കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; കൊടിയേറ്റ ദിവസമായ ഇന്നത്തെ പരിപാടികള്‍ വിശദമായി അറിയാം (24/03/2023)


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ താഴെ അറിയാം.

ഇന്ന് പുലര്‍ച്ച നാലരയ്ക്ക് പള്ളിയുണര്‍ത്തല്‍ നടന്നിരുന്നു. തുടര്‍ന്ന് രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങും പുണ്യാഹവും നടന്നു. ഏഴ് മണിയോടെയാണ് ഉത്സവത്തിന് കൊടിയേറിയത്. 45 കോല്‍ നീളമുള്ള മുളയിലാണ് കൊടിയേറിയത്. ഭക്തര്‍ നേര്‍ച്ച പ്രകാരം സമര്‍പ്പിച്ച 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിനായി ഉപയോഗിച്ചത്. രാവിലത്തെ പൂജയ്ക്ക് ശേഷം കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു.

കൊടിയേറ്റ ദിവസമായ ഇന്ന് വിവിധ വരവുകള്‍ പിഷാരികാവ് ക്ഷേത്രത്തില്‍ എത്തിച്ചേരും. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നാണ് ആദ്യവരവ് ഉച്ചയ്ക്ക് 12 മണിയോടെ എത്തുക. ശേഷം കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള ഭക്തിസാന്ദ്രമായ വരവുകളും പിഷാരികാവ് ക്ഷേത്ര സന്നിധിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ഉച്ചപൂജ നടക്കുക.

വൈകീട്ട് നടക്കുന്ന കാഴ്ചശീവേലിയുടെ മേളത്തിന് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ദീപാരാധന. വൈകീട്ട് 06:45 മുതല്‍ ഏഴ് മണി വരെ കമലിന്‍ മാക്‌സ്‌വെല്‍ അവതരിപ്പിക്കുന്ന വയലിന്‍ സോളോ. രാത്രി ഏഴ് മണി മുതല്‍ ആകാശത്ത് വിസ്മയം തീര്‍ത്ത് കൊണ്ട് കരിമരുന്ന് പ്രയോഗം അരങ്ങേറും. അതേസമയം തന്നെ കൊല്ലം യേശുദാസ് നയിക്കുന്ന മെലഡി ഗാനങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഗാനമേള ‘സ്മൃതിമധുരം’ നടക്കും.

ഇന്ന് മുതല്‍ വലിയവിളക്ക് ദിവസം വരെ ക്ഷേത്രത്തില്‍ ലളിതാസഹസ്രനാമ പാരായണം, കാഴ്ചശീവേലിക്ക് ശേഷം ഓട്ടന്‍തുള്ളല്‍, ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രകലകളായ ചാക്യാര്‍കൂത്ത്, സോപാനസംഗീതം, തായമ്പക, കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, പാഠകം പറയല്‍, രാവിലെയും വൈകീട്ടും കാഴ്ചശീവേലി എന്നിവ ഉണ്ടായിരിക്കും.