കലോത്സവാവേശം ഒന്നും ചോര്‍ന്ന് പോവില്ല, എല്ലാം ലിറ്റില്‍ കൈറ്റ്‌സിന്റെ ക്യാമറകളില്‍ ഭദ്രം


കൊയിലാണ്ടി: ഉപജില്ലാ കലോത്സവത്തിന്റെ ശ്രദ്ധേയമായ ഒരു നിമിഷം പോലും നഷ്ടപ്പെടാതെ പകര്‍ത്താനുള്ള ശ്രമത്തിലാണ് ഈ കൊച്ചുമിടുക്കര്‍. കലോത്സവ ലഹരിയുടെ ആവേശം അത് പോലെ പകര്‍ത്താന്‍ രാപകല്‍ ഓടി നടക്കുകയാണ് ജി.വി.എച്ച്.എസ്.എസിലെ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളായ വിദ്യാര്‍ഥികള്‍.

ഇരുപത് വിദ്യാര്‍ഥികളടങ്ങുന്ന സംഘമാണ് ലിറ്റില്‍ കൈറ്റ്‌സിന് വേണ്ടി ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ലീഡറായ നിവേദിന്റെ കീഴില്‍ ക്യാമറ കൈകാര്യം ചെയ്യുന്നതിനായി ഏഴംഗ സംഘവും സാങ്കേതികസഹായത്തിനായി അഞ്ചംഗ സംഘവും. ഹൈസ്‌കൂളിലെ അധ്യാപകരായ സനിത്തും വിജയനുമാണ് കുട്ടികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും പിന്തുണയും നല്‍കുന്നത്. സനിത്താണ് ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതും.

വിദ്യാര്‍ഥികള്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ താന്‍ തൃപ്തനാണെന്ന് അധ്യാപകനായ ലിറ്റില്‍ കൈറ്റ്‌സിന്റെ ചുമതലയുള്ള അധ്യാപകന്‍ സനിത് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സ്വന്തം താല്‍പര്യത്തില്‍ വന്നതിനാല്‍ പ്രവര്‍ത്തനത്തില്‍ മുഷിച്ചിലോ അലസതയോ തോന്നാറില്ലെന്നും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ പറയുന്നു.

പകര്‍ത്തിയെടുത്ത ഫോട്ടോയും വീഡിയോയുമെല്ലാം സ്‌കൂള്‍ വിക്കിയിലേക്ക് അപ്ലോഡ് ചെയ്യാനാണ് പദ്ധതി. സ്‌കൂളുകള്‍ ആവശ്യപ്പെട്ടാല്‍ നല്‍കും.