അധിക വൈദ്യുതി ഉപയോഗം; മാര്‍ച്ച് 31 നകം അറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്


കോഴിക്കോട്: അധിക വൈദ്യുതി ഉപയോഗിക്കുന്നവര്‍ വിവരമറിയിച്ചില്ലേല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ്. 31 നകം അളവില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് അത് സ്വയം വെളിപ്പെടുത്താന്‍ സമയം നല്‍കിയിട്ടുണ്ട്.

31 നകം വിവരങ്ങള്‍ കൃത്യമായി നല്‍കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും 31 ന് ശേഷം പരിശോധന ശക്തമാക്കുകയും ഇതില്‍ വിവരങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെ കനത്ത പിഴ ഈടാക്കുമെന്നും കെ.എസ്.ഇ.ബി മുന്നറിയിപ്പ് നല്‍കുന്നു.

അനുമതി ഇല്ലാതെ അധികലോഡ് ഘടിപ്പിക്കുന്നതിലുടെ കെ.എസ്.ഇ.ബിക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താനാവാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് അധികലോഡ് എടുക്കുന്നവര്‍ സ്വയം ക്രമപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് ഫീസ് ഇളവോടെ അവസരമൊരുക്കുന്നത്.

സെക്ഷന്‍ ഓഫീസുകളില്‍ പ്രത്യേക അപേക്ഷാഫോറം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തണം. ഇതനുസരിച്ച് ഗാര്‍ഹിക, വ്യവസായ, വാണിജ്യമേഖല കളിലെലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് വലിയ ഇളവ് നല്‍കും.

പുതിയ വീട്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കണക്ഷന്‍ എടുക്കുമ്പോഴും പഴയവീടുകളും വ്യാപാരസ്ഥാപനങ്ങളും പുതുക്കിപ്പണിയുമ്പോഴും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും പുതിയതായി കൂട്ടിച്ചേര്‍ത്തവയുടെ വിവരങ്ങളും ഉ പഭോക്താവിന്റെ കണ്‍സ്യൂമര്‍ നമ്പറില്‍ സെക്ഷന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തണം.

സത്യാവസ്ഥ വെളിപ്പെടുത്തുന്നവരില്‍ നിന്ന് അപേക്ഷാ ഫീസ്, ടെസ്റ്റിംഗ് ഫീസ്, അഡിഷണല്‍ സെക്യൂരിറ്റി ഫീസ് തുടങ്ങിയവ ഈടാക്കില്ല. വിതരണ ശൃംഖലയില്‍ മാറ്റം വരുത്തുന്നതിനുമാത്രം പണം അടച്ചാല്‍ മതി. 31 നുശേഷം അംഗീകൃതവയര്‍മാന്റെ പരിശോധനാ റിപ്പോര്‍ട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300രൂപ എന്ന നിരക്കില്‍ ഫീസും നല്‍കേണ്ടിവരും.