അധ്യാപകരും വിദ്യാര്‍ത്ഥികളും മുന്നിട്ടിറങ്ങി; ഇക്കുറി ഓണത്തിന് പൂക്കളമൊരുക്കാന്‍ പുളിയഞ്ചേരി യു.പി സ്‌കൂളില്‍ നട്ട ചെണ്ടുമല്ലിയും


കൊയിലാണ്ടി: ഓണത്തിന് പൂക്കളമൊരുക്കാന്‍ പുളിയഞ്ചേരി യു.പി സ്‌കൂളില്‍ ചെണ്ടുമല്ലിത്തോട്ടം ഒരുങ്ങി. മഞ്ഞ നിറത്തിലുള്ള ചെണ്ടുമല്ലികളാണ് വിളവെടുപ്പിനായി കാത്തുനില്‍ക്കുന്നത്. കൊയിലാണ്ടിയിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കൃഷിക്കൂട്ടത്തിനുള്ള അവാര്‍ഡ് ലഭിച്ച മാരിഗോള്‍ഡ് കൃഷിക്കൂട്ടത്തിന്റെ മേല്‍നോട്ടത്തില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരുടെയും കൈമെയ് മറന്നുള്ള പരിപാലനത്തിലാണ് ചെണ്ടുമല്ലിക്കൃഷി ചെയ്തത്.

സ്‌കൂളിനോട് ചേര്‍ന്നാണ് ചെണ്ടുമല്ലിക്കൃഷി നടത്തിയത്. ഒഴിവുദിവസങ്ങളിലും ക്ലാസ് കഴിഞ്ഞുള്ള സമയവുമാണ് കൃഷിയൊരുക്കാന്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തുന്നത്. സ്‌കൂളില്‍ നടക്കുന്ന ഓണാഘോഷ പൂക്കളത്തിന് ഈ പൂക്കള്‍ ഉപയോഗിക്കും.

കൂടാതെ വിവിധയിനം പച്ചക്കറികളും കപ്പ, പച്ച മുളക്, ചീരപപ്പായ, മുരിങ്ങ എന്നിവയും കൃഷിചെയ്തിട്ടുണ്ട്. കൊയിലാണ്ടി കൃഷി ഓഫീസര്‍ പി. വിദ്യയുടെ പൂര്‍ണ്ണമായ പിന്തുണയാണ് ചെണ്ടുമ്ലലികൃഷിയ്ക്ക് ലഭിച്ചത്.