മറുപുറം കടക്കണമെങ്കിൽ തിരുവങ്ങൂരോ ചെങ്ങോട്ടുകാവോ പോകണം, പൂക്കാട് അടിപ്പാത സ്ഥാപിക്കണമെന്നാവശ്യം ശക്തം; പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്
ചേമഞ്ചേരി: ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുമ്പോൾ പൂക്കാട് അടിപ്പാത സ്ഥാപിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്. പൂക്കാട് അങ്ങാടിയിൽ ബസ് ഗതാഗതത്തിന് സൗകര്യപ്രദമായ അടിപ്പാത നിർമിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ദേശീപാത വികസനം പൂർത്തിയാകുന്നതോടെ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും താമസിക്കുന്ന ദേശീയപാതയുടെ പടിഞ്ഞാറുഭാഗം പൂർണമായും ഒറ്റപ്പെട്ടുപോകുന്ന രീതിയിലാണ് പുതിയ ഗതിനിർണയം. ഗ്രാമപഞ്ചായത്ത് ഓഫിസ്, കൃഷിഭവൻ, ഇ.എസ്.ഐ ക്ലിനിക്, പൂക്കാട് കലാലയം എന്നിവ സ്ഥിതി ചെയ്യുന്നത് ദേശീയപാതയുടെ കിഴക്കുഭാഗത്താണ്. പടിഞ്ഞാറു ഭാഗത്തുള്ളവർക്ക് എതിർവശത്ത് എത്തണമെങ്കിൽ തിരുവങ്ങൂർ, ചെങ്ങോട്ടുകാവ് എന്നിവിടങ്ങളിൽ പോകേണ്ട സാഹചര്യമാണുള്ളത്. ഈ സാഹചര്യത്തിലാണ് അടിപ്പാത വേണമെന്ന ആവശ്യവുമായി ജനങ്ങൾ രംഗത്തെത്തിയത്.
പൂക്കാട് അടിപ്പാത അനുവദിക്കുന്നതുവരെ കോൺഗ്രസ് പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷബീർ എളവനക്കണ്ടി അധ്യക്ഷത വഹിച്ചു. മാടഞ്ചേരി സത്യനാഥൻ, വാഴയിൽ ശിവദാസൻ, അജയ് ബോസ്, സുഭാഷ്, അനിൽ പാണലിൽ, നാരായണൻ കൊയിലാണ്ടി എന്നിവർ സംസാരിച്ചു.