കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തെ പഴക്കം


കണ്ണൂർ: അമ്മയേയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ കൊറ്റാളിക്കാവിന് സമീപം പോസ്റ്റ്‌ ഓഫീസിന് അടുത്താണ്‌ സംഭവം. സുവിഷത്തിൽ സുനന്ദ വി ഷേണായി(78), മകൾ ദിപ വി.ഷേണായി(44) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾക്ക് മൂന്ന് ദിവസം പഴക്കമുണ്ട്.

മൂന്ന് ദിവസം മുമ്പ് വോട്ട് ചെയ്യാനായി ഇവർ പുറത്തേക്ക്‌ പോയിരുന്നു. അതിന് ശേഷം ഇവരെ പുറത്ത് കണ്ടിരുന്നില്ല. വീട് അടച്ചിട്ട നിലയിലായിരുന്നു. ഇന്ന് രാവിലെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽവാസികൾ ചിലർ വന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

സുനന്ദയുടെ മൃതദേഹം ഡൈനിങ്ങ് ഹാളിലും ദീപയുടെ മൃതദേഹം അടുക്കളയിലുമായിരുന്നു ഉണ്ടായിരുന്നത്. പരേതനായ വിശ്വനാഥ ഷേണായിയാണ് സുനന്ദയുടെ ഭർത്താവ്. ദീപ അവിവാഹിതയാണ്. നാട്ടുകാരുമായി ഇവർക്ക് അധികം ബന്ധമുണ്ടായിരുന്നില്ല എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.