നവീകരണത്തിനായി 21 കോടി രൂപ, കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കും; ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷണല്‍ ഓഫീസ് കൊയിലാണ്ടിയില്‍ നിന്ന് മാറ്റില്ലെന്നും മന്ത്രിയുടെ ഉറപ്പ്


കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബറിനെ മാതൃകാ ഹാര്‍ബറാക്കി മാറ്റുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഹാര്‍ബറിന്റെ നവീകരണത്തിനായി 21 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോള്‍ഡ് സ്‌റ്റോറേജ്, ഇന്റേണല്‍ റോഡ്, വല അറ്റകുറ്റപ്പണി കേന്ദ്രം എന്നിവയുടെ നവീകരണം ഉള്‍പ്പെടെയുള്ള ജോലികളാണ് ഈ തുക ഉപയോഗിച്ച് പൂര്‍ത്തിയാക്കുക.

ഹാര്‍ബര്‍ എഞ്ചിനീയറിങ് സബ് ഡിവിഷണല്‍ ഓഫീസിനെ കുറിച്ചുള്ള ആശങ്കകള്‍ക്കും മന്ത്രി വിരാമമിട്ടു. ഓഫീസ് കൊയിലാണ്ടിയില്‍ നിന്ന് മാറ്റരുതെന്ന ആവശ്യം മന്ത്രി അംഗീകരിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നടന്ന തീരദേശ സദസ്സിന് മുന്നോടിയായി മന്ത്രിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളി പ്രതിനിധികളുടെയും ചര്‍ച്ച നടന്നിരുന്നു.

ഹാര്‍ബറില്‍നിന്ന് കാപ്പാട് ഭാഗത്തേക്കുള്ള തീരദേശ റോഡില്‍ ആദ്യത്തെ രണ്ടു കിലോമീറ്റര്‍ റീടാര്‍ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. അവശേഷിക്കുന്ന ഭാഗത്ത് കടല്‍ഭിത്തി നിര്‍മിച്ച് റോഡ് നവീകരിക്കുന്നതിനായുള്ള പദ്ധതി തയാറാക്കി സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

സി.ആര്‍. സെഡ് പരിധിയില്‍ 50 മീറ്ററിനും100 മീറ്ററിനും ഇടയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളികളുടെ ഭവനനിര്‍മാണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിനായി ഫിഷറീസ് വകുപ്പിന്റെ സ്ഥലം ലഭ്യമാക്കുന്നത് പരിഗണിക്കും.

2022 മാര്‍ച്ച് 31ന് മുന്നേ ലഭിച്ച മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കള്‍ക്കായുള്ള വിവാഹ ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ 14, 15, 17 വാര്‍ഡുകളില്‍ ഡ്രെയ്‌നേജ് നിര്‍മിക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നകാര്യം പരിഗണിക്കണമെന്ന് ജില്ല പഞ്ചായത്തിനോട് മന്ത്രി ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തികവര്‍ഷം ഇത് പരിഗണനയിലെടുക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ഏഴു കുടിക്കല്‍ തോടിലെ മണ്ണ് രണ്ടാഴ്ചക്കകം നീക്കണം. സുനാമി കോളനിയിലെ 25 വീടുകളുടെ നവീകരണത്തിന് ഫണ്ട് അനുവദിക്കും. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.