വിമാനത്തില്‍ 3000 മീറ്റര്‍ ഉയരെ നിന്ന് എടുത്ത് ചാടുന്ന തിക്കോടിക്കാരന്‍; സാധാരണത്വത്തോട് സലാം പറഞ്ഞ അബ്ദുസലാമിന്‍റെ സാഹസിക വിനോദങ്ങള്‍
മൂവായിരം മീറ്ററിലും ഉയരത്തില്‍ ചീറിപ്പറക്കുന്ന വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് നോക്കി നില്‍ക്കുകയാണ് ഒരു തിക്കോടിക്കാരന്‍. ഒന്നുകൂടി ശ്വാസമെടുത്ത് അടുത്ത ഏത് സെക്കന്‍റിലും അദ്ദേഹം താഴേക്ക് ചാടാം. സത്യത്തില്‍ ചാടുകയല്ല, ‘ഇതാ സര്‍വ ഭാരങ്ങളും വെടിഞ്ഞ് ഞാന്‍’ എന്ന് പോലെ ഗുരുത്വാകര്‍ഷത്തിന് വഴങ്ങിക്കൊടുക്കുന്നത് പോലെയാണ് ആ കാഴ്ച.
താഴെ, മേഘങ്ങള്‍ക്കും താഴെയാണ് ഭൂമി. ഓരോ സെക്കന്‍റിലും വര്‍ദ്ധിച്ച് വര്‍ദ്ധിക്കുന്ന വേഗതയില്‍ താഴേക്ക്… സാഹസികര്‍ക്ക് മാത്രം കേള്‍ക്കാനാവുന്ന കാറ്റിന്‍റെ ഗര്‍ജനം. അല്‍പസമയം ആകാശത്തിന്‍റെ അനന്ത സ്വാതന്ത്ര്യത്തില്‍ ഒഴുകിയതിന് ശേഷം പാരച്യൂട്ട് വിടരും. സാവധാനം ശ്രദ്ധാപൂര്‍വം താഴെ ലാന്‍ഡ് ചെയ്യും. ഇത് തിക്കോടിക്കാരന്‍ അബ്ദുസലാമിന്‍റെ അതി സാഹസികമായ ജീവിതത്തിന്‍റെ ഏതാനും മിനിറ്റുകള്‍ മാത്രമേ ആവുന്നുള്ളൂ…
സിനിമ നടന്‍ ടൊവീനോ തോമസ് മുതല്‍ കൊയിലാണ്ടിയുടെ സ്വന്തം താരം ദില്‍ഷ വരെ സ്കൈ ഡൈവ് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു പരിശീലകന്‍റെ കൂടെയാണ് മിക്ക സ്കൈ ഡൈവിങ്ങും നടക്കുക. എന്നാല്‍ കുന്നുമ്മല്‍ അബ്ദു സലാം സ്കൈ ഡൈവ് ചെയ്യുന്നത് ഒറ്റയ്ക്കാണ്. സ്കൈ ഡൈവിംഗില്‍ അമേരിക്കയില്‍ പ്രത്യേകം പരിശീലനം നേടി ലൈസന്‍സും കരസ്ഥമാക്കിയിട്ടുണ്ട് സലാം.
ഫ്ലൈ ബോർഡിംഗ്, സ്നോ ബോർഡിംഗ് ,വെയിക്ക് ബോർഡിംഗ് തുടങ്ങിയ സാഹസിക സ്പോര്‍ട്സിലും താരമാണ് സലാം. അമേരിക്ക, അബൂദാബി, നോർവെ തുടങ്ങി വിവിധ രാജ്യങ്ങളിലായരുന്നു അബ്ദുസലാമിന്‍റെ സാഹസിക പരീക്ഷണങ്ങള്‍. ചെറു പ്രായത്തിലെ പ്രകൃതിയെ സ്നേഹിക്കുന്ന സലാം പ്രകൃതിയെ കുറിച്ച് കൂടുതൽ അറിയാനും ആസ്വാദിക്കാനും വേണ്ടിയാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾ ചെയ്യുന്നത്.
നോർവയിലെ ഗെയ് ലോ എന്ന സ്ഥലത്തെ വലിയ ഉയരത്തിലുള്ള മഞ്ഞു മലയില്‍ നിന്ന് സ്നോ ബോര്‍ഡ് പ്രകടനം നടത്തുന്ന സലാമിന്‍റെ വീഡിയോ ട്രെന്‍ഡിംഗ് ആയിരുന്നു.
യു.കെയില്‍ ഐ.ടിമേഖലയില്‍ ജോലി ചെയ്യുകയാണ് സലാം. ജോലിത്തിരക്കിനിടയിലും ആഴ്ചയിൽ രണ്ട് ദിവസം ഇത്തരം സാഹസികതകൾക്ക് വേണ്ടി മാറ്റി വെക്കുമെന്ന് അദ്ദേഹം പറയുന്നു.
വർഷത്തിൽ നാട്ടിൽ വരുമ്പോൾ തിക്കോടി ബീച്ചിലാണ് ഇദ്ദേഹം കൂടുതൽ സമയം ചിലവഴിക്കാറ്. കടലിലെ മത്സ്യങ്ങളെപറ്റി അറിയാനും പ്രകൃതി ഭംഗി ആസ്വാദിക്കാനുള്ള യാത്രകളുമുണ്ടാവും. തിക്കോടിയിലെ പൗര പ്രമുഖനായിരുന്ന കുന്നുമ്മൽ ഉമ്മർകുട്ടി ഹാജിയുടെയും കുഞ്ഞാമിനയുടെയും മകനാണ്. ജെബിയാണ് ഭാര്യ. ഹനിൻ,സയാൻ മക്കളാണ്.