സ്വന്തം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ട് നൽകുന്നത് പതിവ്, ഒപ്പം ദൂരദിക്കിൽ നിന്നെത്തുന്നവരുടെ ആശ്രയകേന്ദ്രവും; സഖാവ് ഒ.കെ.പി.കുഞ്ഞിക്കേണ്ണേട്ടന് യാത്രാമൊഴിയേകി നാട്


കൊയിലാണ്ടി: കമ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞു വച്ച സഖാവായിരുന്നു നന്തിക്കാരുടെ സ്വന്തം സഖാവ് ഒ.കെ.പി.കുഞ്ഞിക്കണ്ണേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും നാടിന് കഴിഞ്ഞിട്ടില്ല. തന്റെ ജീവനോപാധിയായ ഹോട്ടലിനെ പോലും പൂർണ്ണമായി പാർട്ടിക്ക് വിട്ടു കൊടുക്കാൻ മനസ് കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

നന്തിയിൽ ഇപ്പോൾ റെയിൽവേ മേൽപ്പാലമുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. പാലം നിർമ്മിക്കുന്നതിനായി പൊളിച്ചു മാറ്റുന്നതു വരെ ആ ഹോട്ടലായിരുന്നു പാർട്ടിയുടെ പ്രധാന കേന്ദ്രം. നാടിന്റെ രാഷ്ട്രീയകേന്ദ്രം എന്നതിലുപരി ദൂരെ ദിക്കുകളിൽ നിന്ന് എത്തുന്നവർക്ക് ആശ്രയവും അത്താണിയുമായിരുന്നു ആ ഹോട്ടൽ.

ഉച്ച വരെ മാത്രമാണ് ഒ.കെ.പി.കുഞ്ഞിക്കണ്ണന്റെ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സമയം പൂർണ്ണമായി ഹോട്ടൽ ഒരു പാർട്ടി ഓഫീസായി മാറും എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല. ഉച്ചയ്ക്ക് ശേഷമുള്ള സമയം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശീലം. ഹോട്ടലിന്റെ മുകള്‍ഭാഗം ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി വിട്ടുകൊടുക്കുകയായിരുന്നു അദ്ദേഹം. സി.പി.എം മുന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി എം.കേളപ്പന്റെ പ്രധാന വിശ്രമകേന്ദ്രവും ഉച്ചഭക്ഷണ കേന്ദ്രവും ഈ ഹോട്ടലായിരുന്നു.

നിരവധി പേരാണ് ഒ.കെ.പി.കുഞ്ഞിക്കണ്ണന് അന്ത്യാഭിവാദ്യം അർപ്പിക്കാനായി എത്തിയത്. സി.പി.എം കോഴിക്കോട് ജില്ലാകമ്മിറ്റി അംഗം കെ.ദാസന്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.ജീവാനന്ദന്‍, പി.എം.വേണുഗോപാല്‍, സുരേഷ് ചങ്ങാടത്ത്, എൻ.സി.മുസ്തഫ, എന്‍.വി.രാമകൃഷ്ണന്‍, എ.കെ.ഷൈജു, സി.കെ.ശ്രീകുമാര്‍ എന്നിവർ അന്ത്യോപചാരം അര്‍പ്പിച്ചു. ലോക്കല്‍ സെക്രട്ടറി വി.വി.സുരേഷ്, കെ.വിജയരാഘവന്‍, കെ.ജീവാനന്ദന്‍, കെ.വി.രാഘവന്‍ എന്നിവർ മൃതദേഹത്തിൽ രക്തപാതാക പുതപ്പിച്ചു.


Related News: നന്തിയിലെ പഴയകാല സി.പി.എം പ്രവർത്തകൻ ഒ.കെ.പി.കുഞ്ഞിക്കണ്ണൻ അന്തരിച്ചു