അസൂയ: മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുന്ന രോഗം-02 | റമദാൻ സന്ദേശം 10 – എം.പി.തഖിയുദ്ധീൻ ഹൈതമി


റമദാൻ സന്ദേശം – എം.പി.തഖിയുദ്ധീൻ ഹൈതമി

പരന്റെ വളർച്ചയിൽ മാനസികമായ അതൃപ്തി പ്രകടമാകുന്ന അവസ്ഥയാണല്ലോ അസൂയ.മനസ്സിൽ അസൂയ വെച്ചു പുലർത്തുന്ന ഏതൊരാളും ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാ വേണ്ടിവരും.ഒരു വ്യക്തിക്ക് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വർഷിക്കുമ്പോൾ അതിൽ മനപ്രയാസം അനുഭവിക്കുന്ന വ്യക്തി ഇഹലോകത്ത് വെച്ച് മാനസികമായ വേദന അനുഭവിക്കുന്നതോടൊപ്പം തന്നെ പരലോകത്ത് അല്ലാഹുവിന്റെ അതികഠിനമായ ശിക്ഷ നേരിടേണ്ടി വരും.

ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം തന്റെ സഹോദരന് അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ വന്നുചേരുമ്പോൾ അവൻ സന്തോഷിക്കുകയാണ് ചെയ്യേണ്ടത്.അതേസമയം സന്താപമാണ് അനുഭവപ്പെടുന്നതെങ്കിൽ ആ ദുഃഖത്തിൽ പങ്കുചേരുകയും അത് പരിഹരിക്കാൻ നമ്മളാൽ സാധ്യമാവുന്ന ശ്രമങ്ങൾ നടത്തുകയും വേണം.

ഭൂമിയിൽ വച്ച് നമുക്ക് വന്നുചേരുന്ന എല്ലാ നന്മതിന്മകളും അല്ലാഹുവിൽ നിന്നുമാണ്.അതുകൊണ്ട് തന്നെ അസൂയക്ക് മനസ്സിൽ ഒട്ടും സ്ഥാനമില്ല.സത്യവിശ്വാസികൾക്ക് സുഖസൗകര്യങ്ങൾ കരഗതമാവുന്നത് അമ്പിയാക്കളും സജ്ജനങ്ങളും ഇഷ്ടപ്പെടുന്ന കാര്യമാണ്.എന്നാൽ വിശ്വാസിയായ ഒരു മനുഷ്യന് തിന്മകൾ വന്നു ചേരണമെന്ന് ആഗ്രഹിക്കുന്നത് പിശാചിന്റെ സ്വഭാവമാണ്.അതുകൊണ്ടു തന്നെ പൈശാചിക രോഗമായ അസൂയയിൽ നിന്നും ആത്മീയമായ വഴിയിലൂടെ ഹൃദയത്തെ ചികിത്സിക്കാൻ ഈ വിശുദ്ധ റമദാനിനെ വിശ്വാസികൾ ഉപയോഗപ്പെടുത്തണം.