മന്ദമംഗലം കടപ്പുറത്ത് എളമ്പക്ക പെറുക്കാനെത്തിയ കുട്ടിയ്ക്ക് കിട്ടിയത് രണ്ട് നീരാളിക്കുഞ്ഞുങ്ങളെ- ചിത്രങ്ങള്‍ കാണാം


കൊയിലാണ്ടി: എളമ്പക്ക കരയ്ക്കടിഞ്ഞ മന്ദമംഗലം കടപ്പുറത്തുനിന്നും പ്രദേശവാസിയ്ക്ക് ജീവനുള്ള നീരാളിക്കുഞ്ഞുങ്ങളെ കിട്ടി. വ്യാഴാഴ്ച രാവിലെ എളമ്പക്ക പെറുക്കുന്നതിനിടെ തന്റെ അയല്‍ക്കാരിയായ കുട്ടിയ്ക്കാണ് രണ്ട് നീരാളിയെ കിട്ടിയതെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ മന്ദമംഗലത്തെ ഭാര്‍ഗവി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

‘വീട്ടിലെത്തി കുറച്ചുനേരം കഴിഞ്ഞപ്പോഴാണ് ഇവ ചത്തത്. കുട്ടികളെടുത്ത് കിണര്‍ വെള്ളത്തില്‍ ഇട്ടിരുന്നു. അല്പസമയം കഴിഞ്ഞപ്പോള്‍ രണ്ടും ചത്തു.” ഭാര്‍ഗവി പറഞ്ഞു.

ബുധനാഴ്ച രാത്രിയാണ് കൊയിലാണ്ടി പാലക്കുളം മന്ദമംഗലം ബീച്ചുകളില്‍ വ്യാപകമായി എളമ്പക്ക കരക്കടിഞ്ഞത്. രാത്രി മുതല്‍ തന്നെ എളമ്പക്ക പെറുക്കാനെത്തുന്നവരുടെ തിരക്കായിരുന്നു. വാര്‍ത്ത പരന്നതോടെ കൊയിലാണ്ടിക്കാര്‍ക്ക് പുറമേ പേരാമ്പ്രയില്‍ നിന്നും കുറ്റ്യാടിയില്‍ നിന്നുമൊക്കെ ആളുകളെത്തി എളമ്പക്ക ശേഖരിക്കാന്‍ തുടങ്ങി.

കഴിഞ്ഞ രണ്ടുദിവസമായി വലിയ തിരക്കാണ് ബീച്ചില്‍. എളമ്പക്കയുടെ അളവ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ശേഖരിക്കാന്‍ ആളുകളെത്തുന്നുണ്ട്.

ഊരുപുണ്യകാവ് കുന്നിനും പാറപ്പള്ളിയ്ക്കും ഇടയിലുള്ള ഭാഗത്താണ് വ്യാപകമായി എളമ്പക്ക അടിഞ്ഞത്. രണ്ടുദിവസം മുമ്പുതന്നെ ചെറിയ തോതില്‍ മണലില്‍ പൂണ്ട നിലയില്‍ എളമ്പക്ക കണ്ടിരുന്നെങ്കിലും ജൂണ്‍ ഒന്നോടോ കൂട്ടത്തോടെ കരയ്ക്കടിയുന്ന സ്ഥിതിയായിരുന്നു.

പ്രദേശത്ത് സി.എം.എഫ്.ആര്‍.ഐയിലെ വിദഗ്ധ സംഘം കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയിരുന്നു. സാമ്പിളുകള്‍ ശേഖരിച്ചാണ് ഇവര്‍ മടങ്ങിയത്. കടലിനടിയിലെ ചെളി ഇളകിയതാകാം എളമ്പക്ക കൂട്ടത്തോടെ കരയ്ക്കടിയാന്‍ കാരണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കി ഡോ. പി.കെ അശോകന്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സാമ്പിളുകളുടെ പരിശോധനാ ഫലം വന്നശേഷമേ വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.