അയ്യപ്പ ഭക്തർക്ക് ഭക്ഷണമില്ല, കാർത്തിക വിളക്കിന് ആഘോഷങ്ങളില്ല, കീഴ് വഴക്കങ്ങൾ പലതും തെറ്റുന്നു ക്ഷേത്രം ഉദ്യോഗസ്ഥ ഭരണത്തിലോ ?; പിഷാരികാവ് ട്രസ്റ്റി ബോർഡിൽ സർക്കാർ പ്രതിനിധികളില്ലാതായിട്ട് എട്ട് മാസം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളില്‍ ഇല്ലാതായിട്ട് എട്ട് മാസം പിന്നിടുന്നു. ഇത് ഭക്തരിലും ക്ഷേത്രനടത്തിപ്പിലും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മെല്ലെപ്പോക്കാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ നിയമനം വൈകാനിടയാക്കിയതെന്നാണ് ആക്ഷേപം.

ഇപ്പോള്‍ നിലവില്‍ ഏഴ് പാരമ്പര്യ ട്രസ്റ്റി പ്രതിനിധികള്‍ മാത്രമാണ് ഉള്ളത്. നേരത്തെ പാരമ്പര്യ ട്രസ്റ്റി പ്രതിനിധികള്‍ക്ക് പുറമേ നാല് സര്‍ക്കാര്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ടായിരുന്നു എല്ലാ തീരുമാനങ്ങളും കൈക്കൊണ്ടിരിക്കുന്നത്. പാരമ്പര്യ ട്രസ്റ്റിമാരുടെ പ്രായാധിക്യവും ആരോഗ്യ പ്രശ്‌നങ്ങളും അവരുടെ ദൈനംദിന ഇടപെടലുകളെ ബാധിക്കാറുണ്ട്. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മുന്‍കൈ എടുക്കാറുള്ള സര്‍ക്കാര്‍ പ്രതിനിധികളില്ലാത്തത് ക്ഷേത്രവുമായി ബന്ധപ്പെട്ട് ഇതുവരെയുണ്ടായിരുന്ന പല കീഴ് വഴക്കങ്ങളും ഇല്ലാതാകാന്‍ ഇടയാക്കിയിട്ടുണ്ട്.

നിലവില്‍ ക്ഷേത്ര ഭരണത്തില്‍ ട്രസ്റ്റി ബോഡിനെ നോക്കുകുത്തിയാക്കി എക്‌സിക്യൂട്ടിവ് ഓഫീസര്‍ തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കുന്നതായാണ് ആക്ഷേപം.

മണ്ഡലകാലങ്ങളില്‍ കൊല്ലം ചിറയോട് ചേര്‍ന്ന ഭാഗത്ത് ശബരിമല ദര്‍ശനത്തിനായി പോകുന്ന സ്വാമിമാര്‍ക്ക് വിരിവെക്കാനും ഭക്ഷണം നല്‍കാനും സൗകര്യമൊരുക്കാറുണ്ടായിരുന്നു. ദൂരെ ദേശങ്ങളില്‍ നിന്നും ഇതുവഴി ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ക്ക് ഏറെ ആശ്വാസമായിരുന്നു ഈ സൗകര്യം. എന്നാല്‍ ഇത്തവണ അയ്യപ്പ ഭക്തര്‍ക്ക് ഭക്ഷണം നല്‍കേണ്ട എന്നാണ് തീരുമാനിച്ചത്. നാളെ മണ്ഡലമാസം ആരംഭിക്കാനിരിക്കെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നേരത്തെ ഭക്തര്‍ക്ക് ഇതുപോലുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി നിലകൊണ്ടിരുന്നതും സര്‍ക്കാറില്‍ നിന്നും ദേവസ്വം ബോര്‍ഡില്‍ നിന്നും ആവശ്യമായ പിന്തുണകള്‍ ഉറപ്പുവരുത്തിയിരുന്നതും സര്‍ക്കാര്‍ പ്രതിനിധികളായിരുന്നു.

ഇതിനു പുറമേ കുറച്ച് കാലങ്ങളായി കാര്‍ത്തിക വിളക്ക് പിഷാരികാവില്‍ ആഘോഷപൂര്‍വ്വം നടത്താറുണ്ട്. എട്ട് ദിവസം നീണ്ടു നില്‍ക്കുന്ന സംഗീതപരിപാടികളും മറ്റും ക്ഷേത്രത്തില്‍ സംഘടിപ്പിക്കാറുമുണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം തിരുവാതിരക്കളിയുടെ വിവിധ വകഭേദങ്ങളെക്കുറിച്ചുള്ള സംസ്ഥാനതല ശില്പശാല ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം മുതല്‍ കാര്‍ത്തിക വിളക്കിനോട് അനുബന്ധിച്ച് തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരവും ഏര്‍പ്പെടുത്തിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ വിദ്യാധരന്‍ മാസ്റ്ററായിരുന്നു പിഷാരികാവ് ദേവസ്വം ഏര്‍പ്പെടുത്തിയ പ്രഥമ തൃക്കാര്‍ത്തിക സംഗീത പുരസ്‌കാരം ഏറ്റുവാങ്ങിയത്. എന്നാല്‍ ഇത്തവണ കാര്‍ത്തിക വിളക്ക് ആഘോഷ പരിപാടികളെല്ലാം ഒഴിവാക്കി ഒരു ദിവസത്തെ ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. സംഗീത പുരസ്‌കാരവും ഒഴിവാക്കി.

കഴിഞ്ഞ ദിവസമാണ് കൊല്ലം ചിറയോരത്ത് വാഹന പാര്‍ക്കിംഗിന് ഫീസ് ഏര്‍പ്പെടുത്താന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. ഭക്തരുടെയും നാട്ടുകാരുടെയും യുവജന സംഘടനകളുടെയും എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ച് ദേവസ്വം ബോഡ് തടിയൂരുകയായിരുന്നു.

ട്രസ്റ്റി ബോര്‍ഡ് എടുക്കുന്ന ഇത്തരം തീരുമാനങ്ങള്‍, ബോര്‍ഡില്‍ സര്‍ക്കാര്‍ പ്രതിനിധികളില്ലാത്തതിന്റെ കുറവാണെന്ന് ഭക്തര്‍ക്കിടയില്‍ വിമര്‍ശനമുയരുന്നുണ്ട്.

2022 മാര്‍ച്ച് മാസത്തിലാണ് ട്രസ്റ്റി ബോര്‍ഡില്‍ അതുവരെയുണ്ടായിരുന്ന സര്‍ക്കാര്‍ പ്രതിനിധികളുടെ കാലാവധി പൂര്‍ത്തിയായത്. എന്നാല്‍ അതിനുശേഷം പുതിയ നിയമനം നടത്താന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് ഉത്സാഹം കാട്ടിയില്ല. ഇതിനിടെ ക്ഷേത്രവുമായി ബന്ധപ്പെട്ട ചിലര്‍ ക്ഷേത്ര നിയമവുമുയി ബന്ധപ്പെട്ട ചില ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പിഷാരികാവില്‍ സര്‍ക്കാര്‍ പ്രതിനിധികളുടെ .നിയമിക്കേണ്ടതില്ലെന്ന വാദവുമായി കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നിയമനം ഒരു മാസകാലത്തേക്ക് സ്റ്റേ ചെയ്തിരുന്നു. ഈ കാലവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ പ്രതിനിധികളുടെ നിയമനം വൈകുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മെല്ലെപ്പോക്ക് സമീപനമാണ് വ്യക്തമാക്കുന്നത്.