‘ഇന്നത്തെ എതിരാളികള്‍ ശക്തരാണെങ്കിലും ഞങ്ങള്‍ തന്നെ കളി ജയിക്കും’; അര്‍ജന്റീന ആരാധകന്‍ കൊല്ലം ഷാഫി ലോകകപ്പ് ക്വാര്‍ട്ടര്‍ മത്സരത്തിന് മുന്നോടിയായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്, ഒപ്പം അര്‍ജന്റീന എത്ര ഗോളടിക്കുമെന്ന പ്രവചനവും


കൊയിലാണ്ടി: ലോകമെമ്പാടുമുള്ള അര്‍ജന്റീനയുടെ ആരാധകര്‍ ഖത്തറിലേക്ക് ഉറ്റുനോക്കുന്ന രാവാണ് ഇന്ന്. നെതര്‍ലാന്റ്‌സിനെ അട്ടിമറിച്ച് തങ്ങളുടെ പ്രിയ ടീം ഖത്തര്‍ ലോകകപ്പിന്റെ സെമിയിലെത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ് അവര്‍. അര്‍ജന്റീനയുടെ കടുത്ത ആരാധകനും കൊയിലാണ്ടിയുടെ പ്രിയ പാട്ടുകാരനുമായ കൊല്ലം ഷാഫിക്കും വലിയ പ്രതീക്ഷയാണ് ഉള്ളത്.

ഇന്ന് രാത്രി പന്ത്രണ്ടരയ്ക്ക് ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് അര്‍ജന്റീനയും നെതര്‍ലാന്റ്‌സും തമ്മിലുള്ള തീ പാറുന്ന പോരാട്ടം നടക്കുക. മത്സരത്തിന് മുന്നോടിയായി തന്റെ പ്രിയ ടീമിനെ കുറിച്ചുള്ള പ്രതീക്ഷ വായനക്കാരുമായി കൊയിലാണ്ടി ന്യൂസ് ഡോട് കോമിലൂടെ പങ്കുവയ്ക്കുകയാണ് കൊല്ലം ഷാഫി.

ഷാഫിയുടെ വാക്കുകളിലൂടെ…

ഇന്നത്തെ മത്സരത്തെ കുറിച്ച്

ഇന്ന് നടക്കുന്ന മത്സരത്തില്‍ ശക്തരായ ടീമിനെ തന്നെയാണ് അര്‍ജന്റീന നേരിടാന്‍ പോകുന്നത്. എന്നാല്‍ ഇപ്പോള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന അര്‍ജന്റീന ടീമില്‍ ഞാനടക്കമുള്ള എല്ലാ ആരാധകര്‍ക്കും വലിയ പ്രതീക്ഷയുണ്ട്. മറ്റ് ടീമുകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് പോലും അര്‍ജന്റീനയുടെ മേല്‍ അങ്ങനൊരു വിശ്വാസം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം മികച്ച ഫോമിലുള്ള മെസിയടക്കമുള്ള താരങ്ങള്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ സൗന്ദര്യം ഒട്ടും ചോരാതെ ഒത്തൊരുമയോടെയാണ് കളിക്കുന്നത്. കോച്ചിന്റെ പുതിയ തന്ത്രങ്ങള്‍ കൃത്യമായി കളിക്കളത്തില്‍ കൊണ്ടുവന്ന് ഫലിപ്പിക്കുന്നത് കഴിഞ്ഞ കളികളിലെല്ലാം നമ്മള്‍ കണ്ടതാണ്. എന്റെ കണക്ക് കൂട്ടലില്‍ ഇന്ന് അര്‍ജന്റീന മൂന്ന് ഗോളടിക്കും. ഓപ്പോസിറ്റ് ടീം ഒരു ഗോളും.

ഇത്തവണ ആര് കപ്പടിക്കും?

അര്‍ജന്റീനയുടെ ആരാധകന്‍ എന്ന് നിലയില്‍ ഇത്തവണത്തെ കപ്പ് മെസി ഉയര്‍ത്തും എന്ന് തന്നെയാണ് പ്രതീക്ഷ. ഇന്നത്തെ കളി ജയിച്ച് കഴിഞ്ഞാല്‍ പിന്നെ മുന്നിലുള്ള കടമ്പ ഫ്രാന്‍സാണ്. ഇതുവരെയുള്ള കളികള്‍ നോക്കുമ്പൊ ബ്രസീലിനെയൊക്കെ തോല്‍പ്പിക്കാന്‍ പറ്റുന്ന മികച്ച ടീമാണ് അര്‍ജന്റീനയുടെത്. ഫൈനലിലെത്തിയാല്‍ കപ്പ് ഇത്തവണ അര്‍ജന്റീനയ്ക്ക് തന്നെയെന്ന കാര്യത്തില്‍ സംശയമില്ല.

മെസി കഴിഞ്ഞാല്‍ ഇഷ്ടപ്പെട്ട താരങ്ങള്‍

എല്ലാവരെയും പോലെ മെസി തന്നെയാണ് ഏറ്റവും ഇഷ്ടപ്പെട്ട താരം. മെസി കഴിഞ്ഞാല്‍ ഡീ മരിയയെയും ഡീ പോളിനെയുമാണ് ഇഷ്ടം. രണ്ട് പേരും കരുത്തരായ താരങ്ങളാണ്. പിന്നെ റിസര്‍വ്വിലുള്ളവരടക്കം മൊത്തം ടീമിനെ ഇഷ്ടമാണ്. എല്ലാവരും നല്ല പ്ലയേഴ്‌സാണ്. ലയണല്‍ മെസി നേതൃത്വം നല്‍കുന്നതാണ് ടീമിന്റെ കരുത്ത്. മെസി മാറി നില്‍ക്കുമ്പോള്‍ കളിമികവ് ഉണ്ടാകുമെങ്കിലും അവിടെ ഒരു നേതൃത്വത്തിന്റെ കുറവുണ്ടാകും. മെസിയുടെ നേതൃത്വത്തില്‍ ബാക്കി കളിക്കാര്‍ കൂടുതല്‍ ശക്തരാകും.

കൊല്ലം ഷാഫി