പരിചിതമല്ലാത്ത മലയാളം വാക്കുകളുടെ അര്‍ത്ഥം അറിയാന്‍ ഇനി ഏറെ തിരയേണ്ട; മലയാള നിഘണ്ടുവുമായി മൊബൈല്‍ ആപ്പ്


കോഴിക്കോട്: നമുക്കറിയാത്ത ഒരു മലയാള വാക്ക് എവിടെയെങ്കിലും കേട്ടാല്‍, ഏതെങ്കിലും പാട്ടിലോ മറ്റോ പരിചിതമല്ലാത്ത വാക്കുകേട്ടാല്‍ അതിന്റെ അര്‍ത്ഥം അറിയാന്‍ ഇന്റര്‍നെറ്റില്‍ തിരയുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷവും. എന്നാല്‍ പലപ്പോഴും അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥം നമുക്ക് ലഭിക്കണമെന്നില്ല. നിഘണ്ടുവില്‍ ആണെങ്കില്‍ അത് കണ്ടെത്താം, പക്ഷേ പലപ്പോഴും അതില്‍ തിരയാവുന്ന സാഹചര്യമായിരിക്കില്ല, ചിലപ്പോള്‍ നിഘണ്ടുതന്നെ കയ്യിലുണ്ടാവണമെന്നില്ല.

എന്നാല്‍ ഇനി മുതല്‍ ഒരു മൊബൈല്‍ ആപ്പിലുണ്ടാകും മലയാളം നിഘണ്ടു. ലോകമാതൃഭാഷാ ദിനാചരണത്തോടനുബന്ധിച്ചാണ് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ മലയാളം ഓണ്‍ലൈന്‍ നിഘണ്ടു മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. https://malayalanighandu.kerala.gov.in/ എന്ന ആപ്പ് ഇനിമുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകും.

മൂന്നുലക്ഷത്തോളം വാക്കുകള്‍ ഉള്‍പ്പെടുന്നുണ്ട് ഈ മലയാള നിഘണ്ടുവില്‍. ഇന്‍ഫോക്‌സുമായി ചേര്‍ന്നാണ് മലയാള നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ ആപ്പ് തയ്യാറാക്കിയത്. കോളേജ് അധ്യാപകരും ഗവേഷകരും അടങ്ങിയ സംഘം ശില്‍പ്പശാലയിലൂടെയാണ് ഉള്ളടക്കം തയ്യാറാക്കിയത്. ശബ്ദതാരാവലി, കേരള സര്‍വ്വകലാശാല മലയാളം ലെക്‌സിക്കന്‍, കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കേരള ഭാഷാ നിഘണ്ടു എന്നിവ ഇതിനായി ഉപയോഗിച്ചു. പ്രാദേശിക മൊഴികള്‍, മറ്റുസവിശേഷതഖള്‍ ഇവ എകോപിപ്പിച്ച് മൊബൈല്‍ ആപ് ദൈനംദിനമെന്നോണം പരിഷ്‌കരിക്കാനാകും. വാക്കുകള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ വിദഗ്ധസമിതി പരിശോധിച്ചശേഷമേ തീരുമാനമെടുക്കൂ.

ആപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനം ചീഫ് സെക്രട്ടറി ഡോ.വി. വേണു നിര്‍വഹിച്ചു. വി.കെ.പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയി, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം. സത്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ജിനേഷ്‌കുമാര്‍, ടി.ഡി. സുനില്‍, കെ.ആര്‍. സരിതകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.