ശിങ്കാരി മേളവുമായി വനിതകൾ, പിന്നിൽ നിരിയായി കുട്ടികൾ മുതൽ മുതിർന്നവർ വരെ; കൊയിലാണ്ടിയിൽ വനിതകളുടെ രാത്രി നടത്തം


കൊയിലാണ്ടി: ലോക വനിതാ ദിനാഘോഷങ്ങളുമായി ഭാഗമായി തേജസ്സ് റസിഡന്‍സ് അസോസിയേഷന്‍ മണമല്‍, വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചു. തേജസ്സ് റസിഡന്‍സ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടി ഐ.എം.എ ദേശീയ അവാര്‍ഡ് ജേതാവും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമായ സന്ധ്യ കുറുപ്പ് ഉദ്ഘാടനം ചെയ്തു. നമ്മുടെ പൊതു സമൂഹത്തില്‍ വനിതകളുടെ ഇടപെടലുകളുടെ പ്രാധാന്യം വലുതാണ് എന്നും ഇത്തരം ഘട്ടങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ മടിച്ച് നില്‍ക്കാതെ ഓരോരുത്തരും മുന്‍പിലേക്ക് കടന്ന് വരേണ്ടത് കാലത്തിന്റെ ആവശ്യമാണ്’ എന്ന് ഡോ. സന്ധ്യ കുറുപ്പ് പറഞ്ഞു.

വനിതകള്‍ നയിച്ച ശിങ്കാരി മേളത്തിന്റെ അകമ്പടിയോടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. റസിഡന്‍സ് പരിസരത്ത് നിന്നാരംഭിച്ച് ബപ്പന്‍കാട് വഴി മേല്‍പ്പാലത്തിലൂടെ തിരികെ തേജസ്സ് റസിഡന്‍സ് പരിസരത്ത് യാത്ര സമാപിച്ചു. തുടര്‍ന്ന് സ്ത്രീകളുടെ ആഘോഷ പരിപാടികളും ഉണ്ടായിരുന്നു.

ഉദ്ഘാടന ചടങ്ങിന് സജിനി മനോജ് സ്വാഗം പറഞ്ഞു. ശാലിനി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ഐ എം എ അവാര്‍ഡ് ജേതാവിനുള്ള ആദരവ് ഷീല റോജ മന്ദിര്‍ കൈമാറി. മൈഥിലി, സുഹറ അസീസ്, സിത്താര, സതി ബാബുരാജ്, സംഗീത സ്വരാജ്, ജിജിന ജയന്‍, ഷാഹിദ, പ്രഭ പ്രസന്നന്‍ തുടങ്ങിയവര്‍ നേതൃത്വം വഹിച്ചു.