നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം; വിദ്യാര്‍ത്ഥികള്‍ക്കായി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്
മേലടി: ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി മേലടി ബ്ലോക്ക് തല ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചത്. മേലടി ബ്ലോക്ക് പഞ്ചായത്തിന്റെയും മേലടി ബിആര്‍സിയുടെയും സഹകരണത്തോടെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തിയ ക്വിസ് മത്സരം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ് ഘാടനം ചെയ്തു.
പരിസ്ഥിതി, ജൈവവൈവിധ്യം എന്നീ വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ കീഴൂര്‍ എയുപി സ്‌കൂളിലെ 8 ആം ക്ലാസ്സ് വിദ്യാര്‍ത്ഥി വേദവ് കൃഷ്ണ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കീഴ്പ്പയ്യൂര്‍ എ.യു.പി സ്‌കൂളിലെ 8 ആം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രാവണയും ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിലെ 9 ആം ക്ലാസ് വിദ്യാര്‍ത്ഥി പ്രയാണ്‍ രാജ് മൂന്നാം സ്ഥാനവും എസ് വിഎജിഎച്ച്എസ്എസ് നടുവത്തൂരിലെ 9 ആം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ചാരുലിയോണ നാലാം സ്ഥാനവും നേടി.
മേലടി ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ രാഖേഷ് പി. കുമാര്‍ ക്വിസ് മാസ്റ്ററായി. തുടര്‍ന്ന് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാതലത്തില്‍ വിജയികളാകുന്ന 4 വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 16,17,18 മൂന്നു ദിവസങ്ങളിലായി ഇടുക്കി, അടിമാലിയിലെ ജൈവവൈവിധ്യ കേന്ദ്രത്തിലും മൂന്നാറിലുമായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവത്തില്‍ പങ്കെടുക്കാം.
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലീന പുതിയോട്ടില്‍, മഞ്ഞക്കുളം നാരായണന്‍, ബിഡിഓ ബിനു ജോസ്, ജോയിന്റ് ബിഡിഓ കെ കൃഷ്ണന്‍, ജിഇഓ രജീഷ് കുമാര്‍ സികെ, ബിആര്‍സി പ്രതിനിധികള്‍, ഹരിത കേരളം മിഷന്‍ ആര്‍പി നിരഞ്ജന, വൈ.പി അര്‍ച്ചന, കില ആര്‍.പി ധന്യ, ആര്‍ജിഎസ്എ കോര്‍ഡിനേറ്റര്‍ മഞ്ജു എം തുടങ്ങിയവര്‍ പങ്കെടുത്തു.