ചെണ്ട കൊട്ടിയില്ല, പടക്കം പൊട്ടിച്ചിട്ടില്ല, നന്മയുടെ ‘തണലി’ൽ കുട്ടികൾക്കൊപ്പം സ്നേഹം പങ്കിട്ടു, നൃത്തം ചെയ്തു, ആഹാരം കഴിച്ചു; ഇത് ചേലിയ ഇലാഹിയ കോളേജിലെ എം.എസ്.എഫ് വിദ്യാർത്ഥികളുടെ നന്മയുള്ള വിക്ടറി ദിനാഘോഷം


ചേലിയ: ‘ആഘോഷങ്ങൾ നൈമിഷികമാവാതെ എന്നെന്നും നിലനിൽക്കുന്ന സന്തോഷമായാലോ’, ചേലിയ ഇലാഹിയയിലെ വിദ്യാർത്ഥികൾ ആലോചിച്ചപ്പോൾ അവരുടെ മുന്നിൽ തെളിഞ്ഞു വന്നത് തണലിലെ പുഞ്ചരിക്കുന്ന മുഖങ്ങൾ ആയിരുന്നു. പിന്നീട് വേറൊന്നും തീരുമാനിക്കാനില്ലായിരുന്നു, എം.എസ.എഫ് വിക്ടറി ഡേ തണലിലെ കുട്ടികളോടൊപ്പം ആഘോഷിച്ച് ചേലിയ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികൾ.

‘പതിവ് രീതികളായ ചെണ്ട കൊട്ടിയുള്ള ഗംഭീര ആഘോഷങ്ങളും, പടക്കം പൊട്ടിക്കലും ഒന്നും ഇത്തവണ വേണ്ട എന്ന് ഞങ്ങൾ വിചാരിച്ചു. മറ്റുള്ളവർക്കും സഹായമാകുന്ന എന്തെങ്കിലും നന്മയുള്ള കാര്യങ്ങൾ ചെയ്താലോ എന്ന ചിന്തയിൽ നിന്നാണ് ഞങ്ങൾ തണൽ തിരഞ്ഞെടുത്തത്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറുകയായിരുന്നു’ വിദ്യാർത്ഥികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പ്രതികരിച്ചു.

നൃത്തം ചെയ്തും പാട്ടു പാടിയും തണലിലെ കുട്ടികളും സന്തോഷം പങ്കിട്ടു. ഇവർക്കായി വിഭവസമൃദ്ധമായ ആഹാരവും ഒരുക്കിയിരുന്നു. ഇലാഹിയയിലെ വിദ്യാർത്ഥികളുടെ സ്പോർട്സ് ഡേയും ആഘോഷമാക്കിയാണ് വിദ്യാർത്ഥികൾ അവിടെ നിന്ന് പിരിഞ്ഞത്, ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മകളുമായി…