കായി നടത്തുന്ന സംസ്ഥാനതല സിവിൽ സർവ്വീസ് ടൂർണമെൻറ് ഡിസംബർ 19,20,21 തീയതികളിൽ കോഴിക്കോട് നടക്കും. സംസ്ഥാന സ്പോർട്സ് ആൻഡ് യൂത്ത് ̄അഫയേഴ്സ് ഡയറക്ടറേറ്റിനുവേണ്ടി ജില്ലാസ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന കായിമേളയുടെ ഉദ്ഘാടനം രാവിലെ10 നു സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ നിർവഹിക്കും. കേരള സംസ്ഥാന സ്പോർട്സ് & യൂത്ത് അഫയേഴ്സ് ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ മേളയുടെ വേദികളാവും. സെക്രട്ടറിയേറ്റ് ടീമും 14 ജില്ലാ ടീമുകളും പങ്കെടുക്കുന്ന കായിക മേളയിൽ നാലായിരത്തോളം സംസ്ഥാന ജീവനക്കാർ പങ്കെടുക്കും.

പൊതുമരാമത്ത് വകുപ്പിന് കീഴിലെ പ്രവർത്തികൾ അവലോകനം ചെയ്തു

എലത്തൂർ നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ വിവിധ പ്രവർത്തികൾ അവലോകനം ചെയ്യുന്നതിന് യോഗം ചേർന്നു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഗവ. ഗസ്റ്റ്‌ ഹൗസിലാണ് യോഗം ചേർന്നത്. പാവങ്ങാട്, ഉള്ളിയേരി റോഡ് പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആകെയുള്ള 17 കിലോമീറ്ററിൽ 15 കിലോമീറ്റർ ദൂരം അതിർത്തിക്കല്ല് സ്ഥാപിച്ചു കഴിഞ്ഞു.

ബാലുശ്ശേരി-കോഴിക്കോട് റോഡ്, കക്കോടി പാലം, നാലുപുരക്കൽ – ചെമ്പൻകുന്ന് – നെട്ടോളിത്താഴം – കച്ചൂർത്താഴം റോഡ്, പാലത്ത് – പാലോളിത്താഴം റോഡ്, ചേളന്നൂർ – പട്ടർപ്പാലം – അണ്ടിക്കോട് റോഡ്, ചിരട്ടക്കര പാലം, ചിറ്റടിക്കടവ് പാലം എന്നിവയുടെ പ്രവൃത്തിയും യോഗത്തിൽ അവലോകനം ചെയ്തു. എല്ലാ പ്രവർത്തികളും എത്രയും വേഗത്തിൽ പൂർത്തിയാക്കാൻ യോഗത്തിൽ മന്ത്രി നിർദ്ദേശം നൽകി.

പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ എ. മുഹമ്മദ്, റോഡ്സ് വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീജയൻ എൻ, കെ. ആർ. എഫ്. ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ രജിന പി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റ്യാടി നാളീകേര പാർക്ക് ശിലാസ്ഥാപനം നാളെ (ഡിസംബർ 17)

നാളീകേര കർഷകർക്ക് കൈത്താങ്ങാവാൻ കുറ്റ്യാടി മണ്ഡലത്തിലെ വേളം മണിമലയിൽ നാളീകേര പാർക്ക് ആരംഭിക്കുന്നു. നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം നാളെ (ഡിസംബർ 17) രാവിലെ 11.30 ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ വിരാമമാവുന്നത്. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. പദ്ധതി കാർഷിക മേഖലയിലെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സഹായകമാവുമെന്നും നാളികേര അനുബന്ധ ഭക്ഷ്യ ഉൽപാദനം വ്യാവസായിക മേഖലയിൽ വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ പറഞ്ഞു.

നാളികേര അധിഷ്ഠിത ഉല്പന്നങ്ങൾ ഉൽപ്പാദിപ്പിച്ച് കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് വർധിപ്പിക്കുകയാണ് പാർക്കിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിക്കായി 7.53 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. പ്രവൃത്തികൾ 2023 ഡിസംബർ മാസം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഒഞ്ചിയത്ത് അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

ഒഞ്ചിയം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം 2022-23 വർഷത്തെ പദ്ധതി മുഖേന നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളും മുട്ട ഉല്പാദനത്തിലും, പാല് ഉല്പാദനത്തിലും, കാർഷിക മേഖലയിലും സ്വയം പര്യാപ്തത നേടുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പദ്ധതിയുടെ തുടക്കമെന്ന രീതിയിലാണ് കോഴികളെ നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് റയീസ നൗഷാദ് അധ്യക്ഷത വഹിച്ചു. സീനിയർ വെറ്ററിനറി സർജൻ ഡോ. അനിൽ, വെറ്ററിനറി സർജൻ ഡോ. അമ്പിളി നാരായണൻ, പഞ്ചായത്ത്‌ സെക്രട്ടറി എം.പി രജുലാൽ എന്നിവർ സംസാരിച്ചു.

ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ്: കൊയിലാണ്ടിയിലെ മുഴുവന്‍ വീടുകളിലും ക്യൂആര്‍ കോഡ് പതിച്ചു

മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിന് ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ക്യു ആര്‍ കോഡ് പതിച്ചു. കെല്‍ട്രോണിന്റെ സഹായത്തോടെയാണ് മാലിന്യ ശേഖരണ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ചത്. 2023 ജനുവരി 1 മുതല്‍ കൊയിലാണ്ടി നഗരസഭ പരിധിയില്‍ ഹരിതമിത്രം ആപ്ലിക്കേഷന്‍ വഴി മാലിന്യ ശേഖരണം നടക്കും.

ജില്ലയില്‍ ഏറ്റവുമാദ്യം ക്യൂ ആര്‍ കോഡ് പതിച്ച് സര്‍വ്വേ പൂര്‍ത്തിയാക്കിയ തദ്ദേശ സ്ഥാപനമെന്ന നേട്ടവും കൊയിലാണ്ടി നഗരസഭയ് ക്കാണ്. ഹരിത കര്‍മ്മ സേനയുടെ ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളാണ് നഗരസഭയെ നേട്ടത്തിന് അര്‍ഹമാക്കിയത്. എല്ലാ വീടുകളിലും ക്യൂ ആര്‍ കോഡ് പതിച്ചതോടെ നഗരസഭയില്‍ ഹരിത കര്‍മ്മസേനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഉദ്യോഗസ്ഥര്‍ക്ക് ഏത് സമയവും വിലയിരുത്താന്‍ സാധിക്കും.

മാലിന്യസംസ്‌കരണ രംഗത്ത് ഏറ്റവും ആധുനിക സംവിധാനങ്ങള്‍ നടപ്പിലാക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ടും ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പ്രജില സി എന്നിവരും അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതി ബോധിപ്പിക്കാനുള്ള സംവിധാനം, അശാസ്ത്രീയമായ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നഗരസഭയില്‍ അറിയിക്കാനുള്ള സംവിധാനം, ഹരിതകര്‍മ്മസേനയുടെ ജോലി ഓരോ ദിവസവും പ്രത്യേകം തിരിച്ചു നല്‍കാനുള്ള സംവിധാനം, സാമ്പത്തിക ക്രയവിക്രയങ്ങളുടെ കൃത്യത ഉറപ്പാക്കാല്‍ തുടങ്ങിയ സൗകര്യങ്ങളും ഇനി എളുപ്പമാകും.

വിവരാവകാശ രേഖക്ക് ഫീസ് മറ്റ് നിയമങ്ങൾ പ്രകാരം വാങ്ങരുത് – വിവരാവകാശ കമ്മിഷൻ

വിവരാവകാശ രേഖകൾ നൽകാൻ മറ്റ് നിയമങ്ങൾ പ്രകാരം ഫീസ് വാങ്ങാൻ പാടില്ലെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കിം നിർദ്ദേശിച്ചു. ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമത്തിന് എക്സിക്യൂട്ടീവ് ഓർഡറിലൂടെ ഭേദഗതി കൊണ്ടുവരാനാവില്ലെന്നും അത്തരം ഉത്തരവുകളുണ്ടെങ്കിൽ അത് എസ്.പി.ഐ.ഒ മാർക്ക് ബാധകമല്ലെന്നും കമ്മിഷൻ വിശദമാക്കി. ഉണ്ണിക്കുളം വില്ലേജ് ഓഫീസർ അപേക്ഷകനായ പി.വി പത്ഭനാഭ കുറുപ്പിൽ നിന്ന് 27 രൂപക്ക് പകരം 891 രൂപ അടപ്പിച്ച നടപടി തെറ്റാണെന്നും കമ്മീഷണർ പറഞ്ഞു. അധികമായി ഈടാക്കിയ 864 രൂപ തിരികെ നൽകാനും ഉത്തരവായി. കോഴിക്കോട് കലക്ടറേറ്റിൽ തെളിവെടുപ്പ് നടത്തുകയായിരുന്നു അദ്ദേഹം.

ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ നഗരത്തിലെ ചിപ്സ് ഉല്പാദന കേന്ദ്രത്തിൽ നടത്തിയ പരിശോധന റിപ്പോർട്ട്, ലാബ് ടെസ്റ്റ് റിസൾട്ട് എന്നിവയെല്ലാം പൊതുരേഖയാണെന്നും അത് പൂർണമായും അപേക്ഷകർക്ക് നൽകണമെന്നും കമ്മീഷൻ ഉത്തരവായി. എ.കെ.കെ.ആർ ഹൈ സ്കൂൾ ഫോർ ഗേൾസിലെ നിയമന വിവരങ്ങൾ 2023 ജനുവരി നാലിനകം നൽകണം. മലബാർ ക്രിസ്ത്യൻ കോളജിലെ നിയമന വിവരങ്ങൾ കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഇടപെട്ട് ലഭ്യമാക്കണം.

കായണ്ണ പഞ്ചായത്തിലെ അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കാണാതായി എന്നു പറയുന്ന രേഖകൾ രണ്ടാഴ്ചയ്ക്കകം കമ്മീഷൻ ആസ്ഥാനത്ത് ഹാജരാകണം. വിവരാവകാശ അപേക്ഷയ്ക്ക് ചോദ്യം വ്യക്തമല്ല എന്ന് മറുപടി നൽകിയ നാദാപുരം എ.ഇ.ഒ ഓഫീസിലെ ജീവനക്കാർ ചോദ്യവും മറുപടികളും ബന്ധപ്പെട്ട ഫയലുകളുമായി കമ്മീഷനെ തിരുവനന്തപുരത്ത് എത്തി നേരിൽ കാണണമെന്നും നിർദേശിച്ചു. ആകെ 18 കേസുകളാണ് പരി​ഗണിച്ചത്.

തീരജനസമ്പര്‍ക്ക സഭ: പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു

ജില്ലാ ഭരണകൂടത്തിന്റെയും ഫിഷറീസ് വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വടകര കോതി ബസാറിനു സമീപത്തെ സൈക്ലോണ്‍ ഷെല്‍ട്ടറില്‍ തീരസഭ അദാലത്ത് സംഘടിപ്പിച്ചു. മൂരാട് മുതല്‍ അഴിയൂര്‍ വരെയുള്ള തീരദേശ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ പരിഹാരമാകാതെ കിടന്ന നൂറോളം പരാതികള്‍ തീരസഭയിലൂടെ പരിഹരിച്ചു. സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കുന്നതിനുള്ള പരാതികള്‍ തുടര്‍ നടപടികള്‍ക്കായി മാറ്റിവെച്ചു. ലോണ്‍ സംബന്ധമായവ, പുനര്‍ഗേഹം, ലൈഫ്മിഷന്‍, റവന്യൂ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് തുടങ്ങി നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു.

സൈക്ലോണ്‍ ഷെല്‍ട്ടറില്‍ നടന്ന തീരസഭ അദാലത്ത് വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി മേഖലയില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.

എംബിബിഎസ് ഫസ്റ്റ് ക്ലാസ് നേടിയ ഒ പി ശ്വേത, കുസാറ്റില്‍ നിന്നും എംഎഫ്എസ്‌സി രണ്ടാം റാങ്ക് നേടിയ അനുമോള്‍, ബിഡിഎസ് കോഴ്‌സ് പഠിക്കുന്ന ശ്രേഷ രമേശ്, രക്ഷാ പ്രവര്‍ത്തകന്‍ ലത്തീഫ് കാഞ്ഞയി എന്നിവരെയാണ് ആദരിച്ചത്. ചോറോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരന്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജിത്ത്, അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമര്‍ എന്നിവര്‍ സംസാരിച്ചു.

വടകര നഗരസസഭ വികസന സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരം സമിതി അധ്യക്ഷ പി വിജയി, കൗണ്‍സിലര്‍മാരായ അബ്ദുള്‍ ഹക്കിം, നിസാബി, ഷാഹിമ, സുരക്ഷിത, ഹാഷിം വിവിധ തൊഴിലാളി യൂണിയന്‍ ഭാരവാഹികളായ സി പ്രകാശന്‍, വേണുഗോപാല്‍, എ.ടി ശ്രിധരന്‍, സുനില്‍ ദത്ത്, യു.നാസര്‍, പ്രഹ്ലാദന്‍ എന്നിവരും പങ്കെടുത്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുധീര്‍ കിഷന്‍ സ്വാഗതവും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ ലബീബ് നന്ദിയും പറഞ്ഞു. ഡിസംബർ 23 ന് കൊയിലാണ്ടി ജി.ആര്‍.എഫ്.ടി.എച്ച്.എസില്‍ നടക്കേണ്ട തീരസഭ അദാലത്ത് ജനുവരി ആറിലേക്ക് മാറ്റിയതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

മാവൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

സംസ്ഥാന സർക്കാരിന്റെയും സമഗ്ര ശിക്ഷാ കേരളയുടെയും ആഭിമുഖ്യത്തിൽ മാവൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു. കേന്ദ്രത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.

സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്കൂളിൽ വെതർ സ്റ്റേഷൻ സ്ഥാപിച്ചത്. കുട്ടികൾക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാൻ സാധ്യമാക്കുക എന്നതാണ് വെതർ സ്റ്റേഷൻ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്. അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആർദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാർത്ഥികൾക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികൾക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ വി.ടി ഷീബ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ മോഹൻദാസ്, മാവൂർ ബി.ആർ.സി പ്രോജക്ട് കോർഡിനേറ്റർ ജോസഫ് തോമസ്, പി.ടി.എ വൈസ് പ്രസിഡന്റ് സുരേഷ് പുതുക്കുടി, ഹെഡ്മിസ്ട്രസ് യു.സി ശ്രീലത എന്നിവർ സംസാരിച്ചു. എ.എം ഷബീർ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ എ.പി മിനി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.പി ആലിക്കുട്ടി നന്ദിയും പറഞ്ഞു.

നിയോജക മണ്ഡലങ്ങളില്‍ അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ആധുനിക സൗകര്യങ്ങളോട് കൂടിയ ഐസോലേഷന്‍ വാര്‍ഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 17 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോട് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍, അതത് മണ്ഡലങ്ങളിലെ എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകര്‍ച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതല്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഓരോ നിയോജക മണ്ഡലത്തിലുമുള്ള ഒരാശുപത്രിയില്‍ 10 കിടക്കകളുള്ള ഐസോലേഷന്‍ വാര്‍ഡാണ് സജ്ജമാക്കുന്നത്. എം.എല്‍.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എല്‍. ആണ്. ആദ്യഘട്ടത്തില്‍ നിര്‍മ്മാണത്തിനായി അനുമതി നല്‍കിയ 90 ആശുപത്രികളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനമാണ് നടക്കുന്നത്. ബാക്കിയുള്ളവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം സി.എച്ച്.സി. പൂവാര്‍, കൊല്ലം സി.എച്ച്.സി. നെടുങ്കോലം, സി.എച്ച്.സി. നെടുമ്പന, സി.എച്ച്.സി. തെക്കുംഭാഗം, തൃശൂര്‍ വടക്കാഞ്ചേരി ജില്ലാ ആശുപത്രി, സി.എച്ച്.സി. പഴഞ്ഞി, സി.എച്ച്.സി. പഴയന്നൂര്‍, മലപ്പുറം സി.എച്ച്.സി. വളവന്നൂര്‍, കോഴിക്കോട് ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, ഗവ. ഡെര്‍മറ്റോളജി ചേവായൂര്‍ എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനമാണ് നടക്കുന്നത്.

പ്രീ എഞ്ചിനീയര്‍ഡ് സ്ട്രക്ച്ചര്‍ ഉപയോഗിച്ചാണ് 2,400 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള ഐസോലേഷന്‍ വാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയര്‍ സോണ്‍, പ്രവേശന ലോബിയോട് കൂടിയ കാത്തിരുപ്പ് കേന്ദ്രം, വിതരണ സ്റ്റോര്‍, ശൗചാലയത്തോട് കൂടിയ സ്റ്റാഫ് റൂം, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷന്‍, എമര്‍ജന്‍സി പ്രൊസീജര്‍ റൂം, ശൗചാലയ ബ്ലോക്ക്, മെഡിക്കല്‍ ഗ്യാസ് സംഭരണത്തിനുള്ള റൂം, പാസേജ് തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ മുറികള്‍ ഓരോ ഐസോലേഷന്‍ വാര്‍ഡിലും സജ്ജീകരിച്ചിട്ടുണ്ട്.

‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’: 8 മാസം ജില്ലയിൽ 9112 സംരംഭങ്ങൾ; ഡ്രീംവെസ്റ്റർ :ഡിസംബർ 23 വരെ ആശയങ്ങൾ സമർപ്പിക്കാം

‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 8 മാസം കൊണ്ട് 9112 സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ വാണിജ്യ വകുപ്പ്. 669.79 കോടിയുടെ നിക്ഷേപവും 20,043 പേർക്ക് തൊഴിലും ഇതുവഴി നൽകാൻ സാധിച്ചതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു.

2022-23 സംരംഭക വർഷത്തിന്റെ ഭാഗമായി കഴിഞ്ഞ 5 വർഷം കൊണ്ട് ആരംഭിച്ച 5915 സംരംഭങ്ങളേക്കാൾ 3197 എണ്ണം അധികമായി ജില്ലയിൽ ആരംഭിച്ചു. 2022-23 വർഷത്തിൽ 13,925 സംരംഭങ്ങൾ ആരംഭിക്കാനായിരുന്നു ലക്ഷ്യമെങ്കിലും 8 മാസം കൊണ്ട് തന്നെ 9000 ത്തിൽ അധികം ആരംഭിക്കാനായി. ഇവയിൽ 1298 നിർമ്മാണ സംരംഭങ്ങളും 3249 സേവന സംരംഭങ്ങളും 4557 വാണിജ്യ സ്ഥാപനങ്ങളുമാണെന്ന് ജനറൽ മാനേജർ പറഞ്ഞു.

ഈ വർഷം ആരംഭിച്ച സംരംഭങ്ങളിൽ 17.6 ശതമാനം കാർഷിക ഭക്ഷ്യ വ്യവസായങ്ങളും 10 ശതമാനം വസ്ത്ര നിർമ്മാണ യൂണിറ്റുകളും 50 ശതമാനം വാണിജ്യ സ്ഥാപനങ്ങളുമാണ്. പുതിയ സംരഭകരെ കണ്ടെത്തി വായ്പ ലൈസൻസ് സബ്സിഡി തുടങ്ങിയവ സംബന്ധിച്ച് ബോധവൽക്കരിക്കുന്നതിനും ആവശ്യമായ സഹായങ്ങൾക്കുമായി 90 ഇന്റേണുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വ്യവസായ വാണിജ്യ വകുപ്പ് നിയമിച്ചിട്ടുണ്ട്.

തദ്ദേശ ഭരണ തലത്തിൽ സംരംഭകർക്ക് ആവശ്യമായ സഹായം ലഭ്യമാക്കുന്നതിന് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കുകയും ലോൺ/ലൈസൻസ് സബിസിഡി മേളകൾ സംഘടിപ്പിക്കുകയും ചെയ്തതായും . സംരംഭകത്വ സഹായ പദ്ധതിയിലൂടെ ഈ വർഷം 72 പേർക്ക് 280.1 ലക്ഷം രൂപ സബിസിഡിയും ചെറുകിട സംരംഭങ്ങൾക്കുള്ള മാർജിൻ മണി ഗ്രാന്റ് ടു നാനോ പദ്ധതിയിൽ 54 യൂണിറ്റുകൾക്ക് 151.12 ലക്ഷം രൂപയും പ്രൈമിന്സ്റ്റേഴ്സ് എംപ്ളോയെന്റ് ജനറേഷൻ പദ്ധതി മുഖേന 235 അപേക്ഷകളിൽ 451.9 ലക്ഷം രൂപ വായ്പയും അനുവദിച്ചു. 61 ഗുണഭോക്താക്കൾക്ക് 143.15 ലക്ഷം രൂപ മാർജിൻ മണി നൽകി. വ്യവസായ ഭദ്ര പദ്ധതിയിൽ 37 പേർക്ക് 6.32 ലക്ഷം രൂപ അനുവദിച്ചു. കൈത്തറി മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികളിലായി 384.36 ലക്ഷം രൂപ വിതരണം ചെയ്തതായും ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ്സിന്റെ ഭാഗമായ എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്റ്റ് പ്രകാരം ജില്ലയിൽ 1814 സംരംഭകർക്ക് സെൽഫ് സർട്ടിഫിക്കേഷൻ ലഭിച്ചു. 1018 സംരംഭങ്ങൾ ആരംഭിക്കുകയും 109.13 കോടിയുടെ മൂലധന നിക്ഷേപവും 3615 തൊഴിലവസരങ്ങളും സൃഷ്ടിച്ചു.
സംരംഭകർക്ക് വിപണി കണ്ടെത്തുന്നതിനായി ദേശീയ തലത്തിൽ നിന്നുള്ള കരകൗശല വിദഗ്ധരെ പങ്കെടുപ്പിച്ച് ഈ മേഖലയെ പ്രോൽസാഹിപ്പിക്കുന്നതിനായി മലബാർ ക്രാഫ്റ്റ് മേളയും ജില്ലാ തല പ്രദർശന മേളയും സംഘടിപ്പിച്ചിട്ടുണ്ട് .

നൂതനവും നവീനവുമായ ആശയങ്ങൾ ബിസിനസ്സ് ഐഡിയ എന്നിവ കണ്ടെത്താനായി ഡ്രീംവെസ്റ്റർ എന്ന പേരിൽ നൂതനാശയ മത്സരത്തിനൊരുങ്ങുകയാണ് വകുപ്പ്. ഡിസംബർ 23 വരെ www.dreamvestor.in എന്ന വെബ് സൈറ്റിലൂടെ ആശയങ്ങൾ സമർപ്പിക്കാം. ഒന്നാം സ്ഥാനത്ത് വരുന്നവർക്ക് 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസ് മുതൽ 20 സ്ഥാനത്ത് വരുന്നവർക്ക് വരെ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കും. കൂടാതെ സംരംഭകരെ ആകർഷിക്കാനും സഹായിക്കാനും നിരവധി പദ്ധതികളാണ് വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്നതെന്നും ജില്ലാ വ്യവസായ കേന്ദ്രം അറിയിച്ചു.

കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ നടത്തും- മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്; വിക്രം മൈതാനിയിൽ പന്തൽ കാൽ നാട്ടി

കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ ഒത്തൊരുമയോടുകൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റ പന്തൽ കാൽ നാട്ടൽ കർമ്മം പ്രധാന വേദിയായ വിക്രം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോടിന്റെ പുറത്തുള്ള എല്ലാവർക്കും ഇവിടെ വരാൻ സാധ്യമാകുന്ന രീതിയിലുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. വീട്ടിലേക്ക് അതിഥികൾ വരുമ്പോൾ എങ്ങനെയാണോ സ്വീകരിക്കുന്നത് അതിനു സമാനമായിട്ടാണ് കോഴിക്കോട് കലോത്സവത്തിൽ പങ്കുകൊള്ളാൻ വരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും കാഴ്ചക്കാരെയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ മാമാങ്കമായ കേരള സ്കൂൾ കലോത്സവം റിവഞ്ച് സ്കൂൾ കലോത്സവമായി മാറുമെന്ന് ഉറപ്പാണ്. വിക്രം മൈതാനം ലഭിച്ചതോടെ പാർക്കിംഗ് സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ സുഗമമായി. എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കി ഒരു തരത്തിലുമുള്ള പ്രയാസങ്ങൾ ഇല്ലാതെ കലോത്സവം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി ശിവാനന്ദൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ മനോജ്‌ കുമാർ, എസ്. എസ്. കെ ജില്ലാ കോർഡിനേറ്റർ അബ്ദുൾ ഹക്കീം, വിവിധ കമ്മിറ്റി ചെയർമാന്മാർ, കൺവീനർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദേശീയപാത ആറ് വരിയാക്കൽ: ജില്ലയിലെ നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

ദേശീയപാത ആറ് വരിയാക്കുന്നതിന്റെ ഭാ​ഗമായി ജില്ലയിൽ നടക്കുന്ന നിർമ്മാണ പ്രവൃത്തികൾ 2024 -ഓ‌ടെ പൂർത്തിയാക്കാൻ സാധിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടയാ‌ട് മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നതിനായി ​സ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള സർക്കാരാണ് രാജ്യത്ത് ആദ്യമായി ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് 25 ശതമാനം തുക ചെലവഴിക്കാൻ തയ്യാറായതെന്ന് മന്ത്രി പറഞ്ഞു. അനാവശ്യ വിവാദമുണ്ടാക്കി വികസനം മുടക്കുകയല്ല, മറിച്ച് ചർച്ചകളിലൂടെ വികസനം എത്രയും വേ​ഗത്തിൽ നടപ്പാക്കുകയാണ് വേണ്ടത്. ഇതിനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ റോഡ് വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ദേശീയപാത വികസനത്തിൽ കേരളം സ്വീകരിച്ച നിലപാടിനെ കേന്ദ്രമന്ത്രി നിധിൻ ​ഗഡ്​ഗരി പ്രശംസിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎച്ച് 66 ൽ 28.4 കിലോമീറ്ററിൽ 1853 കോടി രൂപ ചെലവഴിച്ചാണ് കേന്ദ്ര സർക്കാർ ആറ് വരി ബൈപാസ് നിർമ്മിക്കുന്നത്. വെങ്ങളം, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബർ പാർക്ക്, അഴിഞ്ഞിലം, പന്തീരാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിൽ ഏഴ് മേൽപാലങ്ങളും, മലാപ്പറമ്പ്, വേങ്ങേരി എന്നിവി‌ടങ്ങളിൽ ഭൂ​ഗർഭപാതകളും, നാല് അടിപാതകളുമുള്ള ബൈപാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ റൂട്ടിലെ ഗതാഗതക്കുരുക്കിനു വലിയൊരു പരിഹാരമാകും.

ദേശീയപാത അതോറിറ്റി ഉദ്യോ​ഗസ്ഥനായ ഷഫിൻ, കൺസൾട്ടൻസി എഞ്ചിനിയർമാരായ കെ.പി പ്രഭാകരൻ, പി.എൻ ശശികുമാർ, അഭിലാഷ് കെ.ധർമ്മ, കെ.എം.സി പ്രോജക്ട് മാനേജർ ദേവരാജ റെഡ്ഡി തുടങ്ങിയവർ സംബന്ധിച്ചു.