ആനക്കുളത്ത് യുവാവ് ട്രെയിനില്‍ നിന്ന് വീണത് സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷം; ഒരാളെ കസ്റ്റഡിയിലെടുത്ത് റെയില്‍വേ പൊലീസ്, വീഡിയോ ദൃശ്യം ലഭിച്ചു


കൊയിലാണ്ടി: ആനക്കുളത്ത് ഞായറാഴ്ച രാത്രി യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രെയിനിലെ സഹയാത്രികനുമായുള്ള തര്‍ക്കത്തിന് ശേഷമാണ് യുവാവ് പുറത്തേക്ക് വീണത് എന്നാണ് സംശയിക്കുന്നത്. യുവാവ് തര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കരുതപ്പെടുന്ന തമിഴ്‌നാട് സ്വദേശിയെ കോഴിക്കോട് റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി പതിനൊരയോടെയാണ് അപകടമുണ്ടായത്. മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപമാണ് യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചത്. മലബാര്‍ എക്‌സ്പ്രസില്‍ നിന്നാണ് വീണത് എന്നാണ് കരുതുന്നത്. ഇരുപത്തിയഞ്ച് വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്.

തമിഴ്‌നാട് ശിവഗംഗ സ്വദേശി സോന മുത്തുവിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്. ഇയാളും മരിച്ച യുവാവും ട്രെയിനില്‍ വച്ച് സംസാരിക്കുന്ന വീഡിയോ ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.


Related News: ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു


റെയില്‍വേ ട്രാക്കിന് സമീപം വീണുകിടന്ന നിലയിലായിരുന്ന യുവാവിനെ കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.