ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സി.പി.എം ഇന്ത്യയിലെ ദുര്‍ബല പാര്‍ട്ടിയാകുമെന്ന് കെ.കെ.രമ; ഷാഫി പറമ്പിലിന്റെ വിജയത്തിനായി അരിക്കുളത്ത് യു.ഡി.എഫിന്റെ ‘പെണ്‍കരുത്ത്’ വനിതാ സംഗമം
അരിക്കുളം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പോടെ ചിഹ്നം നഷ്ടപ്പെട്ട് ഇന്ത്യയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി.പി.എം മാറുമെന്ന് കെ.കെ.രമ എം.എല്‍.എ. അരിക്കുളം പഞ്ചായത്ത് യു.ഡി.എഫ് വനിത വിങ് പഞ്ചായത്ത് മുക്കില്‍ സംഘടിപ്പിച്ച പെണ്‍കരുത്ത് വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു രമ.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയം സുനിശ്ചിമാണെന്നും മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ഇന്ത്യന്‍ പ്രതീകമാണ് ഷാഫിയെന്നും കെ.കെ.രമ പറഞ്ഞു. ഷാഫി പറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായതോടെ വടകരയില്‍ സി.പി.എം കനത്ത പരാജയ ഭീതിയിലാണ്. ബോംബ് നിര്‍മാണവും ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണവുമൊക്കെ ഇതിന്റെ സൂചനയാണെന്നും രമ ആരോപിച്ചു.
ബോംബ് നിര്‍മാണവും പാര്‍ട്ടി ക്രിമിനലിസവും സി.പി.എം എക്കാലത്തും സംരക്ഷിച്ചു വരികയാണ്. കോണ്‍ഗ്രസിന്റെയും ഡി.എം.കെ യുടെയും വോട്ടുകള്‍ വാങ്ങി തമിഴ്‌നാട്ടില്‍ നിന്നും കിട്ടുന്ന രണ്ട് സീറ്റുമായി സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തിരച്ചടിയെ നേരിടേണ്ടി വരുമെന്നും രമ സൂചിപ്പിച്ചു.
മര്‍വ അരിക്കുളം അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹ്ലീന, ഷീബ ചെരണ്ടത്തൂര്‍, നളിനി നെല്ലൂര്‍, പി.എം.രാധ, സീനത്ത് വടക്കയില്‍, ബിനി മീത്തില്‍, ശ്യാമള എടപ്പള്ളി, ബിന്ദു പറമ്പടി, മഹിത ശശി എന്നിവര്‍ സംസാരിച്ചു.