‘ജീവനക്കാരന്‍ ഭാര്യയെ അധിക്ഷേപിച്ചു സംസാരിച്ചു, ഇതാണ് വാക്കുതര്‍ക്കത്തിന് വഴിവെച്ചത്’; ജോലിക്കിടെ കയ്യേറ്റം ചെയ്തെന്ന് പരാതിപ്പെട്ട കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പൊലീസില്‍ പരാതി നല്‍കി


കൊയിലാണ്ടി: കെ.എസ്.ഇ.ബി ജീവനക്കാരനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്ന പരാതിയില്‍ പ്രതികരണവുമായി കൊയിലാണ്ടിയിലെ പതിനേഴാം വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തുകണ്ടി. തന്റെ വീട്ടിലെത്തി ഭാര്യയെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് ജീവനക്കാരനുമായി വാക്കേറ്റമുണ്ടായതെന്നാണ് രജീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഭാര്യയെ അധിക്ഷേപിച്ചെന്നും ജാതീപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും ആരോപിച്ച് കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ രജീഷ് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് കറണ്ട് ബില്ല് അടച്ചിട്ടില്ലാത്തതിനാല്‍ വൈദ്യുതി കട്ട് ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞ് ഷാജിയെന്ന ജീവനക്കാരന്‍ വീട്ടിലെത്തിയത്. വീട്ടിലുണ്ടായിരുന്ന തന്റെ ഭാര്യയും മകനും കറന്റ് ബില്ല് രാവിലെ ഒമ്പതുമണിക്ക് തന്നെ അടച്ചതാണെന്നും ഓണ്‍ലൈന്‍ സേവനകേന്ദ്രം വഴിയാണ് അടച്ചതെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ ജീവനക്കാരന്‍ മടങ്ങിപ്പോകാന്‍ തയ്യാറായില്ല. വൈദ്യുതി ബില്ല് ഇതുവരെ അടിച്ചിട്ടില്ലെന്നും കറന്റ് ബില്ല് അടക്കാതെ ഉഡായിപ്പ് കളിക്കുകയാണെന്നും പറഞ്ഞ് ഭാര്യയോടും മകനോടും മോശമായി പെരുമാറുകയാണുണ്ടായതെന്നാണ് രജീഷ് പരാതിയില്‍ പറയുന്നത്.

ശബ്ദം കേട്ട് പരിസരവാസികള്‍ അടുത്തുകൂടിയതോടെ ഭാര്യ തന്നെ വിളിച്ച് കരഞ്ഞുകൊണ്ട് കാര്യം പറയുകയും പതിനഞ്ച് മിനിറ്റിനകം താന്‍ വീട്ടിലെത്തുകയും ചെയ്തു. ബില്ലടച്ച കാര്യം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരന്‍ അത് ചെവിക്കൊള്ളാതെ വീട്ടില്‍ കറണ്ടുണ്ടോയെന്ന് നോക്കട്ടെയെന്നു പറഞ്ഞ് വീട്ടിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയാണുണ്ടായതെന്നും രജീഷ് ആരോപിക്കുന്നു.

മീറ്റര്‍ പുറത്താണെന്നു പറഞ്ഞപ്പോള്‍ ജാതീയമായി അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചു. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജീവനക്കാരന്‍ കൂട്ടാക്കിയില്ലെന്നും ചുറ്റും കൂടിയ അയല്‍വാസികളില്‍ നിന്നും പ്രതിഷേധമുണ്ടായപ്പോഴാണ് ഇറങ്ങിപ്പോയതെന്നും രജീഷ് പറയുന്നു.

പൊലീസിനെ വിളിക്കണമെന്നും ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് സംശയമുണ്ടെന്നും താന്‍ സുഹൃത്തിനോട് പറയുന്നത് കേട്ടപ്പോള്‍ ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടെന്നും പരാതിയില്‍ ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രജീഷിനെതിരെ കെ.എസ്.ഇ.ബി പരാതി നല്‍കിയിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തെന്നുമാണ് കെ.എസ്.ഇ.ബി നല്‍കിയ പരാതിയില്‍ പറയുന്നത്.