എട്ടു പശുക്കളിൽ നിന്ന് ആറായിരത്തോളം പശുക്കൾ; വംശനാശത്തോടടുത്ത വെച്ചൂർ പശുവിന് പുനർജന്മം നൽകി; കൊയിലാണ്ടയിൽ പത്മശ്രീ ശോശാമ്മ ഐപ്പിന് ആദരം


കൊയിലാണ്ടി: വംശനാശത്തോടടുത്ത വെച്ചൂർ പശുവിനെ സംരക്ഷിക്കാനുള്ള ചരിത്രപരമായ നിയോഗത്തിന് നേതൃത്വം നൽകി പത്മശ്രീ പുരസ്കാരം നേടിയ ശോശാമ്മ ഐപ്പിന് ജൈവ കാർഷിക പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ ആദരം. പൂക്കാടി നടന്ന സ്വീകരണ യോഗം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

കേരള കാർഷിക സർവകലാശാലയിൽ ജനറ്റിക്സ് ആൻഡ് അനിമൽ ബ്രീഡിങ് വകുപ്പുമേധാവിയായിരുന്ന ശോശാമ്മ ഐപ്പിന് വെച്ചൂർ പശുവിന്റെ സംരക്ഷണമടക്കം ചെയ്ത സേവനങ്ങൾ മാനിച്ചാണ് രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്.

കുട്ടനാട്ടുകാരിയായ ഡോ. ശോശാമ്മ ഐപ്പ് നിരണത്തെ ബാല്യകാലത്ത് വീട്ടിലുണ്ടായിരുന്ന വെച്ചൂർ പശുക്കളുടെ പാൽ കുടിച്ച മധുര സ്മരണയിൽ ഒരു വെച്ചൂർ പശുവിനെ വളർത്താൻ നാട്ടിൽ പലയിടത്തും അന്വേഷിച്ചു. എന്നാൽ സങ്കര ഇനങ്ങളല്ലാതെ യഥാർഥ വെച്ചൂർ പശുക്കളെ കിട്ടാനില്ലെന്ന തിരിച്ചറിവ് വേദനാജനകമായിരുന്നു. ഈ അനുഭവം വിദ്യാർഥികളുമായി പങ്കുവച്ചു. ഒരുപറ്റം വിദ്യാർഥികളുടെ കൂട്ടായ്മയിലാണ് അവശേഷിക്കുന്ന വെച്ചൂർ പശുക്കളെ കണ്ടെത്തി മണ്ണുത്തി കാർഷിക സർവകലാശാലയിൽ കൊണ്ടുവരാനും ഇതിൽ നിന്ന് ലഭിക്കുന്ന കുഞ്ഞുങ്ങളെ തിരികെ നൽകാമെന്നും തീരുമാനിക്കുകയായിരുന്നു.

കോട്ടയം ആലപ്പുഴ ജില്ലകളിലായി അലഞ്ഞ് എട്ടു പശുക്കളെയാണ് അകെ കണ്ടെത്തിയത്. എന്നാൽ നിരാശപ്പെട്ട് പിന്മാറാൻ അവർ തയ്യാറായിരുന്നില്ല. എട്ടു പശുക്കളെയും കയ്യോടെ പണം കൊടുത്ത് സ്വന്തമാക്കി. ഇവയിൽ നിന്ന് പെരുകിയ വെച്ചൂർ പശുക്കളുടെ എണ്ണം 5000 –6000 വരുമെന്നാണ് കണക്ക്. പിന്നീടിവർ ‘വെച്ചൂർ പശു: പുനർജന്മം’ എന്ന പേരിലൊരു പുസ്തകവും രചിച്ചു.

 

ആദരവർപ്പിക്കുന്ന ചടങ്ങിൽ എം.ആർ.രാഘവ വാര്യർ, വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകൻ ബാദുഷ, ഹീര നെട്ടൂർ, യു.കെ.രാഘവൻ, ടി.ശ്രീനിവാസൻ, സി.വിജിത, ഡോ: സുരേഷ് ഓറനടി, നർഗ്ഗീസ്, ടി.പി.രാജൻ, പി.കെ.സന്തോഷ്, കെ.പി.രാജഗോപാലനുണ്ണി, കെ.പി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ജൈവകർഷിക ഗോപരിചരണ വിചിന്തനത്തിൽ മണ്ണും ജൈവ കൃഷിയും എന്ന വിഷയത്തിൽ സി.വി ശാലാക്ഷൻ, നാടൻ പശു പരിപാലനത്തെക്കുറിച്ച് ഡോ: ജയൻ ജോസഫ്, വെച്ചൂർ പശു പുനർജ്ജന്മം എന്ന ശോശാമ്മ ഐപ്പിൻ്റെ പുസ്തകത്തെ കുറിച്ച് ഡോ. മുഹമ്മദ് ആസിഫ്, ബാലകൃഷ്ണൻ ചേനോളി എന്നിവർ സംസാരിച്ചു.