കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ, രോഗികള്‍ക്ക് പരീക്ഷണം! പത്തുമണിക്കൂറോളം രോഗികളെ വാര്‍ഡില്‍ നിന്നും വരാന്തയിലേക്ക് മാറ്റി


കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ പി.ജി വിദ്യാര്‍ഥികളുടെ പരീക്ഷയ്ക്കായി രോഗികളെ പത്തുമണിക്കൂറോളം വരാന്തയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് പത്താംവാര്‍ഡിലെ ഇരുപത്തിയഞ്ചോളം രോഗികളെ വരാന്തയിലേക്ക് മാറ്റിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്നവരും പരസഹായമില്ലാതെ എഴുന്നേല്‍ക്കാന്‍ കഴിയാത്തവരുമടക്കമുള്ള രോഗികളെയാണ് ധൃതിപ്പെട്ട് വരാന്തയിലേക്ക് മാറ്റിയത്. എട്ടുമണിക്ക് മുമ്പ് രോഗികളെ മാറ്റണമെന്ന് ഒന്നരമണിക്കൂര്‍ മുമ്പാണ് വാര്‍ഡിലെ നഴ്‌സ് കൂട്ടിരിപ്പുകാരോട് പറയുന്നത്. പരീക്ഷ നടക്കുന്നതിനാല്‍ രോഗികളെ രാവിലെ വാര്‍ഡില്‍ നിന്ന് മാറ്റണമെന്ന കാര്യം രാത്രി പത്തുമണിക്കാണ് തന്നെ അറിയിച്ചതെന്നാണ് സ്റ്റാഫ് നഴ്‌സ് പറഞ്ഞത്.

വാര്‍ഡില്‍ രണ്ട് ട്രോളികള്‍ മാത്രമാണ് ആകെയുണ്ടായിരുന്നത്. ചില രോഗികളെ കട്ടില്‍ സഹിതം വരാന്തയിലേക്ക് കൊണ്ടുപോകുകയാണുണ്ടായത്. കൂട്ടിരിപ്പുകാര്‍ പരസ്പരം സഹായിച്ചാണ് രോഗികളെ മാറ്റിയത്.

വൈകുന്നേരം അഞ്ചുമണിക്കാണ് പരീക്ഷ കഴിഞ്ഞത്. അതുവരെ രോഗികള്‍ വരാന്തയില്‍ തന്നെയായിരുന്നു. അതിനുശേഷം ഇവരെ വാര്‍ഡിലേക്കു തന്നെ മാറ്റി. ഈ സമയം ജീവനക്കാരും സഹായത്തിനെത്തി.

മെഡിക്കല്‍ കോളേജില്‍ ഒരു പരീക്ഷാ ഹാള്‍ മാത്രമാണുള്ളതെന്നും പി.ജി വിദ്യാര്‍ഥികളുടെ രണ്ടു പരീക്ഷകള്‍ ഒരുമിച്ചു വന്നതിനാലാണ് രോഗികളെ മാറ്റിയതെന്നുമാണ് അധികൃതരുടെ വിശദീകരണം.