തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്.

രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി. യു.യു.സി പി.ജി സീറ്റില്‍ നിതിന്‍ ആര്‍.എസ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യു.യു.സി യു.ജി സീറ്റില്‍ ആഖ്വില്‍ മുഹമ്മദും, സ്‌പോര്‍ട്‌സ് സെക്രട്ടറി സ്ഥാനത്തേക്ക് ആല്‍ഫ്രഡ് സി.ആന്റണിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മെഡിക്കല്‍ കോളേജുകളില്‍ 2003 മുതല്‍ ഇന്‍ഡിപ്പെന്‍ഡന്‍സ് എന്ന പേരിലുള്ള മഴവില്‍ സഖ്യമാണ് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും വിജയിക്കാറുള്ളത്. കെ.എസ്.യു, എം.എസ്.എഫ്, ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് ഇന്‍ഡിപ്പെന്‍ഡന്‍സ്. ഇത്തവണ ഇന്‍ഡിപ്പെന്‍ഡന്‍സിനു പുറമേ യുണൈറ്റഡ് ഡമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫ്രണ്ട് എന്ന ബാനറില്‍ കെ.എസ്.യുവും എം.എസ്.എഫും മത്സര രംഗത്തുണ്ട്. എങ്കിലും ഇരുസംഘടനകളിലെയും ചെറിയൊരു വിഭാഗം ഇപ്പോഴും ഇന്‍ഡിപ്പെന്‍ഡന്‍സിനൊപ്പം തന്നെ നിന്നിരുന്നു.

യു.യു.സി പി.ജി സീറ്റില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് എസ്.എഫ്.ഐയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു. ക്യാമ്പസിലെ അന്തരീക്ഷത്തില്‍ വലിയ മാറ്റം സംഭവിച്ചെന്നതിന്റെ സൂചനയാണിതെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.