”ചവറ്റുകൊട്ടയിലേക്ക് പോകേണ്ട പാഴ് വസ്തുവില്‍ നിന്നും പാവപ്പെട്ടവര്‍ക്ക് താങ്ങാവാം” മാതൃക തീര്‍ത്ത് പാലക്കുളം സ്വദേശിനിയായ ആറാം ക്ലാസുകാരി


കൊയിലാണ്ടി: ” ചവറ്റുകൊട്ടയിലേക്ക് പോകേണ്ട പാഴ് വസ്തുവില്‍ നിന്നും അശരണര്‍ക്ക് ആശ്രയം തീര്‍ക്കാന്‍ കഴിയും. അതിന് കൊയിലാണ്ടി പാലക്കുളം സ്വദേശിനിയായ ബി.ഇ.എം സ്‌കൂളിലെ ആറാം ക്ലാസുകാരി ഋതുലക്ഷ്മി നമുക്ക് മാതൃകയാവുകയാണ്. സ്‌കൂളില്‍ ചെയ്യേണ്ട ഒരു പ്രോജക്ടിനുവേണ്ടിയുള്ള ആലോചനകളാണ് ഋതുലക്ഷ്മിയെ ഇത്തരമൊരു ആശയത്തിലേക്ക് എത്തിച്ചത്.

പാവപ്പെട്ടവര്‍ക്ക് സഹായം ചെയ്യാനുള്ള പ്രോജക്ടായിരുന്നു സ്‌കൂളില്‍ നിന്നും പറഞ്ഞതെന്ന് ഋതുലക്ഷ്മി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. അതിനെക്കുറിച്ച് ചിന്തിച്ചപ്പോഴാണ് പഴയ പത്രങ്ങള്‍ ശേഖരിച്ച് വില്‍ക്കാമെന്ന ആശയം തോന്നിയത്. അങ്ങനെ അയല്‍വീടുകളിലും ബന്ധുവീടുകളിലും പോയി അവരോട് കാര്യം പറഞ്ഞു. എല്ലാവരും സന്തോഷത്തോടെ പത്രം നല്‍കി. സഹായത്തിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹോദരന്‍ അസ് വിനും കൂടെയുണ്ടായിരുന്നെന്ന് ഋതുലക്ഷ്മി പറയുന്നു.

ഈ പത്രങ്ങള്‍ വിറ്റുകിട്ടിയ പണം കൊയിലാണ്ടിയിലെ നെസ്റ്റിന് നല്‍കാന്‍ ഋതുലക്ഷ്മി തീരുമാനിക്കുകയായിരുന്നു. ചെറിയ തുകയായിരുന്നു സംഭാവനയായി നല്‍കിയതെങ്കിലും നെസ്റ്റിനെ സംബന്ധിച്ച് അത് വളരെ വലുതാണെന്ന് നെസ്റ്റ് അധികൃതരും പറയുന്നു. ”സംഭാവന നല്‍കാന്‍ ഋതുലക്ഷ്മിയും അമ്മയും ഞങ്ങളെ സന്ദര്‍ശിച്ചപ്പോള്‍, അത് ഒരു ചെറിയ സംഭാവന മാത്രമാണെന്ന് അവര്‍ താഴ്മയോടെ പ്രകടിപ്പിച്ചു. എന്നിരുന്നാലും, ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ വലുതു തന്നെയാണ്. പലതുള്ളി പെരുവെള്ളം എന്ന ആശയത്തില്‍ തന്നെയാണ് നെസ്റ്റ് മുന്നോട്ട് പോകുന്നത്. ഇത്തരം അനേകം കൊച്ചു കൊച്ചു സംഭാവനകളാണ് നെസ്റ്റിന്റെ ആശ്രിതര്‍ക്ക് കരുതലാകുന്നത്. നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനുകമ്പയുടെ ശക്തിയുടെയും സഹാനുഭൂതിയുടെയും അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും തെളിവാണിത്.” അവര്‍ പറയുന്നു.

പാലക്കുളം സ്വദേശിയായ വിനോദ് കുമാറിന്റെയും സനിലയുടെ മകളാണ് ഋതുലക്ഷ്മി.