തിരികെയെത്തിയ പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/01/2023)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

കർഷകർക്ക് ത്രിദിന പരിശീലനം

വേങ്ങേരി കാർഷിക മൊത്ത വ്യാപാര കേന്ദ്രത്തിലെ കർഷക പരിശീലന കേന്ദ്രത്തിൽ കൃഷിയിൽ മണ്ണ് ജല സംരക്ഷണ മാർഗ്ഗങ്ങൾ, നഗര കൃഷി (അർബൻ അഗ്രികൾച്ചർ), അഗ്രികൾച്ചർ മാർക്കറ്റിംങ് എന്നീ വിഷയങ്ങളിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുളള കർഷകർക്ക് ത്രിദിന പരിശീലനം നടത്തുന്നു. രാവിലെ 10 മുതൽ 5 മണി വരെ മൂന്ന് ദിവസം തുടർച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന. താൽപര്യമുള്ള കർഷകർ 0495-2373582 എന്ന ഫോൺ നമ്പറിൽ ജനുവരി ഏഴിന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം.

കേരസുരക്ഷ ഇൻഷുറൻസ്: താല്പര്യമുളള തെങ്ങുകയറ്റ തൊഴിലാളികൾ ബന്ധപ്പെടണം

നാളികേര വികസന ബോർഡിന്റെ കേരസുരക്ഷ ഇൻഷുറൻസിന് വേണ്ടിയുളള തെങ്ങുകയറ്റ തൊഴിലാളികളുടെ ഇൻഷുറൻസ് സംബന്ധിച്ച അപേക്ഷകൾ സ്വാഭിമാൻ സോഷ്യൽ സർവീസ് ആന്റ് ചാരിറ്റബിൽ സൊസൈറ്റിയിൽ ലഭ്യമാണ്. ഇൻഷുറൻസിൽ ചേരാൻ താല്പര്യമുളള തെങ്ങുകയറ്റ തൊഴിലാളികൾ 8891889720 എന്ന നമ്പറിൽ ബന്ധപ്പെടണം.

പ്രീമെട്രിക് സ്കോളർഷിപ്പ് : അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിലെ ഒൻപത്, 10 ക്ലാസ്സുകളിൽ പഠിക്കുന്ന (ഒ. ഇ. സി, ഇ.ബി. സി,
വിഭാഗം) വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഒ.ഇ.സി, ഇ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന സ്ഥാപന മേധാവി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 31. ഇതു സംബന്ധിച്ച വിജ്ഞാപനം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന വെബ്ബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0495- 2377786

ഗതാഗത നിയന്ത്രണം

പേരാമ്പ്ര-താനിക്കണ്ടി-ചക്കിട്ടപ്പാറ റോഡിൽ കി.മീ 5/950 നും 8/200 നും ഇടയിൽ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി ബി.എം ചെയ്യുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ ( ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചു.

പേരാമ്പ്ര ഭാഗത്തു നിന്നും ചക്കിട്ടപ്പാറക്ക് പോകുന്ന വാഹനങ്ങൾ വിളയാട്ടുകണ്ടിമുക്ക്- പന്തിരിക്കര വഴിയും ചക്കിട്ടപ്പാറ നിന്നും പേരാമ്പ്രയ്ക്ക് പോകുന്ന വാഹനങ്ങൾ ചെമ്പ്ര വഴിയും പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.

ഗതാഗത നിയന്ത്രണം

കോഴിക്കോട് ബാലുശ്ശേരി റോഡിൽ ചേളന്നൂർ ബ്ലോക്ക് ഓഫീസ് മുതൽ ബാലുശ്ശേരി മുക്ക് വരെ വിവിധ ഭാഗങ്ങളിലായി ബി.സി പ്രവൃത്തി ആരംഭിക്കുന്നതിനാൽ നാളെ (ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിയന്ത്രിക്കുന്നതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.

ഗതാഗത നിയന്ത്രണം

മാച്ച് ഫാക്ടറി ചെയിയ കാഞ്ഞിലശ്ശേരി റോഡിൽ കി.മീ 0/000 മുതൽ 2/650 വരെയുളള ടാറിങ് പ്രവത്തി ആരംഭിക്കുന്നതിനാൽ നാളെ (ജനുവരി 04) മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതു വഴിയുളള വാഹന ഗതാഗതം നിരോധിച്ചു. കുറുവങ്ങാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ കൊയിലാണ്ടി ടൗൺ വഴിയും ചെറിയ വാഹനങ്ങൾ കുറുവങ്ങാട് അക്വഡറ്റ്-ചെങ്ങോട്ടുകാവ് റോഡ് വഴിയും ചേലിയ ഭാഗത്തേക്ക് പോകേണ്ടതാണെന്ന് എക്സിക്യൂട്ടിവ് എഞ്ചിനീയർ അിറയിച്ചു.

ഗതാഗതം നിരോധിച്ചു

കോഴിക്കോട് ജില്ലയിലെ കുളങ്ങരത്ത് നമ്പിത്താൻകുണ്ട് വാളൂക്ക്
വിലങ്ങാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തിക്കുവേണ്ടി കുമ്പളച്ചോലയിൽ നിന്നും
താനിയുള്ള പൊയിൽ വഴി വാളൂക് വിലങ്ങാട് ഭാഗത്തേക്കുള്ള വാഹന ഗതാഗതം ജനുവരി 6
മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായി നിരോധിച്ചതായി
കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്റ്റ് മാനേജ്മെന്റ് യൂണിറ്റ്, കോഴിക്കോട്/വയനാട് ഡിവിഷൻ
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

മുണ്ടോംകണ്ടം, വാളൂക്, വിലങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പളച്ചോലയിൽ നിന്നും കമ്മായി വഴി തിരിഞ്ഞു പോകണം. മുണ്ടോംകണ്ടത്ത് നിന്നും കുമ്പളച്ചോല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കമ്മായി വഴി
തിരിഞ്ഞു പോകണം.

സ്വർണ്ണക്കപ്പ് നഗരത്തിലെത്തി

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വർണ്ണക്കപ്പ് ജില്ലാ അതിർത്തിയായ രാമനാട്ടുകരയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ചേർന്ന് ഏറ്റുവാങ്ങി. ശേഷം ഘോഷയാത്രയായി കപ്പ് കോഴിക്കോട് നഗരത്തിലേക്ക്. ഫറോക്ക്ചുങ്കം, ഫറോക്ക് ബസ് സ്റ്റാന്റ്, ചെറുവണ്ണൂർ സ്രാമ്പ്യ, മോഡേൺ എന്നിവിടങ്ങളിൽ വിവിധ സ്കൂളുകൾ ചേർന്ന് ഘോഷയാത്രയ്ക്ക് വർണ്ണാഭമായ സ്വീകരണം നൽകി. തുടർന്ന് സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര കോഴിക്കോട് മുതലക്കുളം മൈതാനിയിൽ എത്തിച്ചേർന്നു.
എം എൽ എ മാരായ കെ. പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ, കെ എം സച്ചിൻ ദേവ്, മേയർ ഡോ. ബീന ഫിലിപ്പ്, രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, വാർഡ് കൗൺസിലർമാർ, ഡി ഡി ഇ മനോജ്‌ കുമാർ, ട്രോഫി കമ്മിറ്റി കൺവീനർ പി.പി ഫിറോസ് തുടങ്ങിയവർ പങ്കെടുത്തു.

പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു

2023 വർഷത്തെ നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശരേഖ പുതുക്കി പ്രസിദ്ധീകരിച്ചു. കേരള പഞ്ചായത്ത് രാജ് നിയമം 272 എ വകുപ്പ് പ്രകാരം എല്ലാവർഷവും നിർണയിക്കപ്പെട്ട രീതിയിൽ പൗരന്മാർക്ക് പഞ്ചായത്തിൽ നിന്ന് നൽകുന്ന വിവിധയിനം സേവനങ്ങളും അവയുടെ വ്യവസ്ഥകളും ലഭ്യമാക്കുന്ന സമയപരിധിയും രേഖപെടുത്തിയുട്ടുള്ളതാണ് പൗരാവകാശ രേഖ.

പൗരാവകാശരേഖ പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽഹമീദിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സി കെ നാസർ, എം സി സുബൈർ, ജനിതഫിർദൗസ്, മെമ്പർ പി പി ബാലകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു

വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ചേർന്നു

വടകര നഗരസഭ 2023-24 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം ബി ഇ എം ഹയർസെക്കൻഡറി സ്കൂളിൽ നടന്നു. 18 ഗ്രൂപ്പുകളിൽ നിന്നായി നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ട നിർദ്ദേശങ്ങൾ ലഭിച്ചു. അതിദരിദ്രരുടെ ഉന്നമനത്തിനും വാതിൽപ്പടി സേവന പദ്ധതിക്കും മാലിന്യ നിർമാർജനത്തിനും ഊന്നൽ നൽകി കൊണ്ടുള്ള ചർച്ചകളാണ് കൂടുതലും ഉണ്ടായത്.

നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വനജ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ
പി സജീവ് കുമാർ, പി വിജയി, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമൻ, ടി കെ പ്രഭാകരൻ, വി കെ അസീസ് മാസ്റ്റർ, സി കെ കരീം, പി.കെ സിന്ധു, നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംസാരിച്ചു.

റിപ്പബ്ലിക് ദിനാഘോഷം: യോഗം ചേർന്നു

റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ ഡോ.എൻ തേജ് ലോഹിത് റെഡ്ഢിയുടെ അധ്യക്ഷതയില്‍ യോഗം ചേർന്നു. റിപ്പബ്ലിക്ക് ദിനാഘോഷം, പരേഡ് തുടങ്ങിയവയുടെ പ്രാഥമിക ഒരുക്കങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

എഡിഎം സി മുഹമ്മദ് റഫീഖ്, സബ് കലക്ടർ വി ചെൽസാ സിനി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കലാപ്രതിഭകൾക്ക് മാനസിക പിന്തുണയുമായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി

മാനസിക സംഘർഷങ്ങൾ ഇല്ലാതെ കലോത്സവത്തെ ആഘോഷമാക്കാൻ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി. കലോത്സവ വേദിയിൽ മത്സരത്തിനെത്തിയ വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും കരുതലും നിയമ സഹായങ്ങളും നൽകുന്നതിനായി വിദഗ്ധരുടെ കൗൺസിലിംങാണ് ഇവിടെ നൽകുന്നത്. വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കും കൗൺസിലിംങ് നൽകുന്നുണ്ട്. 4 ഡോക്ടർമാർ, 4 കൗൺസിലർമാർ എന്നിവരാണ് കൗൺസിലിംഗ് സേവനം ലഭ്യമാക്കുന്നത്.

പൊതുജനങ്ങൾക്ക് നിയമങ്ങൾ സംബന്ധിച്ച ബോധവത്കരണവും നിയമ സഹായവും നൽകും. നിയമ ബോധവത്കരണം നടത്തുക, നിയമ അറിവുകൾ പങ്കുവെക്കുക, സഹായങ്ങൾ നൽകുക, നിയമ സംബന്ധിയായ പുസ്തകങ്ങൾ വിതരണം ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇവിടെ ചെയ്യുന്നുണ്ട്. കൂടാതെ ലീഗൽ സർവീസസ് അതോറിറ്റി പരിഗണിക്കുന്ന വിഭാഗത്തിലുള്ള പരാതികൾ നേരിട്ട് സ്വീകരിക്കുകയും ചെയ്യും.

ജില്ലാ കോടതി ജഡ്ജ് കൃഷ്ണകുമാർ, സബ് ജഡ്ജ് എം.പി ഷൈജൽ എന്നിവരുടെ നേതൃത്വത്തിൽ
പ്രധാന വേദിയായ വിക്രം മൈതാനിയിലാണ് ലീഗൽ സർവീസസ് അതോറിറ്റിയുടെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു

രണ്ടാഴ്ച്ചക്കാലം നീണ്ടു നിന്ന വേങ്ങേരി അഗ്രി ഫെസ്റ്റ് സമാപിച്ചു. വേങ്ങേരി നഗര കർഷിക മൊത്ത വിപണന കേന്ദ്രത്തിൽ നടന്ന സമാപന ചടങ്ങിൻ്റെ ഉദ്ഘാടനം ജില്ലാ കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി നിർവ്വഹിച്ചു. വേങ്ങേരി മാർക്കറ്റ് ട്രേഡേഴ്സുമായി സഹകരിച്ച് അടുത്തവർഷവും മേള സജീവമാക്കുമെന്ന് കലക്ടർ പറഞ്ഞു.

മാർക്കറ്റ് സെക്രട്ടറി പി.ആർ രമാദേവി
അധ്യക്ഷത വഹിച്ചു. കൃഷിവകുപ്പ് പ്രിൻസിപ്പൽ ഓഫീസർ ഇ.എസ്. മിനി, അസിസ്റ്റന്റ് സെക്രട്ടറി അജയ് അലക്സ്, ഫെസ്റ്റ് ചെയർമാൻ കെ. ജയൻ, ജനറൽ കൺവീനർ നാരായണൻ കല്പകശേരി, അബ്ദുൽ ഗഫൂർ വാളിയിൽ, കെ. സി. ഉദയൻ എന്നിവർ പ്രസംഗിച്ചു. ഉദയൻ ആയോളി, സന്തോഷ് വേങ്ങേരി, ഗോപി തടമ്പാട്ടുതാഴം എന്നിവരെ ജില്ലാ കലക്ടർ ആദരിച്ചു.

കൊവിഡിന് ശേഷം ആദ്യമായി പുനരാരംഭിച്ച വേങ്ങേരി അഗ്രി ഫെസ്റ്റിലേക്ക് ഒരു ലക്ഷത്തിലേറെ ആളുകളായിരുന്നു ഇത്തവണ സന്ദർശകരായി എത്തിയത്.

ഫ്‌ളവര്‍ ഷോ, അമ്യുസ്‌മെന്റ് പാര്‍ക്ക് പുരാവസ്തു സ്റ്റാൾ, ഫുഡ് കോര്‍ട്ട്, കുതിര സവാരി, കൃഷിത്തോട്ടം, വിവിധ ഉൽപന്നങ്ങളുടെ വിപണന, പ്രദർശന സ്റ്റാൾ തുടങ്ങിയവയായിരുന്നു ഇത്തവണത്തെ വേങ്ങേരി ഫെസ്റ്റിൻ്റെ പ്രത്യേകത. ദിവസേന കലാപരിപാടികളും അരങ്ങേറിയിരുന്നു.

സംസ്ഥാനത്തെ ആദ്യ മദർ ന്യൂബോൺ കെയർ യൂണിറ്റ് കോഴിക്കോട്

കുഞ്ഞുങ്ങളുടെ ആരോഗ്യ കരുതലിൽ പുതുചുവടുമായി സംസ്ഥാന സർക്കാർ.
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച
മദർ ന്യൂബോൺ കെയർ യൂണിറ്റ് (എം.എൻ.സി.യു) കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ ആരംഭിച്ചു. നവജാത ശിശുക്കളുടെ ചികിത്സയിലും പരിചരണത്തിലും നാഴികകല്ലാവുന്ന പദ്ധതിയാണ് മദർ ന്യൂബോൺ കെയർ യൂണിറ്റ്. സംസ്ഥാന സർക്കാർ, ദേശിയ ആരോഗ്യ ദൗത്യവുമായി സഹകരിച്ച് ആരംഭിച്ച സംവിധാനമാണിത്.

എം.എൻ.സി.യുവിൽ കുഞ്ഞുങ്ങളോടൊപ്പം അമ്മമാർക്ക് കിടക്കാൻ 8 കിടക്കകളും, കുഞ്ഞുങ്ങൾക്കായി വെന്റിലേറ്റർ, വാമർ, ഫോട്ടോതെറാപ്പി, മൾട്ടിപ്പാര മോണിറ്റർ, എന്നിവയെല്ലാം ചേർന്ന് 8 ഐ.സി.യു ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. ലെവൽ 1, ലെവൽ 2 മുറികളിലായി നവജാത ശിശുക്കളുടെ പരിചരണത്തിനായി 12 ബേബി വാമറുകൾ സ്ഥാപിക്കുന്നതിന് വേണ്ട സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ കൗൺസിലിംഗ് മുറിയും സ്റ്റാഫുകൾക്ക് ആവശ്യമായ സൗകര്യങ്ങളും മദർ ന്യൂബോൺ കെയർ യൂണിറ്റിൽ സജ്ജമാക്കിയിട്ടുണ്ട്.

എൻ.എച്ച്.എം ആർ.ഒ.പി 2021-22 ൽ 70 ലക്ഷം രൂപയാണ് പദ്ധതിക്ക് വേണ്ടി അനുവദിച്ചിട്ടുള്ളത്. തീവ്രപരിചരണം ആവശ്യമുള്ള കുഞ്ഞുങ്ങളുടെ ചികിത്സയിൽ അമ്മമാരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സാധിക്കുന്ന എം.എൻ. സി.യു സംവിധാനത്തിലൂടെ മാതൃ-ശിശു ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം നവജാത ശിശു പരിചരണവും കരുതലും മുലയൂട്ടലും കൂടുതൽ ശക്തമാകും. ഇത് കുഞ്ഞിന്റെ അതിവേഗത്തിലുള്ള രോഗ മുക്തിയും കുറഞ്ഞ ആശുപത്രി വാസവും ഉറപ്പാക്കും.

പ്രവാസികള്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലനം ജനുവരി 6 മുതല്‍ 18 വരെ

തിരികെയെത്തിയ പ്രവാസികൾക്കായി നോര്‍ക്ക റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റും (സി എം ഡി ) സംയുക്തമായി ജനുവരി 6 മുതല്‍ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള ഒന്‍പതു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്ക് ബിസ്സിനസ്സ് ആശയങ്ങള്‍ സംബന്ധിച്ച അവബോധം നല്‍കുക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യം.

ജനുവരി ആറിന് തിരുവനന്തപുരത്തും, ഏഴിന് ആലപ്പുഴയിലും, പത്തിന് കോഴിക്കോടും, 11-ന് കോട്ടയം, മലപ്പുറം ജില്ലകളിലും, 12-ന് കൊല്ലത്തും 13-ന് എറണാകുളം, പാലക്കാട് ജില്ലകളിലും 18-ന് തൃശ്ശൂര്‍ ജില്ലയിലുമാണ് പരിശീലനം.

പ്രവാസ ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്റ് പദ്ധതി പ്രകാരമാണ് പരിശീലനം. കൃഷി ,മത്സ്യബന്ധനം ,മൃഗപരിപാലനം ,വാണിജ്യം ,ചെറുകിട വ്യവസായം ,സര്‍വീസ് മേഖല , നിര്‍മാണ യൂണിറ്റുകള്‍, ബിസിനസ് മേഖല എന്നിവയിലേക്കാണ് പരിശീലനം നല്‍കുന്നത് . സൗജന്യ സംരംഭകത്വ അവബോധ പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസികള്‍ സിഎംഡി -യുടെ 0471-2329738 ,8078249505 എന്ന നമ്പരില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്‌സ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.

എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റില്‍ (www.norkaroots.org/ndprem) ലഭ്യമാണ്. വിവിരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണെന്ന്
പി ആർ ഒ അറിയിച്ചു.