ദേശീയപാതയിൽ നിരന്തരമായി അപകടങ്ങൾ, മരണ സാധ്യത കുറയ്ക്കാനുള്ള മുൻകരുതലുകൾ പഠിച്ച് കൊയിലാണ്ടിയിലെ നാട്ടുകാർ


കൊയിലാണ്ടി: തുടർച്ചയായി അപകടമുണ്ടാകുമ്പോഴും രക്ഷാഹസ്തമായി ആദ്യം ഓടി എത്തുന്നത് നാട്ടുകാരാണ്. തങ്ങളാലാവും വിധം രക്ഷ പ്രവർത്തനം നടത്താനും അധികൃതരെ അറിയിക്കാനും അധുപത്രിയിലെത്തിക്കാനും ഒന്നും മടികൂടാതെ അവർ ഇപ്പോഴും ഉണ്ട്. രക്ഷാപ്രവർത്തനം ശാസ്ത്രീയമായും വേഗത്തിലും നടത്താനായി കൊയിലാണ്ടി ടൗൺ കേന്ദ്രികരിച്ച് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു.

കൊയിലാണ്ടി ടൗണിലെ ഓട്ടോ ഡ്രൈവർമാർ, പോർട്ടർമാർ, വ്യാപാരികൾ സന്നദ്ധ പ്രവർത്തകർഎന്നിവരെ ഉൾപെടുത്തിയാണ് ടീം ഉണ്ടാക്കിയത്. കൊയിലാണ്ടി തഹസിൽദാർ സി പി മണി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി അഗ്നിശമന സേനയുടെ നേതൃത്വത്തിലാണ് ടീം നിർമ്മിച്ചത്.

ദേശീയപാതയിൽ നിരന്തരമായി ഉണ്ടാകുന്ന റോഡ് അപകടങ്ങളെ മുൻനിർത്തി, മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ശാസ്ത്രീയമായും വേഗത്തിലും രക്ഷാപ്രവർത്തനം നടത്തുന്നതിനു വേണ്ടി പ്രാദേശികമായി സന്നദ്ധ പ്രവർത്തനം നടത്തുന്ന ഓട്ടോറിക്ഷ ജീവനക്കാരെയും വ്യാപാരികളെയും പോർട്ടർമാരെയും മറ്റു സന്നദ്ധ പ്രവർത്തകരെയും ഉൾപ്പെടുത്തിയാണ് റോഡ് സുരക്ഷാ ജാഗ്രത ടീമിന് രൂപം നൽകിയത് .

‘അപകട സ്ഥലങ്ങളിൽ ആദ്യം എത്തുന്ന പ്രദേശവാസികളായ ആളുകൾക്ക് ശാസ്ത്രീയമായ പരിശീലനം ലഭിച്ചാൽ, രക്ഷാപ്രവർത്തനം കൂടുതൽ സുഗമമാക്കാനും അപകടം മൂലമുണ്ടാകുന്ന മരണ സാധ്യത കുറയ്ക്കാനും ഇങ്ങനെ സാധിക്കും’ എന്ന് അഗ്നിശമന സേന പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ജീവനക്കാരും സിവിൽ ഡിഫൻസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്നാണ് ജാഗ്രത ടീമുകൾ രൂപീകരിച്ചത്. വരും ദിവസങ്ങളിലും തുടർ പരിശീലനം നൽകി ഇത് ഒരു സ്ഥിരം ടീമാക്കി നിലനിർത്തും.

റോട്ടറി ക്ലബ് പ്രസിഡന്റ്‌ ബിജോയ്‌ ആശംസകൾ നേർന്നു. സ്റ്റേഷൻ ഓഫീസർ സി.പി ആനന്ദൻ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ പ്രമോദ് പരിശീലനം നൽകി. ഗോപാലകൃഷ്ണൻ നന്ദി പറഞ്ഞു. ഷിജു ടി.പി, റഷീദ്, പ്രദീപ് എന്നിവരും മറ്റ് സിവിൽ ഡിഫെൻസ് വളണ്ടിയർമാരും പങ്കെടുത്തു.