‘ലോക കിരീടം ചിലപ്പോള്‍ പോര്‍ച്ചുഗലിന് കിട്ടിയേക്കാം, പക്ഷെ റോണാള്‍ഡോ, നിങ്ങള്‍ക്ക് പകരക്കാരന്‍ വരാനുണ്ടാവില്ല പോര്‍ച്ചുഗലില്‍’ ഖത്തറില്‍ നിന്നും റഷീദ് മൂടാടി എഴുതുന്നു


ലോകകപ്പ് അവസാന നാളുകളിലേക്ക് അടുക്കുമ്പോള്‍ ഖത്തറിനെ ഓര്‍ത്ത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അഭിമാനമുണ്ട്. എല്ലാ വെല്ലുവിളികളെയും ചിരിക്കുന്ന മുഖത്തോടെ ഏറ്റെടുത്ത ശൈഖ് തമീം എന്ന ഭരണാധികാരി. മദ്യവും ലഹരിയുമില്ലാത്ത കളി മാത്രം ലഹരിയായ ഒരു ഫുട്‌ബോള്‍ കാഴ്ച. കളി കാണാന്‍ വരുന്ന വിദേശീയരായ വിരുന്നു കാര്‍ക്ക് ഭംഗയായി ആതിഥേയത്വം. അഭിനന്ദിക്കാനും ആദരവ് അര്‍പ്പിക്കാനും വാക്കുകളില്ല, ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പ്, എല്ലാ മേഖലകളിലും മലയാളി തിളക്കം. ഖത്തര്‍ എന്ന കൊച്ചു രാജ്യം വിസ്മയിപ്പിച്ചു കളഞ്ഞു.

ഇതിനിടയിലും ചില നൊമ്പരങ്ങള്‍ / കണ്ണീരുകള്‍ കണ്ടു. ബ്രസീലിന്റെ അപ്രതീക്ഷിത മടക്കം. പ്രിയ റൊണാള്‍ഡോയുടെ കണ്ണ് നനയിച്ച ലോകകപ്പ്. കളി അങ്ങനെയാണ് ചിലര്‍ വാഴും. ചിലര്‍ വീഴും. ഫുട്‌ബോള്‍ അങ്ങനെയാണ് ക്രിസ്ത്യാനോ റൊണാള്‍ഡോ, നിങ്ങള്‍ ഫുട്‌ബോള്‍ കളികമ്പക്കാരുടെ ഹൃദയം കീഴടക്കിയവനാണ്.

ദാരിദ്ര്യത്തോടൊപ്പം ഫുട്‌ബോളിനെയും കൂടെക്കൂട്ടിയ അവന്‍ എട്ടാം വയസ്സില്‍ അമച്വര്‍ ടീമായ ആന്‍ഡോറീന്യക്ക് വേണ്ടി കളിച്ചു തുടങ്ങി. കൗമാരം പിന്നിടുംമുമ്പേ അവന്റെ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തി ഹൃദയം പണിമുടക്കി. പതിനഞ്ചാം വയസ്സില്‍ ഹൃദയത്തിന് ശസ്ത്രക്രിയ വേണ്ടിവന്നവന്‍ കായിക ശേഷിയും ബുദ്ധിശക്തിയും ഒരുപോലെ വേണ്ട ഫുട്‌ബോള്‍ കളിയുടെ ചരിത്രത്തില്‍ തന്റെ പേര് കൊത്തിവെക്കുമെന്ന് സങ്കല്പിക്കാന്‍ പോലും കഴിയുമോ…? പക്ഷെ അവന്‍ അത് സാധിച്ചു, അവന്റെ കാലഘട്ടത്തിലെ ഏറ്റവും നല്ല കളിക്കാരന്‍, ഫുട്ബാള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പത്ത് കളിക്കാരില്‍ ഒരാള്‍, കരിസ്റ്റിയാനോ റൊണാള്‍ഡോ ദോസ് സാന്റോസ് അവേരിയോ എന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ.

അഞ്ചു തവണ ലോകഫുട്ബാള്‍ മാമാങ്കത്തിന് ബൂട്ടണിഞ്ഞ റൊണാള്‍ഡോ ഫുട്‌ബോള്‍ ലോകത്ത് ഒരു കളിക്കാരന് സ്വപ്നം കാണാന്‍ പോലും കഴിയുന്നതിലപ്പുറം നേട്ടങ്ങള്‍ വാരിക്കൂട്ടിയ അതുല്യനായ പ്രതിഭയാണ്, കളിക്കിടയില്‍ അയാള്‍ മനുഷ്യരെ മറന്നില്ല, പട്ടിണിക്കാരെയും കഷ്ട്ടപെടുന്നവരെയും നീതി നിഷേധിക്കപ്പെട്ടവരെയും അയാള്‍ ചേര്‍ത്തു പിടിച്ചു, യൂറോപ്പില്‍ ഇസ്ലാമോഫോബിയ അണപൊട്ടിയൊഴുകിയ കാലത്തും അയാള്‍ നീതി ബോധം കൈവിട്ടില്ല, ഫലസ്തീനികള്‍ക്ക് വേണ്ടി ഉറക്കെ സംസാരിച്ചു, മില്യണ്‍ കണക്കിന് ഡോളര്‍ സംഭാവന നല്‍കി, ഫലസ്തീന്‍ കുട്ടികള്‍ക്ക് വേണ്ടി തന്റെ സ്വര്‍ണ്ണ പാദുകം ലേലത്തിന് വെച്ചു.

തന്റെ രാജ്യത്തിന് വേണ്ടി വേള്‍ഡ് കപ്പ് നേടുകയെന്നത് അയാളുടെ സ്വപ്നമായിരുന്നു, ആ സ്വപ്നം ഇനി ഒരിക്കലും സാധ്യമാവില്ല എന്ന് തിരിച്ചറിഞ്ഞാണ് അയാള്‍ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ പൊട്ടിക്കരഞ്ഞത്. ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളായ ലാറ്റിന്‍ അമേരിക്കയിലെയും യൂറോപ്പിലെയും മനുഷ്യര്‍ അറബ് ലോകത്തെ ആരാധകര്‍ എല്ലാവരും അയാളെ നോക്കി നെടുവീര്‍പ്പിട്ടു. മൊറോക്കൊയിലോ അര്‍ജന്റീനയിലോ ബ്രസീലിലോ അയാള്‍ക്കെതിരെ ശാപ വാക്കുകളോ കളിയാക്കലുകളോ ഉണ്ടായില്ല, മെസ്സിയുടെയോ നെയ്മറിന്റെയോ ആരാധകര്‍ അയാളെ കൂകി വിളിച്ചില്ല. അയാള്‍ മാന്യനായ കളിക്കാരനാണ്.

ലോക കിരീടം ചിലപ്പോള്‍ പോര്‍ച്ചുഗലിന് കിട്ടിയേക്കാം. പക്ഷെ റോണാള്‍ഡോ നിങ്ങള്‍ക്ക് പകരക്കാരന്‍ വരാനുണ്ടാവില്ല പോര്‍ച്ചുഗലില്‍.

നിങ്ങളെ ഖത്തറില്‍ 974 സ്റ്റേഡിയത്തില്‍ നേരില്‍ കാണുമ്പോള്‍ ഒരു വീരോചിത മടക്കം പ്രതീക്ഷിച്ചിരുന്നു. ഒരു ബ്രസീല്‍ ഫാനായിരുന്നിട്ടു കൂടി റൊണാള്‍ഡോ ഇഷ്ടം മറച്ചുവെക്കുന്നില്ല. നിങ്ങളിലെ നായകത്വം വിധി വിപരീതമായി ഭവിച്ചു. ഫുട്‌ബോള്‍ അങ്ങനെയാണ്. നിമിഷങ്ങളില്‍ മാറിമറിയും. വിട റോണോ

കൊയിലാണ്ടിക്കൂട്ടം കൊയിലാണ്ടി ചാപ്റ്റർ പ്രസിഡണ്ടാണ് റഷീദ് മൂടാടി