ആരോഗ്യ സ്ഥാപനങ്ങളിൽ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (14/10/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

സ്പോട്ട് അഡ്മിഷൻ

സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോർപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് (കേപ്പ്) കീഴിൽ ആലപ്പുഴയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് ആൻഡ് ടെക്നോളജിയിൽ (ഐ എം ടി) ദ്വിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 0477 2267602, 9746125234, 9847961842, 8301890068

അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഡ്‌ഹോക് വ്യവസ്ഥയില്‍ താല്‍കാലികമായാണ് നിയമനം. എം.ബി.ബി.എസും സ്ഥിര ടി.സി.എം.സി രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ഒക്‌ടോബര്‍ 18 ന് രാവിലെ 10 മണിക്ക് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഓഫീസില്‍ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

കേരള ലളിത കലാ അക്കാദമി കലാ വിദ്യാർത്ഥികൾക്ക് നൽകുന്ന 2022-23 മെറിറ്റ് സ്കോളർഷിപ്പുകൾക്കുളള അപേക്ഷകൾ ക്ഷണിക്കുന്നു. 10 മാസത്തേക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. കലാസൃഷ്ടികളുടെ പത്ത് കളർ ഫോട്ടോഗ്രാഫുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ഒക്ടോബർ 31 നകം www.lalithkala.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് :04872333773

അപേക്ഷ ക്ഷണിച്ചു

എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ തുടങ്ങുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ; മൊബൈൽ ഫോൺ സർവ്വീസിങ്ങ്, ഡാറ്റാ എൻട്രി ആന്റ് ഓഫീസ് ഓട്ടോമേഷൻ, എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2720250

അപേക്ഷ ക്ഷണിച്ചു

വെസ്റ്റ് ഹിൽ കേരള ഗവ. പോളിടെക്നിക് കോളേജിൽ മാത്തമാറ്റിക്സ് ലക്ച്ചറുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര് 17 ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് പ്രിൻസിപ്പൽ മുൻപാകെ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04952383924 ,www.kgptc.in

താൽപര്യപത്രം ക്ഷണിച്ചു

എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റെ് പ്രോഗ്രാം പദ്ധതി പ്രകാരം മത്സര പരീക്ഷാ പരിശീലനത്തിന് സ്ഥാപനങ്ങളെ എംപാനൽ ചെയ്യുന്നതിനായി സിവിൽ സർവ്വീസ്, ബാങ്കിംഗ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ് ,നെറ്റ്, ഗേറ്റ്/ മാറ്റ് തുടങ്ങിയ മത്സര പരിക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളിൽ നിന്നും താൽപര്യപത്രം ക്ഷണിച്ചു. അവസാന തിയതി ഒക്ടോബർ 25. കൂടുതൽ വിവരങ്ങൾക്ക്: 0495-2377786, 0495-2377796
,[email protected]

പരിശീലനം നടത്തുന്നു

കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ക്ഷീര കർഷകർക്കായി തീറ്റപ്പുൽ വളർത്തൽ വിഷയത്തിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലനത്തിന് താത്പര്യമുള്ളവർ ഒക്ടോബര് 18 നു മുൻപായി [email protected] എന്ന മെയിൽ വിലാസത്തിലോ 0495 241457 നമ്പറിലോ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

അപേക്ഷ ക്ഷണിച്ചു

വടകര മോഡൽ പോളിടെക്നിക് കോളേജിൽ ലക്ച്ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ (പാർട്ട് ടൈം) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫിസിക്കൽ എഡ്യൂക്കേഷൻ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഒക്ടോബർ 18 ന് രാവിലെ 10 മണിയ്ക്കാണ് ഇൻറ്റർവ്യൂ. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും, കോപ്പികളും സഹിതം ഹാജരാവേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496 2524920

അഭിമുഖം നടത്തുന്നു

കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ ബലവാടിക അധ്യാപക തസ്തികയിലേക്ക് കരാടിസ്ഥാനത്തിൽ നിയമനത്തിനായി അഭിമുഖം നടത്തുന്നു. ഒക്ടോബർ 22 രാവിലെ 9 മണിക്കാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് : 0495 2744200

മുഖംമാറാൻ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി; കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ കെട്ടിട നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറിയുടെ മുഖം മാറും.

പന്തീരങ്കാവില്‍ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്‍റെ ഒന്നാം നിലയിലാണ് ഇപ്പോള്‍ ഒളവണ്ണ ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തിച്ചുവരുന്നത്. ഒട്ടേറെ ആളുകള്‍ ആശ്രയിക്കുന്ന ഈ ആശുപത്രി മുകളിലത്തെ നിലയിലായതിനാൽ പ്രായമായവരും വികലാംഗരും ഉള്‍പ്പെടെയുള്ള രോഗികള്‍ പ്രയാസപ്പെട്ടിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചതോടെ സഫലമാവുന്നത്.

ഒളവണ്ണ അരീക്കാട് റോഡിന് സമീപം പാലക്കുറുമ്പ ക്ഷേത്രത്തിനടുത്ത് സൗജന്യമായി വിട്ടുകിട്ടിയ 7 സെന്‍റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിര്‍മ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്.

ആശുപത്രിയില്‍ സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടര്‍, ഫാര്‍മസിസ്റ്റ്, ക്ലാര്‍ക്ക്, സ്വീപ്പര്‍ എന്നിവര്‍ക്ക് പുറമെ ഹൗസ് സര്‍ജന്‍സിയുടെ ഭാഗമായുള്ള ഡോക്ടര്‍മാരും സേവനത്തിനെത്താറുണ്ട്.

ഡിജിറ്റൽ സർവ്വേ: പ്രാരംഭ നടപടികൾക്ക് വടകരയിൽ തുടക്കമായി

ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയിലെ നടക്കുതാഴ വില്ലേജിൽ ഡിജിറ്റൽ സർവ്വേ നടത്തുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം ചേർന്നു. ഡിജിറ്റൽ സർവ്വേയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസങ്ങളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.

വാർഡ്തലത്തിൽ സർവ്വേസഭകൾ സംഘടിപ്പിക്കാനും ഈ മാസം 25 നകം സർവ്വേസഭ ചേർന്ന് സർവ്വേയെക്കുറിച്ച് വിശദീകരിക്കാനും നവംബർ 1 മുതൽ സർവ്വേ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

വടകര നഗരസഭയിൽ നടന്ന യോഗത്തിൽ ഹെഡ് സർവ്വേയർ ഷരീഫ ബീവി, ഡ്രാഫ്റ്റ്മാൻമാരായ രാജീവൻ, അബ്ദുൽ സലാം ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

ബാലുശ്ശരിയിൽ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

പറമ്പിന്റെ മുകൾ – കൂനഞ്ചേരിമുക്ക് റോഡ്, കനാൽ റോഡ് എന്നിവ അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതി വർഷത്തിലെ ഫണ്ടായ 77 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ട് റോഡുകളുടെയും നിർമ്മാണം പൂർത്തീകരിച്ചത്. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.വി റീന അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജീവൻ സി.കെ, ഗ്രാമപഞ്ചായത്ത് അംഗം സജിന.കെ, വാർഡ് കൺവീനർ അഹമ്മദ് മാസ്റ്റർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാപഞ്ചായത്ത് അംഗം പി.പി പ്രേമ സ്വാഗതവും റോഡ് കമ്മിറ്റി കൺവീനർ എം.എം രാജൻ നന്ദിയും പറഞ്ഞു.

വയോജന സംരക്ഷണം: ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 എന്ന വിഷയത്തിൽ ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ, പാരാ ലീഗൽ വോളന്റീയർമാർ, ആശാവർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർക്കായിരുന്നു ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം അസിസ്റ്റൻറ് കലക്ടർ സമീർ കിഷൻ നിർവഹിച്ചു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ അഷ്റഫ് കാവിൽ അധ്യക്ഷത വഹിച്ചു. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 എന്ന വിഷയത്തിൽ ഗവ. ലോ കോളജ് പ്രിൻസിപ്പൽ എൻ കൃഷ്ണകുമാർ ക്ലാസ് നയിച്ചു. സാമൂഹ്യനീതി വകുപ്പ്, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവർ നടപ്പിലാക്കുന്ന വയോജന പദ്ധതികളെക്കുറിച്ച് സാമൂഹ്യ സുരക്ഷാ പ്രോഗ്രാം കോർഡിനേറ്റർ എം.പി മുഹമ്മദ് ഫൈസൽ വിശദീകരിച്ചു.

എൽഡർ ലൈൻ പദ്ധതിയെക്കുറിച്ച് ഫീൽഡ് റെസ്പോൺസ് ഓഫീസർ വിനീത് വിജയൻ സംസാരിച്ചു. മെയിന്റനൻസ് ട്രെെബ്യൂണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ടെക്നിക്കൽ അസിസ്റ്റന്റ് എം.ഇന്ദു വിശദീകരിച്ചു.

കുടുംബശ്രീ അംഗങ്ങൾ, പാരാ ലീഗൽ വോളന്റീയർമാർ, ആശാവർക്കർമാർ, പഞ്ചായത്ത് പ്രതിനിധികൾ, എന്നിവർ പങ്കെടുത്തു. സാമൂഹ്യനീതി വകുപ്പ് സീനിയർ സൂപ്രണ്ട് ബി രംഗരാജ് സ്വാഗതവും ജൂനിയർ സൂപ്രണ്ട് സി.വി നിഷാന്ത് നന്ദിയും പറഞ്ഞു.

ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി

ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി മാളിക്കടവ് ഗവ: ഐടിഐയിൽ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. ചേവായൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു കെ.കെ, സീനിയർ പോലീസ് ഓഫീസർ ഷെഫീഖ് കെ.എം എന്നിവർ വിദ്യാർത്ഥികൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു.

പരിപാടിയിൽ ഐടിഐ പ്രിൻസിപ്പൽ ബാലകൃഷ്ണൻ എം.എ അധ്യക്ഷത വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി നൗഫൽ പി സ്വാഗതം പറഞ്ഞു. ഐടിഐ ആന്റി നർകോട്ടിക് സെൽ കോർഡിനേറ്റർ രാധാകൃഷ്ണൻ നന്ദി അർപ്പിച്ച് സംസാരിച്ചു.

മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മെഴുകുതിരി സ്റ്റാന്റുകൾ

മെഴുതിരി വെട്ടത്തെ രൂപങ്ങളാക്കുന്ന മാർബിൾ കരവിരുതുമായി മലബാർ ക്രാഫ്റ്റ് മേളയിലെ മെഴുകുതിരി സ്റ്റാന്റുകൾ. ഒറ്റ മാർബിൾ കല്ലിൽ കൊത്തുപണി ചെയ്ത് മനോഹരമാക്കിയ അനേകം മെഴുകുതിരി സ്റ്റാന്റുകളുമായാണ് ആഗ്ര സ്വദേശി ആവിദ് മേളയെ സമ്പുഷ്ടമാക്കുന്നത്.

ഇളം മഞ്ഞ, തവിട്ട്, നീല, വെള്ള തുടങ്ങിയ നിറങ്ങളിലുള്ള മാർബിൾ കല്ലുകളിൽ കൈകൊണ്ടു ചെയ്ത മനോഹരമായ കൊത്തുപണികളാണ് ഒരുക്കിയിട്ടുള്ളത്. രാജകീയ അകത്തളങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന ഇവയ്ക്ക് മേളയിലും ആവശ്യക്കാർ ഏറെയാണ്. ഈ സ്റ്റാന്റുകളിൽ വിവിധ വലിപ്പങ്ങളിലുള്ള മെഴുകുതിരികൾ കുത്തി വെക്കാനാവും. ഇവയെ കൊത്തുപണി ചെയ്ത മാർബിൾ സ്റ്റാന്റ് കൊണ്ട് മൂടിയാണ് പ്രവർത്തനം. കത്തുന്ന മെഴുതിരി വെളിച്ചം മാർബിളിലെ കൊത്തുപണി രൂപങ്ങളായി പുറത്തേക്ക് വരും.

മാർബിളിൽ തീർത്ത ആഭരണങ്ങൾ, ആഭരണ പെട്ടികൾ, വിവിധ രൂപങ്ങൾ എന്നിവയും ആവിദിന്റെ സ്റ്റാളിലുണ്ട്. 100 രൂപ മുതൽ 6000 രൂപ വരെയുള്ള മാർബിൾ ഉത്പന്നങ്ങളാണ് ഇവിടെയുള്ളത്. സ്വപ്ന നഗരിയിൽ നടക്കുന്ന വ്യവസായ- വാണിജ്യ വകുപ്പിന്റെ ക്രാഫ്റ്റ് മേള ഒക്ടോബർ 16 നാണ് സമാപിക്കുക.

ഓപ്പറേഷന്‍ യെല്ലോ’ 33 കാർഡുകൾ പിടിച്ചെടുത്തു

പൊതുവിതരണ വകുപ്പിന്റെ ‘ഓപ്പറേഷന്‍ യെല്ലോ’ പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ
അനധികൃതമായി കൈവശം വെച്ചിരുന്ന 33 കാർഡുകൾ പിടിച്ചെടുത്തു. കോഴിക്കോട് താലൂക്കിലെ നരിക്കുനി, മടവൂര്‍ പഞ്ചായത്തുകളില്‍ വീട് കയറി നടത്തിയ പരിശോധനയില്‍ അനധികൃതമായി കൈവശം വെച്ച മൂന്ന് എ. എ.വൈ.കാര്‍ഡുകള്‍, 25 മുന്‍ഗണനാ കാര്‍ഡുകള്‍, അഞ്ച് സ്റ്റേറ്റ് സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. കാര്‍ഡുടമകള്‍ക്ക് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ വില അടയ്ക്കുവാന്‍ നോട്ടീസ് നല്‍കി.

വരും ദിവസങ്ങളിലും താലൂക്കിലുടനീളം ശക്തമായ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് പൊതുവിതരണ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് ഓപ്പറേഷൻ യെല്ലോ. അനർഹരെ ഒഴിവാക്കുക, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 9188527301 നമ്പറിലോ 1967 ടോൾ ഫ്രീ നമ്പറിലോ വിളിച്ച് അറിയിക്കാവുന്നതാണ്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

താലൂക്ക് സപ്ലൈ ഓഫീസര്‍ എം. സാബുവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീന.പി. ഇ., റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ഷെദീഷ് സി.കെ, നിഷ വി.ജി., ജീവനക്കാരായ മഞ്ജുള പി.സി, മനുപ്രകാശ്, മൊയ്തീന്‍കോയ എന്നിവര്‍ പരിശോധനയിൽ പങ്കെടുത്തു.

ജീവതാളം പദ്ധതി: സംഘാടക സമിതി രൂപീകരണവും ശില്പശാലയും നടത്തി

ജീവതാളം പദ്ധതിയുടെ കൂരാച്ചുണ്ട് പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണവും ശില്പശാലയും ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിമിലി ബിജു അധ്യക്ഷത വഹിച്ചു.

ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന ജീവിത ശൈലീരോഗ പ്രതിരോധ നിയന്ത്രണ പദ്ധതിയാണ് ജീവതാളം.

ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ഹസീന, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡാർലി എബ്രഹാം, മെമ്പർമാരായ ബിൻസി തോമസ്, വിൻസൺ മംഗലത്ത് പുത്തൻപുരയിൽ, സണ്ണി പുതിയകുന്നേൽ, അരുൺ ജോസ്, ജസീ കരിമ്പനക്കൽ, ആൻസമ്മ എൻ. ജെ, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.ബഷീർ, കക്കയം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടോജോ തുടങ്ങിയവർ പങ്കെടുത്തു. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സുരേശൻ ക്ലാസ് എടുത്തു.

സംരംഭക വർഷം 2022-23: അവലോകന യോഗം ചേർന്നു

സംരംഭക വർഷം 2022-23 മായി ബന്ധപ്പെട്ട് ബാലുശ്ശേരി നിയോജക മണ്ഡലം അവലോകന യോഗം ചേർന്നു. അഡ്വ.സച്ചിൻ ദേവ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി ശശി അധ്യക്ഷത വഹിച്ചു.

1169 സംരംഭത്തിൽ 652 യൂണിറ്റ് ആരംഭിച്ച് ബാലുശ്ശേരി നിയോജക മണ്ഡലം ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. 133.79 കോടി രൂപ നിക്ഷേപത്തിലൂടെ 1393 പേർക്കാണ് തൊഴിൽ നൽകിയത്. ചടങ്ങിൽ ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ റഹീമുദ്ധീൻ റിപ്പോർട്ട് അവതരിപ്പിച്ചു.

മണ്ഡലത്തിലെ ഒൻപത് പഞ്ചായത്തുകളിലെ പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഉദ്യോഗസ്ഥർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി എബ്രഹാം, താലൂക്ക് വ്യവസായ ഓഫീസർ അജിത്ത് കുമാർ, ബ്ലോക്ക് വ്യവസായ വികസന ഓഫീസർമാരായ റഹീമുദ്ധീൻ, ബിന്ദു.പി തുടങ്ങിയവർ പങ്കെടുത്തു.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ; സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന്

പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ നടത്തിവരുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം 2022 ന്റെ സംസ്ഥാനതല സമാപനം ഒക്ടോബർ 16 ന് നടക്കുമെന്ന് ജില്ലാ കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിൽ ഒക്ടോബർ 16 വൈകിട്ട് 4 മണിക്ക് ദേവസ്വം പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിക്കും.

മ്യൂസിയം തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പട്ടികജാതി വികസന വകുപ്പിന്റെ ഭവന പൂർത്തീകരണ പദ്ധതിയായ സേഫ് പദ്ധതിയുടെയും വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പ് പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും.

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി “എല്ലാവരും ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തിൽ അധിഷ്ഠിതമായി സംസ്ഥാനത്തിന്റെ എല്ലാഭാഗങ്ങളിലും നൂറോളം സെമിനാറുകളും, ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു. വെബിനാറുകളും ശുചീകരണ പ്രവർത്തനങ്ങളും, ആരോഗ്യ ക്യാമ്പുകളും, പദ്ധതി ഉദ്ഘാടനങ്ങളും, നിർമ്മാണോദ്ഘാടനങ്ങളും ഉൾപ്പെടെ 2022 പ്രോഗ്രാമുകളാണ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത് .

നേട്ടങ്ങൾ പൊതുസമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനോടൊപ്പം പിന്നോക്ക വസ്ഥയിലുള്ള മുഴുവൻ ജനവിഭാഗങ്ങളെയും ഉന്നതിയിലേയ്ക്ക് എത്തിക്കുന്നതിന് പൊതു സമൂഹത്തിന്റെ പിന്തുണയും കൂടിയാണ് ഈ വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ലാപ്ടോപ് , ഗോൾഡ് കോയിൻ വിതരണം, പിന്നോക്ക വിഭാഗ വികസന കോർപ്പറേഷന്റെ ലോൺ വിതരണം എന്നിവയും ഒക്ടോബർ 16 ന് നടക്കും. കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ പുലപ്രകുന്ന് കോളനി ഏറ്റെടുത്ത ക്ലിജോ(ഗവ. ലോ കോളേജ്, കോഴിക്കോട്) സംഘടനയ്ക്കും ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് വിജയി കുമാരി ശിശിര ബാബുവിനും ഇന്റർ നാഷണൽ ബുക്ക്സ് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ അക്ഷിൻ. പി.യ്ക്കും ചടങ്ങിൽ ആദരവ് നൽകും.

സമാപന ചടങ്ങിനോടനുബന്ധിച്ച് ടാഗോർ സെന്റിനറി ഹാൾ പരിസരത്ത് പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം ഉണ്ടായിരിക്കും. .

കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡെപ്യൂട്ടി ഡയറക്ടർ അരവിന്ദാക്ഷൻ ചെട്ട്യാർ, പിന്നോക്ക വിഭാഗ വികസന വകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടർ ശബ്ന, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ മെഹറൂഫ് എം.കെ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ ഷാജി കെ.പി തുടങ്ങിയവർ പങ്കെടുത്തു.

പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന: മുഴുവൻ കുടുംബങ്ങൾക്കും ഇൻഷുറൻസ് ലഭ്യമാക്കി നൊച്ചാട് പഞ്ചായത്ത്

മുഴുവൻ കുടുംബങ്ങൾക്കും അപകട സുരക്ഷ ഇൻഷുറൻസ് ഉറപ്പുവരുത്തി നൊച്ചാട് പഞ്ചായത്ത്. പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന നൂറ് ശതമാനം പൂർത്തീകരിച്ച പഞ്ചായത്തായി നൊച്ചാടിനെ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി പ്രഖ്യാപിച്ചു.

രാജ്യത്തെ 18 മുതൽ 70 വയസുവരെയുള്ളവർക്ക് ലഭ്യമാകുന്ന വ്യക്തിഗത ഇൻഷുറൻസ് പോളിസിയാണ് പ്രധാൻ മന്ത്രി സുരക്ഷാ ബീമാ യോജന. എസ് ബി വൈ ഇൻഷുറൻസ് മേഖലയിൽ വരുന്ന ഒരു സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്.

പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ന‌ടന്ന ചടങ്ങിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ശോഭന വൈശാഖ്, ഷിജി കൊട്ടാരക്കൽ, സി.ഡി.എസ് ചെയർപേഴ്സൺ ശോണിമ, പി.എം.എസ്.ബി.വെെ കോഡിനേറ്റർമാരായ കെ.ഗോപിനാഥൻ, വിശ്വൻ മഠത്തിൽ, അൽഫോൺസ് തോമസ്, ഗ്രാമീണ ബാങ്ക് മാനേജർ ധന്യ എന്നിവർ സംസാരിച്ചു. ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എൻ ശാരദ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി അനീഷ് അരവിന്ദ് നന്ദിയും പറഞ്ഞു.