പന്ത്രണ്ട് വേദികൾ, മൂവായിരത്തിലധികം മത്സരാർത്ഥികൾ, ഒഴുകിയെത്തിയ പതിനായിരങ്ങൾ; നാല് ദിവസം നീണ്ട കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീഴുമ്പോൾ മികവാർന്ന പ്രവർത്തനത്തിന് കയ്യടി നേടി പ്രോഗ്രാം കമ്മിറ്റി


കൊയിലാണ്ടി: നാലു ദിവസത്തെ ഉപജില്ലാ കലോത്സം അവസാനിക്കുമ്പോള്‍ പ്രോഗ്രാം കമ്മിറ്റിയുടെ മികവിന് കൂടി ‘എ ഗ്രേഡ്’ കിട്ടുകയാണ്. കാര്യക്ഷമമായ പ്രവര്‍ത്തനവും ആസൂത്രണവുമാണ് പ്രോഗ്രാം കമ്മിറ്റി കാഴ്ചവച്ചിരിക്കുന്നത്.

കലാമേളയുടെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയാണ് പ്രോഗ്രാം കമ്മിറ്റി. പ്രോഗ്രാം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് ചെയ്യാനുള്ള ഐ.ടി. വിംഗ്, സ്‌റ്റേജ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന സ്‌റ്റേജ് വിംഗ് തുടങ്ങി നാലോലളം വിഭാഗങ്ങളായാണ് പ്രോഗ്രാം കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്.

കലോത്സവം നാലു ദിവസമാണെങ്കിലും പ്രോഗ്രാം കമ്മിറ്റി ദിവസങ്ങള്‍ക്ക് മുന്നേ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. കലാമേളയുടെ പ്രോഗ്രാം ചാര്‍ട്ട് ചെയ്തതിലും യഥാസമയം സമയബന്ധിതമായി നടത്തി റിസള്‍ട്ട് നല്‍കിയതിലും പ്രോഗ്രാം കമ്മിറ്റിയുടെ മികവ് തെളിഞ്ഞു കാണാവുന്നതായിരുന്നു.

വിവിധ വിദ്യാലയങ്ങളില്‍ നിന്നായി ഡ്യൂട്ടിക്കെത്തിയ അധ്യാപകരുടേയും ജഡ്ജസ്സിന്റെയും സഹകരണം പ്രോഗ്രാം കമ്മറ്റിയുടെ പ്രവര്‍ത്തനം സുഗമാക്കുകയും ചെയ്തു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ വര്‍ഷം പ്രോഗ്രാം കമ്മിറ്റിയുടേത്. മൂവായിരത്തിലേറെ മത്സരാര്‍ഥികള്‍ 282 ഇനങ്ങളിലായി പങ്കെടുത്ത കലോത്സവത്തിലെ പരിപാടികള്‍ ചാര്‍ട്ട് ചെയ്തതില്‍ നിന്ന് മാറ്റങ്ങളൊന്നും വരുത്താതെ തന്നെ പൂര്‍ത്തികരിക്കാന്‍ പ്രോഗ്രാം കമ്മിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഓരോ ദിവസത്തെയും പരിപാടികള്‍ അതത് ദിവസം തന്നെ അരങ്ങിലെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.

മുന്‍പ് രണ്ടു ദിവസങ്ങളിലായി നടന്നിരുന്ന സ്റ്റേജ് ഇതര മത്സരങ്ങള്‍ ഈ വര്‍ഷം സ്‌കൂള്‍ പ്രവൃത്തി ദിനം കുറയാതിരിക്കാനായി ഒരു ദിവസമായാണ് നടത്തിയത്. ഒറ്റ ദിവസം കൊണ്ട് തന്നെ കാര്യക്ഷമമായി മത്സരങ്ങള്‍ നടത്തി ഫലം പ്രസിദ്ധീകരിക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

തങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും ആസൂത്രണവും കൊണ്ടാണ് ഉപജില്ലാ കലോത്സവം ഇത്ര കാര്യക്ഷമമായി നടത്താനായതെന്ന് പ്രോഗ്രാം കമ്മിറ്റി ചുമതലയുള്ള ബൈജു റാണി കൊയിലാണ്ടിന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. മറ്റു വര്‍ഷങ്ങളെ പോലെ ധാരാളം അപ്പീലുകള്‍ ഈ വര്‍ഷവും വന്നിട്ടുണ്ടെങ്കിലും കലാമേളയുടെ സുഗമമായ നടത്തിപ്പിന്നെ ബാധിക്കാത്ത വിധം അര്‍ഹരായ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തുകൊണ്ടാണ് ഈ കമ്മിറ്റി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സഹകരണവും നല്‍കിയ എച്ച്.എസ്., എച്ച്.എസ്.എസ്, വി.എച്ച്.എസ്.സി, പ്രിന്‍സിപ്പാള്‍മാക്കും എന്‍.എസ്.എസ്., എസ്.പി.സി., എന്‍.സി.സി, ജെ.ആര്‍.സി. യൂണിറ്റ് അംഗങ്ങളോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.

ബിജു കാവില്‍, സബിന സി, കെ.എം.മണി, നിഷാന്ത് കെ.എസ്., കെ.പി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റ് കമ്മറ്റി അംഗങ്ങള്‍