സഹപാഠികൾ കലോത്സവം ആസ്വദിക്കുമ്പോൾ കാവലായി അവർ; കൊയിലാണ്ടി ഉപജില്ലാ കലാമേളയിൽ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ‘കുട്ടിപ്പൊലീസുകാരു’ടെ വിലമതിക്കാനാകാത്ത സേവനം


കൊയിലാണ്ടി: ഉപജില്ലാ കലോത്സവം ആവേശകരമായി തുടരുമ്പോൾ ശ്രദ്ധേയമായി എസ്.പി.സി അംഗങ്ങളായ ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാർഥികൾ. മറ്റു വിദ്യാര്‍ഥികള്‍ കലാമാമാങ്കത്തിന്റെ ആവേശക്കാഴ്ചകൾ ആസ്വദിക്കുമ്പോഴും തങ്ങളുടെ ദൗത്യം മറക്കാതെ ആത്മാർത്ഥമായി ജോലി നോക്കുകയാണ് എസ്.പി.സി. കേഡറ്റുകള്‍.

രാവിലെ 8.30ന് തുടങ്ങുന്ന ഡ്യൂട്ടി വൈകീട്ട് ആറുമണിക്കാണ് അവസാനിക്കുക. രാത്രി സമയത്തും ഡ്യൂട്ടി തുടരുന്ന വിദ്യാർത്ഥികളും കൂട്ടത്തിലുണ്ട്. വെൽഫെയർ, ഗതാഗതം, സ്റ്റേജ്, ഭക്ഷണം എന്നിങ്ങനെ നാലാക്കി തിരിച്ചാണ് വിദ്യാർത്ഥികൾക്ക് ചുമതലകൾ നൽകിയിരിക്കുന്നത്.

ഗതാഗതവും ഭക്ഷണവുമാണ് കുട്ടിപ്പൊലീസുകാരുടെ പ്രധാന ചുമതലയിൽ വരുന്ന കാര്യങ്ങൾ. തങ്ങളുടെ ചുമതലകൾ കൂടാതെ മേളയിൽ അപ്പപ്പോൾ വരുന്ന ആവശ്യങ്ങളിൽ സഹായിക്കാനും ഇവർ ഓടിയെത്തും.

കുട്ടികളാണെന്ന പരിഗണന പോലും പലരും തങ്ങള്‍ക്ക് തരാറില്ലെന്നും സ്കൂളിന് പുറത്ത് റോഡിൽ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ ചിലര്‍ പരുഷമായി സംസാരിച്ചത് തങ്ങളെ വേദനിപ്പിച്ചെന്നും ഡ്യൂട്ടി ഉണ്ടായിരുന്ന എ.സ്.പി.സി. അംഗങ്ങളിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.

നാൽപ്പത് കുട്ടികളാണ് ചൊവ്വാഴ്ച വളണ്ടിയർമാരായുള്ളത്. സ്കൂളിൽ എ.സ്.പി.സി ചുമതല ഉള്ള അധ്യാപികരായ രജിതയുടെയും നസീറിന്റെയും നേതൃത്വത്തിലാണ് എസ്.പി.സിയുടെ സേവനം.  എസ്. പി. സി അംഗങ്ങൾ ചുമതലകൾ നന്നായി തന്നെ നിർവഹിക്കുന്നുണ്ട് എന്നാണ് അധ്യാപകർ പറയുന്നത്.