പന്തിരിക്കര സ്വദേശിയുടെ തലയില്‍ ബിയര്‍കുപ്പികൊണ്ട് അടിച്ചതടക്കം നിരവധി കേസുകളില്‍ പ്രതി; യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി


പെരുവണ്ണാമുഴി: പന്തിരിക്കര സ്വദേശിയായ വെള്ളച്ചാലിൽ ഷിഗിലിനെ(35) ജില്ലയിൽനിന്ന് കാപ്പാ നിയമപ്രകാരം നാടുകടത്തി. നിരന്തരം അടിപിടിക്കേസുകളിൽ ഉൾപ്പെട്ട പ്രതിക്കെതിരെ പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺദാസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.യുടേതാണ് ഉത്തരവ്. ആറുമാസത്തേക്ക് കോഴിക്കോട് റവന്യു ജില്ലയിൽ പ്രവേശിക്കാൻപാടില്ല എന്നതാണ് ഉത്തരവ്.

പന്തിരിക്കര സ്വദേശിയുടെ തല ബിയർകുപ്പികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചതാണ് ഷിഗിലിന്റെപേരിലുള്ള അവസാനത്തെ കേസ്. പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രമസമാധാന പ്രവർത്തനങ്ങൾ തടയുന്നതിലേക്കായി സ്ഥിരമായി അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നവർക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസ്.