സിവിക് ചന്ദ്രനെതിരായ കൊയിലാണ്ടിയിലെ പീഡന കേസ്: പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി


കൊയിലാണ്ടി: സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിലെ യുവതി നല്‍കിയ പീഡന കേസില്‍ പാഠഭേദം നല്‍കിയ ഇന്റേണല്‍ കമ്മിറ്റി റിപ്പോര്‍ട്ട് റദ്ദാക്കി. ലേബര്‍ കമ്മീഷണര്‍ ആണ് റിപ്പോര്‍ട്ട് റദ്ദാക്കിയത്. അതിജീവിത നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഈ ഉത്തരവുണ്ടായത്. ഇനി പരാതിക്കാരിക്ക് ജില്ലയില്‍ കളക്ടറുടെ കീഴിലുള്ള ലോക്കല്‍ കമ്മിറ്റി മുമ്പാകെ പുതിയ പരാതിനല്‍കാം.

ചട്ടവിരുദ്ധമായി രൂപീകരിച്ച കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് ജുഡീഷ്യല്‍ അദികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചത് എന്നായിരുന്നു അതിജീവിതയുടെ വാദം. സിവിക് ചന്ദ്രന് അനുകൂലമായ റിപ്പോര്‍ട്ടാണ് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന തരത്തില്‍ ഉണ്ടാക്കിയതെന്നും അതിജീവിത പറയുന്നു.


Related News: ‘പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല്‍ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ല’; സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടിയിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ മുൻകൂർജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ വിവാദ പരാമർശവുമായി കോഴിക്കോട് കോടതി


ലൈംഗികാതിക്രമ കേസുകളില്‍ 2013 ലെ നിയമപ്രകാരമുള്ള വ്യവസ്ഥകള്‍ അനുസരിച്ചല്ല ഇന്റേണല്‍ കമ്മിറ്റി രൂപീകരിച്ചതെന്നും അതിജീവിത പരാതിയില്‍ ആരോപിക്കുന്നു. ഈ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം കുറഞ്ഞത് നാല് അംഗങ്ങള്‍ കമ്മിറ്റിയിലുണ്ടാകണം. പുറത്ത് നിന്നുള്ള ഒരംഗവും പ്രിസൈഡിങ് ഓഫീസറും വേണമെന്നും വ്യവസ്ഥയുണ്ട്.

തൊഴിലുടമയുടെപേരിലാണ് പരാതിയെങ്കില്‍ കളക്ടര്‍ അധ്യക്ഷതവഹിക്കുന്ന ലോക്കല്‍ കമ്മിറ്റിയാണ് കേസുകള്‍ പരിഗണിക്കേണ്ടതെന്നും വ്യവസ്ഥയുണ്ട്. സിവിക് ചന്ദ്രന് ജാമ്യം നല്‍കുമ്പോള്‍ ഈ റിപ്പോര്‍ട്ട് ഒരു രേഖയായി കോഴിക്കോട് സെഷന്‍സ് കോടതി പരിഗണിച്ചിരുന്നു എന്നതുകൊണ്ടാണ് അതിജീവിത അപ്പീലിന് പോയതെന്ന് അവരുടെ അഭിഭാഷക പി.എ.അഭിജ പറഞ്ഞു.


Also Read: സാഹിത്യകാരൻ സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികാതിക്രമണ പരാതി; കേസെടുത്ത് അന്വേഷണമാരംഭിച്ച് കൊയിലാണ്ടി പോലീസ്


ഡോ. ഖദീജാ മുംതാസ്, മൃദുലാദേവി, പി.ഇ.ഉഷ എന്നിവരാണ് പാഠഭേദത്തിനുവേണ്ടി ഐ.സി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാഠഭേദം ഒരു സ്ഥാപനമല്ലെന്നും അതുകൊണ്ട് പോഷ് ആക്ട് പ്രകാരമുള്ള നടപടികളുടെ പരിധിയില്‍വരില്ലെന്നും സിവിക് ചന്ദ്രന്‍ വാദിച്ചിരുന്നു. 2013-ലെ നിയമത്തിന്റെ നിര്‍വചനത്തില്‍ പാഠഭേദം നൈതികവേദി വരില്ലെന്ന വാദവും ലേബര്‍ കമ്മിഷണര്‍ തള്ളി. കോടതിമുമ്പാകെ പരിഗണനയിലുള്ള കേസായതിനാല്‍ അപ്പില്‍ തള്ളിക്കളയണമെന്നും സിവിക്ചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അതിജീവിതയ്‌ക്കൊപ്പമുള്ള എക്യദാര്‍ഢ്യസമിതി സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.