മേപ്പയ്യൂരിന് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂ പോയിന്റ് കാണണ്ടേ!


മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല.

മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്.

രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സമയം. പുലര്‍ച്ചെയെത്തിയാല്‍ കോടമഞ്ഞ് പുതച്ചിരിക്കുന്ന മലനിരകള്‍ക്കിടയിലൂടെ സൂര്യന്‍ പതിയെ പതിയെ ഉയര്‍ന്നുവരുന്നത് കാണാം. അസ്മയക്കാഴ്ചകള്‍ ആസ്വദിക്കാനെത്തുന്നവരും കുറവല്ല. ദൂരെ ഒരു ചെമ്പിന്‍ കുടം പോലെ സൂര്യന്‍ അലിഞ്ഞില്ലാതെയാകുന്ന അസ്തമയക്കാഴ്ച നയനമനോഹരമാണ്. ദൂരെയായി കടലും അകലാപ്പുഴയുടെ ഒഴുക്കുമെല്ലാം കാണാം.

മലയ്ക്ക് സമീപം പണ്ടു കേന്ദ്രസര്‍ക്കാരിന്റെ മൈക്രോവേവ് റിപ്പീറ്റിങ് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടുതന്നെ മൈക്രോവേവ് മല എന്നാണ് നാട്ടുകാര്‍ ഇതിനിട്ട ഓമനപ്പേര്. മാത്രമല്ല, കളരി അഭ്യാസത്തിന് പ്രശസ്തമായിരുന്ന സ്ഥലങ്ങളും ഇവിടെ അടുത്തായി ഉണ്ടായിരുന്നു.

നരക്കോടിനടുത്ത് നിന്ന് മലയിലേക്ക് റോഡുണ്ട്. ഇതില്‍ കുറച്ചു ഭാഗം മാത്രമേ ടാര്‍ ഇട്ടിട്ടുള്ളൂ. ബാക്കി ഭാഗം ചെമ്മണ്‍പാതയാണ്. മികച്ച ഓഫ് റോഡ് റൈഡ് എക്‌സ്പീരിയന്‍സായിരിക്കും ഇതുവഴിയുള്ള യാത്ര. കീഴരിയൂര്‍ ഭാഗത്തു നിന്ന് നരക്കോട് മരുതേരിപറമ്പ് ഭാഗത്തു കൂടിയും മലയിലേക്ക് പോകാന്‍ വഴിയുണ്ട്.

പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ് മീറോഡ് മലയും സമീപപ്രദേശങ്ങളും. മിച്ചഭൂമി സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത് വിതരണം ചെയ്ത ഈ ഭൂമിയുടെ സിംഹഭാഗവും ഇപ്പോള്‍ സ്വകാര്യവ്യക്തികളുടെ കൈവശമാണ്.

Summary: Meerod Mala and Microwave Viewpoint near Meppayyur welcomes tourists to enjoy the beauty.