വടകരയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ കമ്പാര്‍ട്ട്മെന്റില്‍ വെള്ളമില്ല: യാത്രക്കാരായ ദമ്പതികള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്



വടകര:
ട്രെയിന്‍ യാത്രയിന്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളം ലഭിച്ചില്ലെന്ന പരാതിയില്‍ യാത്രക്കാരായ ദമ്പതികള്‍ക്ക് 10,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്. കൃഷ്ണന്‍ ചേലേമ്പ്രയും ഭാര്യ നളിനിയുമാണ് പരാതിക്കാര്‍.

2015 ഡിസംബര്‍ 13 ന് ആണ് കേസിനാസ്പദനമായ സംഭവം. മുംബൈ പനവേലില്‍നിന്ന് വടകരയിലേക്കുള്ള യാത്രയിലാണ് ദമ്പതികള്‍ക്ക് ദുരനുഭവമുണ്ടായത്. നേത്രാവതി എക്‌സ്പ്രസിലായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. ശബരിമല സീസണ്‍ ആയതിനാല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ധാരാളം യാത്രക്കാര്‍ ഉണ്ടായിരുന്നതായും കുപ്പിവെള്ളം വാങ്ങിയാണ് പ്രഥമികാവശ്യങ്ങള്‍ നിര്‍വഹിച്ചതെന്നും ഇവര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജലം സംഭരിച്ചിരുന്നുവെന്നും അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നുവെന്നുമായിരുന്നു റെയില്‍വേയുടെ വാദം. ഈ വാദം തള്ളിയാണ് ദമ്പതികള്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചത്. പി.സി. പൗലോച്ചന്‍ അധ്യക്ഷനും എസ്. പ്രിയ, വി. ബാലകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തിന്റെതാണ് ഉത്തരവ്.