കേന്ദ്രഫണ്ട് വൈകുന്നു; മരുതൂര്‍,കന്നൂര് റോഡിന്‍റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നില്ല


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയെയും ഉളളിയേരി ഗ്രാമ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മരുതൂര്‍,ചിറ്റാരിക്കടവ്,കന്നൂര് റോഡ് തകര്‍ന്ന അവസ്ഥയില്‍. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ട നിലയിലാണ്. പുതുതായി പണിത ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴിയുളള ഗതാഗതത്തെയും റോഡ് തകര്‍ച്ച സാരമായി ബാധിച്ചിട്ടുണ്ട്.

മരുതൂര്‍ ചിറ്റാരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജ് വരെയുളള റോഡിന്‍റെ അരകിലോമീറ്ററോളം കൊയിലാണ്ടി നഗരസഭയുടെ പരിധിയിലാണ്. ഈ റോഡ് നവീകരിക്കാന്‍ നഗരസഭയുടെ 2022-23 പദ്ധതിയില്‍ നിന്ന് 15 ലക്ഷം രൂപ വകയിരുത്തിയതായി ഇരുപത്തിനാലാം വാര്‍ഡ് കൗണ്‍സിലര്‍ എം.പ്രമോദ് അറിയിച്ചു. സാങ്കേതികാനുമതി ലഭിച്ച പദ്ധതി ടെണ്ടര്‍ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ടെണ്ടര്‍ കഴിഞ്ഞാലുടന്‍ റോഡ് പണി തുടങ്ങും.

കഴിഞ്ഞ വര്‍ഷം കൈരളി മുക്ക് ചിറ്റാരിക്കടവ് റോഡില്‍ ഓവ് ചാല്‍ നിര്‍മ്മാണത്തിന് 8.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്‍റെ പ്രവൃത്തി പൂര്‍ത്തിയായതായി കൗണ്‍സിലര്‍ പറഞ്ഞു. ഉളളിയേരി ഗ്രാമ പഞ്ചായത്ത് പരിധിയില്‍ വരുന്ന ചിറ്റാരിക്കടവ് റുലേറ്റര്‍ കം ബ്രിഡ്ജ് മുതല്‍ കന്നൂര്,ഉളളൂര്,നാറാത്ത്,പുത്തഞ്ചേരി,കൂമുളളി വായനശാലവരെയുളള റോഡ് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിനും പദ്ധതിയുണ്ട്. കക്കഞ്ചേരി റോഡുമായി ബന്ധിപ്പിക്കുന്ന മനാട് നിന്ന് തുടങ്ങി,ചിറ്റാരിക്കടവ്,കന്നൂര്,കൂമുളളി വരെ എട്ടര കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റോഡ് നവീകരിക്കുന്നത്. ഇതിന് വിശദമായ പദ്ധതി രേഖ തയ്യാറായി വരികയാണ്. പദ്ധതി രേഖയ്ക്ക് കേന്ദ്രാനുമതി ലഭിച്ചാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്.

കേന്ദ്രഫണ്ട് ലഭ്യമാകുമെന്ന ഉറപ്പുള്ളതിനാല്‍ ജില്ലാ,ഗ്രാമ പഞ്ചായത്ത് ഫണ്ടുകളൊന്നും കന്നൂര് ചിറ്റാരിക്കടവ് റോഡ് നവീകരണത്തിന് വകയിരുത്താന്‍ സാധിക്കില്ലെന്ന് ഉളളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സി.അജിത അറിയിച്ചു. അടിയന്തിരമായി കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് മെമ്പര്‍ കെ.കെ.രേഖയും പഞ്ചായത്ത് പ്രസിഡന്‍റും കഴിഞ്ഞ ആഴ്ച പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.